പ്രവാസം കേരളത്തിനുണർവ് പകർന്നു

അബഹ: ‘കേരള നവോത്ഥാനം പ്രവാസികള്‍ പങ്കു ചോദിക്കുന്നു’ എന്ന പ്രമേയത്തിൽ രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍ എസ് സി) ഗള്‍ഫില്‍ നടത്തി വരുന്ന ക്യാമ്പയിന്റെ ഭാഗമായി ഷഫാ അബഹ ഹോട്ടലിൽ നടന്ന അഭിപ്രായ സംഗമം ശ്രദ്ധേയമായി. കേരളത്തിന്റെ വിവിധ മേഖലകളിലെ സമഗ്ര വികസനത്തിൽ പ്രവാസികൾ നിർവഹിച്ച പങ്ക് അനിഷേധ്യമാണ്. കേരളാ നവോത്ഥാനത്തിൽ ഭൂപരിഷ്കരണം വായിക്കപ്പെടുമ്പോഴും അതിന്റെ വികാസം പോലും പ്രവാസത്തെ ആശ്രയിച്ചായിരുന്നു. കേരളത്തിൽ ഉയർന്നു വന്ന വിദ്യാഭ്യാസ, ആരോഗ്യ മേഖലയിലെ സ്ഥാപനങ്ങളുടെ വളർച്ചക്കും പ്രവാസം കാരണമായി. ഇങ്ങനെയൊക്കെയാണെങ്കിലും പ്രവാസികളുടെ ന്യായമായ ആവശ്യത്തെ മുന്‍നിര്‍ത്തിയുള്ള ചർച്ചകൾ ഉത്തരവാദിത്വപ്പെട്ട കേന്ദ്രങ്ങളിൽനിന്നും ശക്തമായി ഉയർന്നു വരേണ്ടതുണ്ട്. ഇപ്പോൾ രൂപപ്പെട്ട് വരുന്ന പ്രവാസത്തിന്റെ ആധിയിൽ പുനരധിവാസവും ചർച്ചയിൽ വിഷയീഭവിച്ചു.
എങ്ങുമെത്താതെ പോവുന്ന പ്രവാസിവോട്ട് ഇനിയും പരിഹരിക്കപ്പെടാത്തതിൽ ആശങ്കകളുയർന്നു. അബഹ ആരോഗ്യ, വിദ്യാഭ്യാസ രംഗത്തെ പ്രൊഫഷനലുകൾ പങ്കെടുത്ത സംഗമം സാജിദ് സഖാഫിയുടെ അധ്യക്ഷതയില്‍ കിംഗ് ഖാലിദ് യൂനിവേഴ്സിറ്റി പ്രൊഫസർ ശാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. RSC നാഷനൽ സ്റ്റുഡന്റസ് കൺവീനർ ആഷിഖ് സഖാഫി ആമുഖ പ്രഭാഷണം നടത്തി. Dr.ലുഖ്മാൻ, Dr.നസീം, Dr.അഭിലാഷ്, എൻജിനീയർ തബസുൽ, പ്രൊഫസർ ജാബിർ, സിദ്ധീഖ് സർ (അൽജനുബ് പ്രിൻസിപ്പൽ) എന്നിവര്‍ ചർച്ചയിൽ പങ്കെടുത്തു. നാഷനൽ വിസ്‌ഡം കൺവീനർ Dr. മുഹ്‌സിൻ ചർച്ച നിയന്ത്രിച്ചു. നിയാസ് സ്വാഗതവും ഹകീം അശ്‌റഫി നന്ദിയും പറഞ്ഞു.

Leave a Reply