വിദ്യാഭ്യാസ നയം 2020 ആശങ്കകൾ അകറ്റണം :സൗദി വെസ്റ്റ് കലാലയം സാംസ്‌കാരിക വേദി

ജിദ്ദ: വിദ്യഭ്യാസ നയം 2020 പ്രതീക്ഷയും പ്രതിസന്ധിയും എന്ന വിഷയത്തിൽ സൗദി വെസ്റ്റ് കലാലയം സാംസ്‌കാരിക വേദി സംഘടിപ്പിച്ച ആറാമത് കലാശാല ശ്രദ്ധേയമായി. കിംഗ് കാലിദ് യൂണിവേഴ്സിറ്റി പ്രൊഫസർ ഡോ. ഇ അഭിലാഷ് വിഷയം അവതരിപ്പിച്ചു. 34 വർഷത്തിന് ശേഷം ഭാവി പൗരന്മാരെ വാർത്തെടുക്കുന്ന പ്രാഥമിക വിദ്യാഭ്യാസ മേഖലകളിൽ വരുത്തുന്ന സമൂല മാറ്റങ്ങൾ പ്രാദേശികമായ ഘടകങ്ങൾ പരിഗണിച്ച് ഉപവിഷയങ്ങളിൽ സംസ്ഥാനങ്ങൾക്ക് അവകാശം നൽകണമെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. നേരത്തെ തുടങ്ങുന്ന വിദ്യാഭ്യാസ രീതി നല്ലതാണ്. ഉയർന്ന വിദ്യാഭ്യാസ മേഖലകളെ പൂർത്തിയാക്കുന്ന കാലം അടിസ്ഥാനമാക്കി ഡിപ്ലോമ, ഡിഗ്രി സർട്ടിഫിക്കറ്റ് നൽകുന്നത് വിദ്യാർത്ഥികളുടെ കൊഴിഞ്ഞു പോക്ക് വർധിപ്പിക്കും. ഗവേഷണ വിഷയങ്ങളിൽ നിയന്ത്രണം ആഗോള വിഷയങ്ങളിലുള്ള സ്വതന്ത്ര പഠനം പരിമിതപ്പെടുത്തും. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പഠന രീതികൾ മുഴുവൻ സംസ്ഥാനങ്ങളുടെയും സൗകര്യങ്ങൾ കൂടെ പരിഗണിച്ചു വേണം നടപ്പിലാക്കാൻ എന്നും കലാശാലയിൽ അഭിപ്രായം ഉയർന്നു വന്നു. ആംഗലേയ ഭാഷയിൽ നിന്ന് പ്രാദേശിക ഭാഷയിലേക്കുള്ള ഉന്നത വിദ്യാഭ്യാസത്തിന്റെ തിരിച്ചു പോക്ക് പരമ്പരാഗത ജാതി സംസ്കാരത്തെ തിരിച്ചു കൊണ്ടുവരുമോ എന്ന് കൂടെ ഭയക്കണം.

സൗദി വെസ്റ്റ് ജനറൽ കൺവീനർ റഷീദ് പന്തലൂർ അധ്യക്ഷതയിൽ നടന്ന സംഗമത്തിൽ മൻസൂർ ചുണ്ടമ്പറ്റ സ്വാഗതവും സാദിഖ് ചാലിയാർ നന്ദിയും പറഞ്ഞു.

Leave a Reply