പ്രാദേശിക ഭാഷകളും പ്രയോഗങ്ങളും സംരക്ഷിക്കപ്പെടണം : മുഹമ്മദ്‌ അലി കിനാലൂർ

അബുദാബി : പ്രാദേശിക ഭാഷകളും ഭാഷാപ്രയോഗങ്ങളും സംരക്ഷിക്കപ്പെടുന്നതിലൂടെ മാത്രമേ പ്രാദേശിക സംസ്കാരം അതിജീവിക്കുകയുള്ളൂവെന്ന് കലാലയം സാംസ്കാരിക വേദി കേരള സ്റ്റേറ്റ് ചെയർമാൻ മുഹമ്മദലി കിനാലൂർ അഭിപ്രായപ്പെട്ടു.അബൂദാബി സിറ്റി സെൻട്രൽ സാഹിത്യോത്സവിന്റെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഭാഷയിലെ വരേണ്യതയും ആഢ്യത്വവും ആഘോഷിക്കപ്പെടുകയും പ്രാദേശിക സംസ്കാരവും അതിന്റെ ഭാഗമായി രൂപപ്പെട്ട ഭാഷകളും അവഗണിക്കപ്പെടുകയും ചെയ്യുന്ന പ്രവണത ശക്തിപ്പെട്ടതോടെയാണ് മുഹ് യിദ്ദീൻ മാല ഉൾപ്പടെ അറബി മലയാളത്തിലെ വിഖ്യാതമായ പല രചനകളും മുഖ്യധാരാ സാഹിത്യ ചർച്ചകളിൽ നിന്ന് അകറ്റിനിർത്തപ്പെട്ടത്. ഭാഷ ആശയ വിനിമയോപാധി മാത്രമല്ല, അധികാര പ്രയോഗം കൂടിയാണ് എന്ന് മനസിലാക്കിയാണ് മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് മദിരാശി നിയമസഭയിൽ മലയാളത്തിൽ സംസാരിക്കാനുള്ള അനുമതി നൽകണമെന്നാവശ്യപ്പെട്ടത്. ഇതേ ജാഗ്രതയാണ് മലബാർ സമരകാലത്ത് ചില മത പണ്ഡിതർ ഇംഗ്ലിഷ് ഭാഷക്കെതിരെ സ്വീകരിച്ച നിലപാടിലും പ്രകടമായത്. സാഹിബിന്റെ നിലപാട് പുരോഗമനമായി അവതരിപ്പിക്കുന്നവർ മറ്റേത് പിന്തിരിപ്പനായി ചിത്രീകരിക്കുന്നത് വിചിത്രമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വർത്തമാന കലാ-സാഹിത്യങ്ങളുടെ മൂല്യങ്ങളെ തിരിച്ചു വിളിച്ച് അബുദാബി ഫോക്‌ലോർ തിയേറ്ററിൽ നടന്ന അബൂദാബി സിറ്റി സെൻട്രൽ സാഹിത്യോത്സവിൽ അഞ്ച് സെക്ടറുകളിൽ നിന്ന് നാന്നൂറിൽ പരം മത്സരാർത്ഥികൾ വിവിധ വിഭാഗങ്ങളിൽ മത്സരിച്ചു. ഖാലിദിയ, അൽ വഹ്ദ, നാദിസിയ സെക്ടറുകൾ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി.

സാഹിത്യോത്സവ് സ്വാഗത സംഘം ചെയർമാൻ ഉസ്മാൻ സഖാഫി തിരുവത്രയുടെ അധ്യക്ഷതയിൽ സാസ്കാരിക സമ്മേളനം എസ്. എസ്. എഫ് അഖിലേന്ത്യാ പ്രഡിഡന്റ് ഡോ. ഷൗക്കത്ത് നഈമി അൽ ബുഖാരി ഉത്ഘാടനം ചെയ്തു. ഡോ. സ്വലാഹുദ്ധീൻ അയ്യൂബി, സഅദ് തങ്ങൾ, ബാവ ഹാജി, മധു പറവൂർ, സഫറുള്ള പാലപ്പെട്ടി, ഹമീദ് പരപ്പ, പി. വി. അബൂബക്കർ മൗലവി, അഹ്‌മദ്‌ ഷെറിൻ, മർസൂഖ് സഅദി പാപ്പിനിശ്ശേരി, റസാഖ് മാറഞ്ചേരി, അബ്ദുൽ ബാരി പട്ടുവം, അബ്ദുറഹ്മാൻ ഹാജി (അബുദാബി സ്റ്റേഷനറി), മുനീർ പാണ്ഡ്യാല, സുബൈർ ബാലുശ്ശേരി, യാസിർ വേങ്ങര, ഇസ്മായിൽ വൈലത്തൂർ തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു. പ്രശസ്ത ഗായകരുടെ നേത്യത്വത്തിൽ ഇഷൽ മെഹ്ഫിലും നടന്നു.

 

Leave a Reply