കലാലയം രചനാ മത്സരം ; രഞ്ജിത് വാസുദേവൻ, സഹർ അഹമദ് ജേതാക്കൾ

രഞ്ജിത് വാസുദേവൻ, സഹർ അഹമദ്

 

അബൂദാബി : യു എ ഇ ദേശീയ സാഹിത്യോൽസവിന്‍റെ  ഭാഗമായി കലാലയം സാംസ്കാരിക വേദി പൊതു പങ്കാളിത്തത്തോടെ നടത്തിയ സാഹിത്യ രചനാമൽസരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു. മികച്ച കഥയായി രഞ്ജിത്‌ വാസുദേവൻ എഴുതിയ ‘ആൽമരത്തിലെ കാക്ക’ യും മികച്ച കവിതയായി സഹർ അഹമ്മദ്‌ എഴുതിയ ‘എന്റെ കിതാബിലെ ലോകം’ വുമാണ്‌ തിരഞ്ഞെടുക്കപ്പെട്ടത്‌. സാഹിത്യാഭിരുചിയുള്ളവർക്ക്‌ അവസരങ്ങൾ നൽകി സമൂഹത്തിന്റെ അംഗീകാരം ക്ഷണിക്കുകയും പ്രതിലോമങ്ങൾക്കെതിരെ സർഗരചനകളിലൂടെയുള്ള പ്രതിരോധം ശക്തമാക്കുകയുമാണ്‌ മൽസരം സംഘടിപ്പിച്ചതിന്റെ പിന്നിലെ ലക്ഷ്യമെന്ന് സംഘാടകർ പറഞ്ഞു. ഇമാറാത്തിലെ സാഹിത്യ സാംസ്കാരിക രംഗത്ത്‌ നിറഞ്ഞു നിൽക്കുന്നവരുടേതടക്കം സാധാരണ കിടുംബിനികളുടെ വരെ രചനകൾ മൽസരത്തിനെത്തിയത്‌ ശുഭസൂചകമാണ്‌. അക്ഷരങ്ങളിൽ നിന്ന് കവിയുന്നതാണ്‌ കവിതയെന്നും സമകാലിക മലയാള കവിതാഭാവുകത്വത്തോട്‌ ചേർന്ന് നിന്ന് കൂടുതൽ രചനകൾ നടത്താൻ വിജയികൾക്കാവട്ടെ എന്നും വിധികർത്താക്കളായ സുനിൽ ജി കൃഷ്ണൻ, ഇഖ്‌ബാൽ വെളിയങ്കോട്‌, ലുഖ്മാൻ വിളത്തൂർ എന്നിവർ പറഞ്ഞു. വേറിട്ട പ്രമേയങ്ങളിലൂടെ പുതിയ രചനാസങ്കേതങ്ങളെ പുൽകുമ്പോൾ മാത്രമാണ്‌ കഥ കൂടുതൽ സംവേദനക്ഷമമാകുന്നതെന്നും അംഗങ്ങൾ അഭിപ്രായപ്പെട്ടു.

രഞ്ജിത്‌ വാസുദേവൻ ഗൾഫ് ന്യൂസിൽ എഡിറ്റോറിയൽ ബോർഡിൽ ജോലി ചെയ്യുന്നു. കവിതകൾ,  ആനുകാലികങ്ങളിൽ എഴുതാറുണ്ട്‌. സഹർ അഹ്മദ്‌ സ്വകാര്യ കമ്പനിയിൽ ഉദ്ദ്യോഗസ്ഥനാണ്.

ദുബൈ ഗൾഫ് മോഡൽ സ്‌കൂളിൽ നടക്കുന്ന യു എ ഇ നാഷനൽ സാഹിത്യോൽസവ്‌ വേദിയിൽ വിജയികൾക്കുള്ള പുരസ്കാരങ്ങളും അംഗീകാരപത്രവും സമ്മാനിക്കുമെന്ന് കലാലയം സാംസ്കാരിക വേദി കൺവീനർ അറിയിച്ചു.

Posted Under

Leave a Reply