പ്രകൃതിസംരക്ഷണത്തിന്റെ ആവശ്യകതയറിയിച്ച് കലാലയം പുസ്തക ചർച്ച

ദമ്മാം: മനുഷ്യന്റെ ആവാസവ്യവസ്ഥകളെ തന്നെ തകിടം മറിക്കുന്ന പ്രകൃതി ചൂഷണങ്ങളിൽ നിന്നും സമൂഹത്തെ ബോധവൽക്കരിക്കേണ്ടത് ധാർമ്മികമായ ബാധ്യതയാണെന്ന് ആർ എസ് സി സാംസ്കാരിക വിഭാഗമായ  കലാലയം സാംസ്കാരിക വേദി ദമ്മാമിൽ സംഘടിപ്പിച്ച ‘പ്രകൃതിയുടെ പ്രവാചകൻ’ പുസ്തക ചർച്ച അഭിപ്രായപ്പെട്ടു.  ആർ.എസ്. സി സംഘടിപ്പിക്കുന്ന ബുക് ടെസ്റ്റിന്റെ ഭാഗമായാണ് പുസ്തക ചർച്ച സംഘടിപ്പിച്ചത്. കലാലയം സൗദി നാഷണൽ കൺവീനർ  ലുഖ്മാൻ വിളത്തൂർ ഉദ്ഘാടനം ചെയ്തു.
സ്നേഹത്തെയും പ്രണയത്തെയും പ്രകൃതിയോടൊട്ടി നിന്ന് വർണിച്ച ‘പ്രകൃതി സാഹിത്യങ്ങൾക്ക്  പരിസ്ഥിതി സംരക്ഷണത്തിന് വലിയ  സംഭാവനകൾ നൽകാൻ സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.  വൃത്തിയും ശുദ്ധിയും വിശ്വാസത്തിന്റെ ഭാഗമാക്കിയ പ്രവാചകൻ അവസാന നാളിലെങ്കിൽ പോലും കയ്യിലുള്ള വൃക്ഷത്തെ നടണമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി.
ആഗോള കുത്തക കമ്പനികളും, ഭൂമാഫിയകളും തഴച്ച് വളർന്ന് പ്രകൃതിസമ്പത്തുകൾ ചൂഷണം ചെയ്യുമ്പോൾ ലാഭേഛയില്ലാതെ പ്രതികരിക്കാൻ തയ്യാറാവണമെന്ന് ചർച്ചയിൽ ഇടപെട്ട് സംസാരിച്ച ശിവദാസൻ മാസ്റ്റർ പറഞ്ഞു. ഇത്രയേറെ മലിനീകരിക്കപ്പെട്ടിട്ടില്ലാത്ത അക്കാലത്ത് പ്രകൃതിയെയും പരിസ്ഥിതിയെയും കുറിച്ച് വാചാലനായ മുഹമ്മദ് നബിയുടെ പ്രകൃതി സ്നേഹം തന്നെയാവണം വൈക്കം മുഹമ്മദ് ബശീറിനെ ‘ഭൂമിയുടെ അവകാശികൾ’ എഴുതാൻ പ്രേരിപ്പിച്ചതെന്നും അദ്ദേഹം അനുമാനിച്ചു. ഫാസിസം, സാഡിസം പോലുള്ള ഭീകരതകളെ പ്രതിരോധിക്കാൻ പ്രകൃതിയോടിണങ്ങി ജീവിക്കാൻ മനുഷ്യനെ പര്യാപ്തമാക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മനുഷ്യാവകാശങ്ങൾക്ക് വ്യക്തമായ നയരേഖ പുറത്തിറക്കിയ പ്രവാചകൻ ജന്തുജീവികളുടെയും  സസ്യലതാദികളുടെയും ജീവിതത്തിനും വളർച്ചയ്ക്കും ആവശ്യമായ നിയമനിർമാണവും  പ്രത്യുത പ്രകൃതിയുടെയും പരിസ്ഥിതിയുടെയും സന്തുലിതവും സുഗമവുമായ നിലനില്പിനും പ്രയാണത്തിനും സംവിധാനം ഒരുക്കുകയായിരുന്നു എന്ന് അബ്ദുല്ല വിളവിൽ അഭിപ്രായപ്പെട്ടു.
പുസ്തക ചർച്ച ആർ.എസ് സി ദമ്മാം സോൺ ചെയർമൻ സാദിഖ് സഖാഫി ജഫനി അധ്യക്ഷത വഹിച്ചു.സഫ്വാൻതങ്ങൾ, അബ്ദുറസാഖ് സഖാഫി, അശ്റഫ് ചാപ്പനങ്ങാടി, നൗഫൽ വയനാട്, റഉഫ് പാലേരി, ബശീർ ബുഖാരി, അബ്ദുറഹ്മാൻ പുത്തനത്താണി, അൻവർ ഒളവട്ടൂർ, നിസാർ പൊന്നാനി ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. ഇഖ്ബാൽ വെളിയങ്കോട് ചർച്ച സംഗ്രഹിച്ചു. ലത്തിഫ്  പള്ളത്തടുക്ക സ്വാഗതവും സുൽഫിക്കർ മുഹമ്മദ് നന്ദിയും പറഞ്ഞു

Leave a Reply