ആര്‍ എസ് സി ബുക്ക് ടെസ്റ്റ്; പുസ്തകം പ്രകാശനം ചെയ്തു.

ദമ്മാം: ഗള്‍ഫില്‍ രിസാല സ്റ്റഡി സർക്കിൾ നടത്തുന്ന ബുക്ക് ടെസ്റ്റ്-2018 നുള്ള പുസ്തകത്തിന്റെ ആറാമത്‌ എഡിഷൻ എഴുത്തുകാരനും മാധ്യമ നിരീക്ഷകനുമായ മന്‍സൂര്‍ പള്ളൂര്‍ ദമാമിൽ പ്രകാശനം നിർവഹിച്ചു. സി പി ശഫീഖ് ബുഖാരി രചിച്ച്‌ ഇസ്‌ലാമിക്‌ പബ്ലിഷിംഗ്‌ ബ്യൂറോ (ഐപിബി)  പ്രസിദ്ധീകരിച്ച‌ ‘തിരു നബിയുടെ പലായനം’ ആണ്‌ ഈ കൊല്ലത്തെ വിജ്ഞാന പരീക്ഷക്കുള്ള പുസ്തകം.

പ്രവാചക ജീവിതത്തെ അധികരിച്ച് രിസാല സ്റ്റഡി സര്‍ക്കിള്‍ ഗള്‍ഫിലുടനീളം നടത്തുന്ന പതിനൊന്നാമത് ബുക്ടെസ്റ്റാണിത്. ഇസ്‌ലാമിനെ കുറിച്ച് പഠിക്കുമ്പോൾ അവലംബിക്കുന്നത്‌ പ്രവാചക ചരിത്രങ്ങളാണ്. പ്രവാചക ചരിത്രത്തിലെ സുപ്രധാന അധ്യായമാണ്‌ ഹിജ്റ യാത്രാ. ഈ യാത്രയുടെ സാഹചര്യങ്ങളും, യാത്രയും പ്രതിപാദിക്കുന്നതാണ് തിരു നബിയുടെ പലായനം എന്ന പുസ്തകം.
ജനറല്‍ ,സ്റ്റുഡന്റസ് വിഭാഗങ്ങളിലായി നടത്തുന്ന ബുക്ക് ടെസ്റ്റ് ഇപ്രാവശ്യം മലയാളം, ഇംഗ്ലീഷ് എന്ന രണ്ടു കാറ്റഗറിയില്‍ രണ്ടു പുസ്തകങ്ങളെ അധികരിച്ചാണ് നടക്കുക. മലയാളം വിഭാഗത്തില്‍ പ്രായ വ്യത്യാസമില്ലാതെ ഏതു രാജ്യത്തുള്ളവര്‍ക്കും പങ്കെടുക്കാം. അനസ്‌ ഓംസി രചിച്ച ‘walking with prophet (S) ‘എന്ന പുസ്തകമാണ് വിദ്യാര്‍ത്ഥികള്‍ക്കായി ഇംഗ്ലീഷില്‍ തയ്യാറാക്കിയിട്ടുള്ളത്.

പുസ്തകത്തോടൊപ്പം ലഭിക്കുന്ന ചോദ്യങ്ങള്‍ക്ക് ഡിസംബര്‍ 14 നകം ഓണ്‍ലൈനില്‍ ഉത്തരങ്ങള്‍ രേഖപ്പെടുത്തിയാണ്‌ രെജിസ്‌ട്രേഷൻ നടത്തേണ്ടത്‌. ജനറല്‍ വിഭാഗത്തില്‍ 15 മാര്‍ക്ക് നേടന്നവരും സ്റ്റുഡന്റ്‌സ് വിഭാഗത്തില്‍ 12 മാര്‍ക്ക് നേടുന്നവരും രണ്ടാം ഘട്ട പരീക്ഷക്ക് യോഗ്യരാകും. ഡിസംബര്‍ 21 നാണു രണ്ടാം ഘട്ട പരീക്ഷ. ബുക്ക് ടെസ്റ്റിന് രജിസ്റ്റര്‍ ചെയ്യുന്നതിനും പുസ്തകങ്ങള്‍ നിബന്ധനയോടെ ഓണ്‍ലൈനില്‍ വായിക്കുന്നതിനും www.rsconline.org എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക.

നാഷനല്‍ ബുക്ക് ടെസ്റ്റ് ചീഫ് ഷഫീഖ് ജൗഹരി യുടെ നേതൃത്വത്തിലുള്ള സമിതിയാണ് സൗദി ഈസ്റ്റില്‍ ബുക്ക്‌ടെസ്റ്റ് കോഡിനേഷന്‍ നടത്തുന്നത്. സൗദി (ഈസ്റ്റ്) നാഷനല്‍ തല പ്രകാശന ചടങ്ങില്‍ ഹമീദ് പാപ്പിനിശ്ശേരി, ഷഫീഖ് ജൗഹരി, അഷ്‌റഫ് ചാപ്പനങ്ങാടി ഹസന്‍ സഖാഫി,റഊഫ് പാലേരി,എന്നിവര്‍ സംബന്ധിച്ചു.

Posted Under

Leave a Reply