പ്രവാസത്തെ നട്ടുനനച്ച് ആര്‍ എസ് സി യൂനിറ്റുകള്‍

സാംസ്‌കാരികവും സാമൂഹികവും മതപരവുമായ ശീലങ്ങള്‍ ആര്‍ജ്ജിച്ചെടുക്കാന്‍ അംഗങ്ങളെ ക്രമപ്പെടുത്തുകയാണ് ആര്‍ എസ് സി യുടെ യൂനിറ്റുകള്‍. പ്രവാസിഭൂമികയില്‍ യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും സര്‍വോന്മുകമായ വികസനമാണ് ലക്ഷ്യം.

യൂനിറ്റ് കമ്മിറ്റിയൊരു കുടുംബമാണ്. അല്ല അതിലപ്പുറമെന്തോ ആണ്. പറഞ്ഞാല്‍തീരാത്ത സ്‌നേഹ സാഹോദര്യത്തിന്റെ ആവിഷ്‌കാരമാണ് യൂനിറ്റുകള്‍. ഒരൊറ്റ ലക്ഷ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ഒരുപറ്റം ഉടലുകളും ഒരുമനസ്സുമാണ് യൂനിറ്റ് പ്രവര്‍ത്തകര്‍. ഞങ്ങള്‍ക്കിടയില്‍ രൂഡമൂലമായ ബന്ധം അവിസ്മരണീയമാണ്.

ഞങ്ങള്‍ ഒരേ നാട്ടുകാരല്ല. പ്രവാസത്തേക്ക് ചേക്കേറുന്നതിനു മുമ്പ് തമ്മില്‍ കണ്ടിട്ടുപോലുമില്ല. എന്നിട്ടും എത്രപെട്ടെന്നാണ് ഞങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും തോളില്‍ കയ്യിട്ടുനടന്നത്. വ്യത്യസ്ത മേഖലയില്‍ ജോലി ചെയ്യുന്നവരാണ് ഒരോരുത്തരും. എഞ്ചിനീയര്‍മാരും ഗ്രോസറി ജോലിക്കാരും ഇതില്‍പെടും. ജോലിക്കിടയില്‍പോലും അങ്ങോട്ടുമിങ്ങോട്ടും ബന്ധപ്പെടും. ജോലികഴിഞ്ഞാല്‍ ഒരുസ്ഥലത്ത് ഒരുമിച്ച് കൂടും. തലേദിവസം ആസൂത്രണം ചെയ്ത പ്രവര്‍ത്തനങ്ങളുടെ നിര്‍വഹണത്തിനായി മുന്നോട്ടുനീങ്ങും.

യൂനിറ്റ് എന്നും എപ്പോഴും ഒരുവികാരമാണ്. വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക്വേണ്ടി ഗോഥയിലിറങ്ങുമ്പോള്‍ മറ്റു യൂനിറ്റ് പ്രവര്‍ത്തകരുമായി കണ്ടുമുട്ടും. ഒരുമ്മ പെറ്റു പോറ്റി വളര്‍ത്തിയ മക്കളെപോലെ അടുത്തിടപഴകും. അപ്പോള്‍ നടപ്പില്‍വരുത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളുടെയും പദ്ധതികളുടെയും അവസ്ഥകള്‍ ആരായും. ഞങ്ങളുടെ തട്ടകത്തില്‍ കയറി കളിക്കരുതെന്ന സ്‌നേഹശാസന നല്‍കി സലാം പറഞ്ഞു പിരിയും. പ്രവര്‍ത്തകര്‍ക്കിടയിലെ സ്‌നേഹവും സന്തോഷവും പലപ്പോഴും മറ്റുള്ളവരെ ആകര്‍ഷിക്കാറുണ്ട്. അത് ആശ്ചര്യത്തോടുകൂടി ഞങ്ങളുമായി പങ്കുവെക്കാറുമുണ്ട്. ഈ ആശ്ചര്യം പലരെയും ഞങ്ങളുടെ കൂട്ടത്തില്‍ ചേരാന്‍ നിദാനമാക്കിയിട്ടുണ്ട്. യൂനിറ്റ് പ്രദേശത്ത് താമസിക്കുന്ന എല്ലാവരും ഞങ്ങളുടെ പരിചയക്കാരാണ്. ഒരോ കെട്ടിടങ്ങള്‍ക്കും, ഇട റോഡുകള്‍ക്കും പ്രത്യേകം പേരുണ്ട്. ആ പേരുകളെല്ലാം ഞങ്ങള്‍ക്ക് മനപാഠമാണ്.

ഞങ്ങളുടെ നടത്തത്തിലും ഇരുത്തത്തിലുമെല്ലാം വ്യക്തിപരവും കുടുംബപരവും തൊഴില്‍പരവും സംഘടനാപരവുമായ വിഷയങ്ങള്‍ കടന്നുവരും. ഒരാള്‍പറയും മറ്റുള്ളവര്‍ കേള്‍ക്കും. മറ്റൊരാളെ കേട്ടിരിക്കാനുള്ള മനസ്സിന്റെ വികാസത്തിലേക്ക് എല്ലാവരും വളര്‍ന്നുകഴിഞ്ഞിരിക്കും. ഹൃദയത്തില്‍ ഒളിപ്പിച്ച് വെച്ചിരിക്കുന്ന പ്രയാസങ്ങള്‍, ജോലിയില്‍ അനുഭവപ്പെടുന്ന പ്രതിസന്ധി, കുടുംബത്തില്‍ നടക്കാന്‍പോകുന്ന വിവാഹത്തിന്റെ ഒരുക്കങ്ങള്‍, പുതിയ കൂട്ടുകാരെ കണ്ടെത്തുന്നതിനുള്ള തന്ത്രങ്ങള്‍ എല്ലാം കടന്നുവരും. പിറ്റെദിവസം ജോലിയില്ലെങ്കില്‍ ഈ ചര്‍ച്ചകള്‍ ചിലപ്പോള്‍ പാതിരവരെ നീളും.

സാധാരണ നാട്ടില്‍നിന്ന് ലീവ് കഴിഞ്ഞ് തിരിക്കുന്ന ഏതിരു പ്രവാസിക്കും മനസ്സിന്റെ ഉള്ളിലൊരു നീറ്റലുണ്ട്. പറഞ്ഞറിയിക്കാനാവാത്ത ഒരുനീറ്റല്‍. അത് ഏതെങ്കിലും തൂണിന്റെ പുറകിലൊ ഭിത്തിയുടെ മൂലയിലൊ പളുങ്കുതുള്ളിയായി പുറത്തുവരും. പക്ഷെ യൂനിറ്റ് പ്രവര്‍ത്തകര്‍ക്ക് ഈ നീറ്റലില്‍ വല്ലാത്ത ആയാസം അനുഭവപ്പെടാറുണ്ട്. അത് കുടുംബവും നാടുമായുള്ള ബന്ധത്തിന്റെ കുറവുകൊണ്ടല്ല. മറിച്ച് പ്രവാസത്തില്‍ അനുഭവപ്പെടുന്ന ഒറ്റപ്പെടലെന്ന പ്രയാസത്തില്‍നിന്ന് മുക്തമായതുകൊണ്ടാണ്. വിമാനമിറങ്ങുമ്പോള്‍ വന്നു കൂടെകൂട്ടി കളിതമാശകള്‍ പറഞ്ഞ് നാട്ടിലെ വിചാരവികാരങ്ങളെ മനസില്‍നിന്ന് പകുത്തുമാറ്റുന് അവരുടെ കഴിവ് സമ്മതിച്ചേ പറ്റൂ.

റമളാനില്‍ പ്രദേശത്തെ മദ്റസയില്‍വെച്ച് ഐ സി എഫ് നടത്തിവരുന്ന നോമ്പുതുറക്ക് ഫ്രൂട്സുകള്‍ കട്ട് ചെയ്യുന്നതും ഭക്ഷണപ്പൊതികള്‍ തയ്യാറാക്കുന്നതും ഞങ്ങളാണ്. നോമ്പുതുറക്ക് ആവശ്യമായ അന്നപാനീയങ്ങള്‍ക്ക് സ്‌പോണ്‍സര്‍മാരെ സംഘടിപ്പിക്കാന്‍ ജ്യേഷ്ട തുല്യരായ ഐ സി എഫ് നേതാക്കളുടെ കൂടെകൂടും. പ്രാസ്ഥാനിക മുന്നേറ്റങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഐ സി എഫും ആര്‍ എസ് സി യും ഒരുമിച്ചിരിക്കും. ബദ്ര്‍ അനുസ്മരണവും ലൈലത്തുല്‍ ഖദ്റുമെല്ലാം പരസപര സഹകരണത്തോടെ സംഘടിപ്പിച്ച് വിശ്വാസികള്‍ക്ക് അവിസ്മരണീയമാക്കും. സേവനനിരതരായ് യൂനിറ്റ് പ്രവര്‍ത്തകര്‍ ആര്‍ എസ് സി യുടെ കോട്ടുമിട്ട് അണിനിരക്കും.

അന്നൊരുദിവസം തറാവീഹ് നിസ്‌കാരത്തിനുശേഷം ഞങ്ങളെ തേടിയെത്തിയത് പ്രിയകൂട്ടുകാരന്റെ ഉപ്പയുടെ വിയോഗമായിരുന്നു. വിസയുമായി ബന്ധപ്പെട്ട ചില കാരണങ്ങള്‍കൊണ്ട് നാട്ടിലേക്ക് പോകാന്‍ സാധിച്ചില്ല. ആശ്വാസവുമായ് ആര്‍ എസി സി യുടെ ഒരുപാട് കൂട്ടുകാര്‍ അവനെ തേടിയെത്തി. അവരുടെ അധരങ്ങള്‍ ആ ഉപ്പാക്ക് വേണ്ടി തഹ്ലീലുകള്‍ ചൊല്ലുന്ന തിരക്കിലായിരുന്നു. ഖത്മുല്‍ ഖുര്‍ആനുകള്‍ ഓതി മഗ്ഫിറത്തിനുവേണ്ടി ദുആ ചെയ്ത് ഞങ്ങളിറങ്ങുമ്പോള്‍ അവന്റെ മുഖത്തൊരു തെളിച്ചമുണ്ടായിരുന്നു. ഇതൊരു അപൂര്‍വം സംഭവമല്ല. മറിച്ച് ബന്ധുമിത്രാതികള്‍ മരണപ്പെടുന്ന ഒരോരുത്തരുടെയും റൂമില്‍ ചെന്ന് പ്രാര്‍ഥന ചെയ്തുകൊടുക്കുകയെന്നത് ഞങ്ങളുടെ ഒരു ശൈലിയായിരുന്നു.

പെരുന്നാള്‍പോലെയുള്ള ആഘോഷങ്ങള്‍ക്ക് പുതിയ ഉടയാടകളെടുക്കാന്‍ എല്ലാവരും ഒരുമിച്ചാണ് പോകാറ്. ഒരോരുത്തര്‍ക്കും അനുയോച്യമായത് മറ്റുള്ളവരാണ് തിരഞ്ഞെടുത്ത് കൊടുക്കുക. പെരുന്നാള്‍ നിസ്‌കാരത്തിനു ഒരുപള്ളിയില്‍ ഒരുമിച്ചുകൂടി ഒന്നിച്ചുനിന്ന് ഫോട്ടൊയെടുക്കും. ശേഷം ഒരുമിച്ചിരുന്ന് പ്രാതല്‍ കഴിക്കും. ഇതിനിടയില്‍ പെരുന്നാള്‍ പിറ്റേന്ന് സംഘടിപ്പിക്കുന്ന സ്‌നേഹോല്ലാസ യാത്രയുടെ ഒരുക്കങ്ങള്‍ വിലയിരുത്തും. ഏറ്റവും ആസ്വാദ്യകരവും അവിസ്മരണീയവുമായ യാത്ര എങ്ങനെ സംഘടിപ്പിക്കാമെന്ന് നേരത്തെ ആസൂത്രണം ചെയ്തിരിക്കും.

സാമ്പത്തീകമായി വളരെ പ്രയാസം അനുഭവപ്പെടുന്ന കൂട്ടുകാരന്റെ പെങ്ങളുടെ വിവാഹമാണ്. ഞെരുക്കത്തിന്റെ അടയാളങ്ങള്‍ മുഖത്ത് പ്രതിഫലിക്കുന്നുണ്ട്. മറ്റുള്ളവരെല്ലാം ഒരുമുച്ച് കൂടി അവരവരാല്‍ കഴിയുന്ന നാണയത്തുട്ടുകള്‍ സ്വരൂപിക്കുകയും മറ്റു ചിലരെ സമീപിച്ച് ഒരുസംഘ്യ തരപ്പെടുത്തുകയും ചെയ്തു. റൂമില്‍ചെന്ന് ആ സമ്മാനം കൈമാറി. തുറന്നുനോക്കിയ ശേഷം കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ രംഘം ഓര്‍മയുടെ ചെപ്പില്‍നിന്ന് ഒരിക്കലും മായില്ല.

നാട്ടില്‍വെച്ച് മുഴുസമയം ചെവിക്കടപ്പിട്ട് അന്യഗ്രഹ ജീവിയെ പോലെ നടന്നിരുന്ന ഫ്രീക്ക് സ്വഭാവക്കരന്‍ ഞങ്ങളിലൊരുവനായതിനു ശേഷം നാട്ടിലേക്ക് ലീവിനു പോയപ്പോള്‍ നാട്ടുകാര്‍ അത്ഭുതത്തോടെ മൂക്കത്തുവിരല്‍വെച്ച അനുഭവം അവന്‍തന്നെയാണ് ഞങ്ങളോടു പങ്കുവെച്ചത്. ഓരോ യൂനിറ്റ് പ്രവര്‍ത്തകനെയും സസൂക്ഷ്മം നിരീക്ഷിച്ചാല്‍ അവരുടെ ജീവിതത്തില്‍ കൈവരുന്ന ഉദാത്തമായ സ്വഭാവ രീതികളെ നമുക്ക് ദര്‍ശിക്കാന്‍ സാധിക്കും. ഇസ്ലാമിക മാനങ്ങളെ ഉയര്‍ത്തിപ്പിടിക്കാനും പ്രവാചകര്‍(സ) തങ്ങളുടെ ചര്യയെ മുറുകെ പിടിക്കാനും ഉണര്‍ത്തുന്ന പ്രതിമാസ യൂനിറ്റ് തര്‍ബിയകള്‍ പ്രവര്‍ത്തകരിലുണ്ടാക്കുന്ന മാറ്റങ്ങള്‍ ചെറുതല്ല. ഭാഷയിലും വേഷത്തിലും സംവേദനങ്ങളിലും സമീപനങ്ങളിലുമെല്ലാം ഉന്നതമായ സംസ്‌കാരം ഉയര്‍ത്തിപ്പിടിക്കാന്‍ അതിലൂടെ പാകപ്പെടുകയാണ്. അത്തര്‍ കച്ചവടക്കാരന്റെ കൂടെകൂടിയാല്‍ അത്തര്‍ മണക്കുമെന്ന് പറഞ്ഞപോലെ ഫര്‍ള് മാത്രം നിസ്‌കരിച്ചിരുന്നവര്‍ റവാത്തിബും ളുഹായും തഹജ്ജുദും പതിവാക്കുന്ന ശൈലിയിലേക്ക് വളരാന്‍ കാരണം നല്ല കൂട്ടുകെട്ട് തന്നെയാണ്.

ആസൂത്രണം, സംഘാടനം, നിര്‍വഹണം, സാമ്പത്തികം, രേഖാ കൈകാര്യം തുടങ്ങി പ്രവര്‍ത്തകസമിതിയിലെ ഒരോ അംഗങ്ങള്‍ക്കും വ്യത്യസ്ത കഴിവുകളാണ്. ഈ കഴിവുകള്‍ പുറത്തുചാടുന്നത് ആഴ്ചയിലൊരിക്കല്‍ കൂടുന്ന ഭാരവാഹി യോഗത്തിലൊ മാസത്തിലൊരിക്കല്‍ ചേരുന്ന പ്രവര്‍ത്തക സമിതിയിലൊ ആയിരിക്കും. അഭിരുചിക്കനുസരിച്ചാണ് ഒരോ പദ്ധതികള്‍ക്കും ചുമതലകള്‍ വിഭജിക്കുക. അതുകൊണ്ടുതന്നെ എല്‍പ്പിക്കപ്പെടുന്ന ഉത്തരവാദിത്തം ഭംഗിയായി പുര്‍ത്തിയാക്കാന്‍ ഒരോരുത്തര്‍ക്കും കഴിയും. പതിയെ പതിയെ പരിചിതമല്ലാത്ത ചുമതലകള്‍ നല്‍കും. വ്യത്യസ്ത പദ്ധതികളിലൂടെയും പരിപാടികളിലൂടെയും വിവിധ ചുമതലകള്‍ നിര്‍വഹിച്ച് എല്ലാം ചെയ്യാന്‍ കഴിയുമെന്ന വിശ്വാസം ഒരോരുത്തരും ആര്‍ജിച്ചെടുക്കും.

കലയും സാഹിത്യവും പ്രബോധകന് അന്യമല്ലെന്നും സര്‍ഗാത്മക ചിന്തകള്‍ സാമൂഹികവും സാംസ്‌കാരികവുമായ ഉന്നമനത്തിനു അത്യന്താപേക്ഷികമാണെന്നും അവന്റെ അധരങ്ങളില്‍നിന്ന് വന്നപ്പോള്‍ ഞങ്ങള്‍ ശരിക്കും അന്താളിച്ചു പോയി. യൂനിറ്റ് കലാലയത്തില്‍ ‘കലയും സാഹിത്യവും’ എന്ന വിഷയത്തില്‍ അഞ്ചു മിനിറ്റ് ഇടതടവില്ലാതെ അവന്‍ പ്രസംഗിച്ചപ്പോള്‍ സത്യത്തില്‍ ശ്വാസം പിടിച്ചു നിന്നത് ഞങ്ങളാണ്. എണീറ്റുനിന്നാല്‍ മുട്ടിടിച്ചിരുന്ന ചെക്കന്‍ കൊടുങ്കാറ്റുപോലെയാണ് വിശിയടിച്ചത്. രിസാല വായനയുടെയും മൊബെല്‍ ലൈബ്രറിയുടെയും പ്രതിഫലനമായിരുന്നുവത്. കൂടാതെ എന്തും സ്വാതന്ത്ര്യത്തോടെ പ്രകടിപ്പിക്കാന്‍ കഴിയുന്ന കലാലയത്തിന്റെ സംവിധാനവും. ഇങ്ങനെ നേടിയെടുക്കുന്ന കഴിവുകള്‍ സംഘടനാ ജീവിതത്തില്‍ മാത്രമല്ല വ്യക്തിജീവിതത്തിലും മരണംവരെ പ്രഭചൊരിഞ്ഞ് കൂടെയുണ്ടാകും.

കഠിനാധ്വാനവും തയ്യാറെടുപ്പും ഉണ്ടെങ്കില്‍ എന്തും നേടിയെടുക്കാമെന്ന് പ്രവര്‍ത്തകരെ നിരീക്ഷിച്ചാല്‍ മനസ്സിലാകും. അന്നൊരിക്കല്‍ ഒരു പരിപാടിയുടെ പ്രചരണത്തിനുവേണ്ടി പോസ്റ്റര്‍ ഡിസൈന്‍ ചെയ്യാന്‍ ഒരുപാടുപേരെ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ആ സംഭവത്തില്‍നിന്നായിരുന്നു എന്തുകൊണ്ട് നമ്മിളിലൊരാള്‍ക്കിതു പഠിച്ചുകൂടയെന്ന ചിന്തയുദിക്കുന്നത്. ആര്‍ എസ് സി വിസ്ഡത്തിനു കീഴിലുള്ള പോസ്റ്റര്‍ ഡിസൈന്‍ കോഴ്സുകളും യുട്യൂബും ഗുരുക്കന്മാരായി. യൂനിറ്റ്, സെക്ടര്‍ പരിപാടിക്ക് മാത്രമല്ല ഗള്‍ഫ് കൗണ്‍സിലിനുവരെ പോസ്റ്റര്‍ ഡിസൈന്‍ ചെയ്യാന്‍ ഇന്നവനു സാധിക്കും. നിലവിലുള്ള ഡ്രൈവര്‍ ജോലിയില്‍നിന്ന് ഡിസൈന്‍ ഫീല്‍ഡിലേക്ക് മാറാനുതകുന്ന പ്രൊഫഷണല്‍ നിലവാരത്തിലേക്ക് വളര്‍ന്നു വലുതായി.

നന്നാലി സര്‍ബത്തും കുടിച്ച് ഉപ്പിലിട്ട മാങ്ങയും തിന്ന് തീവണ്ടിയോടിച്ചു കളിച്ച ‘സവാരി’ യാത്രയാണ് ഞങ്ങളുടെ മനസ്സുകളെ ഇത്രയടുപ്പിച്ചത്. കുട്ടിയും കോലും, ക്രിക്കറ്റുമൊക്കെ കളിച്ച് കുറച്ചുസമയം കുഞ്ഞുനാളിലേക്കു പോയി. കൂടെ മനസ്സും ചെറുതായി. തിരിച്ചെത്തിയപ്പോള്‍ പിരിയാന്‍ കഴിയാതെ വിഷമിച്ചത് യാത്രയുടെ അനുഭൂതികൊണ്ടാണ്. സ്‌നേഹം കൊണ്ടും സാഹോദര്യം കൊണ്ടും എല്ലാവരോടും അടുക്കാനും എല്ലാവരെയും അടുപ്പിക്കാനും കഴിയുമെന്ന് ഞങ്ങള്‍ പഠിച്ചു. പ്രബോധന വീഥിയില്‍ സ്‌നേഹത്തിന്റെ പരവതാനിവിരിച്ച് മുന്നോട്ടുകുതിക്കാന്‍ തീരുമാനിച്ചു.

നാം ചെയ്യുന്ന കര്‍മത്തെ അതിയായി സ്‌നേഹിച്ചാല്‍ മാത്രമേ അതിനോട് അഭിനിവേഷമുണ്ടാകൂ. ആ അഭിനിവേഷമാണ് അത്യാസക്തിയോടെ പ്രവര്‍ത്തിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നത്. അതിനിടയില്‍ സംഭവിക്കുന്ന എല്ലാ പ്രതിസന്ധികളും പ്രയാസങ്ങളും ആസ്വദിച്ചുകൊണ്ട് മുന്നോട്ടു പോകാന്‍ നമുക്ക് കഴിയും. മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാകുമ്പോഴാണ് കാലവും ചരിത്രവും നമ്മെ അടയാളപ്പെടുത്തുന്നത്. ചരിത്രത്തിലെ അടയാളങ്ങളില്‍ നമ്മുടെ പാദമുദ്രയും പതിയട്ടെ.

Leave a Reply