വിചാരശീലത്തിന്റെ പടവുകളില്‍ സാംസ്‌കാരിക ഉണര്‍വ്വേകി കലാലയങ്ങള്‍

 

മാനുഷികതയുടെ ക്രമികമായ വികാസമാണ് സംസ്‌കാരം. നാഗരികതയെന്നാല്‍ മെരുക്കപ്പെടുകയാണെന്ന് സിദ്ധാന്തിച്ചവരുണ്ട്. മാനുഷികതയെ മാനവികതയുടെ സാര്‍വലൗകിക തലങ്ങളിലേക്കും അതിന്റെ പടിപടിയായുള്ള അനിവാര്യ വികാസത്തിലേക്കും നയിക്കുന്നത് ധൈഷണികതയുടെയും മറ്റു അനുകൂല ഉപാധികളുടെയും ഏകീഭാവമാണ്. അതായത് സര്‍ഗാത്മക വിചാരങ്ങളെ അധികരിച്ചാണ് ഒരു സമൂഹത്തിന്റെ ഉത്ഥാനം സംഭവിക്കുന്നത്. വര്‍ത്തമാന സമസ്യകളെ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാനുള്ള ക്രമപ്പെടലാണ് അതിനുള്ള ഉണര്‍വ്. ഈ അര്‍ത്ഥത്തില്‍ പ്രവാസ യൗവനങ്ങളുടെ സാംസ്‌കാരിക സംഘബോധം അടയാളവാക്യമായി പ്രദേശങ്ങള്‍ തോറും കലാലയങ്ങള്‍ സംഘടിതമായപ്പോള്‍ ഗള്‍ഫില്‍ സംഭവിച്ച വിചാര വിപ്ലവത്തെ സൂചിപ്പിക്കാനുള്ള സൂക്ഷ്മമല്ലാത്ത ഒരു ശ്രമമാണിവിടെ നടത്തുന്നത്. ധൈഷണിക സംസ്‌കാരിക മണ്ഡലങ്ങളെ വിലക്കെടുത്ത് അപ്രഖ്യാപിത അടിയന്തിരാവസ്ഥ നടപ്പിലാക്കുന്ന അജണ്ടകള്‍ തകര്‍ത്താടുമ്പോള്‍ അവനവന്റെ സാംസ്‌കാരികാവബോധത്തിന്റെ പ്രതിരോധവും പ്രതിബോധവും വിലയിരുത്തുന്നത് നന്നാകുമല്ലോ.

ആശയങ്ങളുടെ ആകാശം

ആരംഭദശയിലെ ആദ്യപതിറ്റാണ്ടില്‍ നിന്ന് മുന്നേറ്റത്തിന്റെ രണ്ടാം പതിറ്റാണ്ടും പൂര്‍ത്തിയാക്കി ചില സാക്ഷാല്‍കാരങ്ങളുടെ അടുത്ത ഘട്ടത്തില്‍ എത്തി നില്‍ക്കുന്ന രിസാല സ്റ്റഡി സര്‍ക്കിളിന് പ്രവാസം ശരിക്കും ഒരു ഗതികോര്‍ജ്ജമാണ്. പ്രവാസിക്ക് അതൊരു പഠന കേന്ദ്രവും. അറിവിലും വിപ്ലവങ്ങളിലും ഭൂതകാലത്തിന്റെ തിടമ്പേറ്റി ഇന്നിന്റെ ആരവങ്ങളില്‍ അവയൊരു അന്യവല്‍കൃത ബിംബങ്ങള്‍ മാത്രമായി കണ്ടിരുന്ന കടലു കടന്ന ചെറുപ്പക്കാരുടെ സര്‍വകലാ പഠനകേന്ദ്രം. അത് ആധ്യാത്മികവും ബൗദ്ധികവുമായ തലങ്ങളില്‍ പകര്‍ന്ന ആശയങ്ങളുടെ ആകാശങ്ങള്‍ വിപുലവും സമ്പന്നവുമായിരുന്നു.

നാട്ടിന്‍പുറ വട്ടങ്ങള്‍/സംസാരങ്ങള്‍

പഴയ തലമുറ, പൂമുഖവട്ടങ്ങളെയും പീടിക തിണ്ണകളെയും കൊടുമ്പിരി കൊള്ളിച്ച അതിരും അറുതിയും ഇല്ലാത്ത കൂട്ട സംസാരങ്ങളില്‍ നിന്ന് ആര്‍ജ്ജിച്ചെടുത്തിരുന്ന അറിവും അവബോധവും ചെറുതായിരുന്നില്ല. രാഷ്ട്രീയവും മതവും സംസ്‌കാരവും തുടങ്ങി വിഷയീഭവിക്കാത്ത സമസ്യകളൊന്നും ഈ വെറും വര്‍ത്തമാനങ്ങളിലും കൂടലിലും ഇല്ലായിരുന്നു. നാട്ടിലുള്ളവര്‍ക്ക് തന്നെ ഇത് ഇന്ന് ഗൃഹാതുര ഓര്‍മയായി മാത്രം അവശേഷിക്കുമ്പോള്‍ ഇത്തരം കൂട്ടായ്മകളുടെ പുനരാവിഷ്‌കാരമായിട്ടായിരുന്നു കലാലയം സംഗമങ്ങള്‍ക്ക് പ്രവാസലോകത്ത് തുടക്കം കുറിച്ചത്.

കലാലയം സദസ്സ്

സംസ്‌കാരത്തെ ഉപകരണമായി ഉപയോഗിക്കുകയോ അതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുകയോ അല്ല വേണ്ടത്, അതിലിടപെടുകയാണ് ചെയ്യേണ്ടതെന്ന് ഡോ. കെ.എന്‍ പണിക്കര്‍ പറഞ്ഞത് പോലെ ഒരിറങ്ങിപ്പുറപ്പെടലായിരുന്നു കലാലയം. ഔപചാരികതകളിലും ചിട്ടവട്ടങ്ങളിലും തലക്കെട്ടിലും പോലും തങ്ങിയും കുടുങ്ങിയും നില്‍ക്കാതെ തുടങ്ങുകയും കാലാന്തരത്തില്‍ അംഗങ്ങള്‍ക്കിടയില്‍ രൂപപ്പെട്ടു വരേണ്ട സാംസ്‌കാരിക പ്രബുദ്ധതയെ മുന്നില്‍ കണ്ട് കൊണ്ട് സംസാരത്തിന് രൂപവും ക്രമവും സ്വയം ഉണ്ടാക്കാനനുവദിച്ചും സംഘടിപ്പിക്കപ്പെകലാലയങ്ങളിലെ പങ്കാളിത്തത്തിന് സംഘടനാ അംഗത്വ നിബന്ധനകളും മത പരികല്പനകളും അനുശാസിക്കാതിരുന്നതും ഈ വേദിയൊരുക്കലിന്റെ ഭാഗമായിരുന്നു. ഇത് പ്രബോധന സാധ്യതയുടെ പുതിയ വാതില്‍ തുറന്നെന്ന് മാത്രമല്ല അംഗങ്ങളുടെ ചിന്തകളെ പ്രവിശാലമായി പ്രയോഗിക്കാനും മൂര്‍ച്ചകൂട്ടാനും കൂടി വേദിയൊരുക്കി.

കലാലയം എന്ന പേര്

വ്യക്തിജീവിതത്തില്‍ കലാലയം അനുഭവമാകുന്നത് ഓര്‍മകളിലും ഉണര്‍വിലും അത് വീണ്ടും വീണ്ടും പുനര്‍ജനിക്കുന്നത് കൊണ്ടാണ്. അക്ഷരങ്ങള്‍ പിറന്നതും കഥകള്‍ ജനിച്ചതും അനുരാഗവും സൗഹൃദവുമറിഞ്ഞതും അവിടെയായിരുന്നല്ലോ. ആ തലത്തില്‍ കൂടിയാണ് കലാലയം എന്ന പേര് ഒരു സംഘ കുടുംബത്തിന്റെ സര്‍വകലകളുടെയും പാഠശാലയും സാംസ്‌കാരിക മുഖവുമാകുന്നത്. വിവര സമ്പാദനത്തിലൂടെയാണ് ധൈഷണിക-സാംസ്‌കാരിക വികസനം കൈവരിക്കാനാവുക. പുസ്തക വായനയും ചര്‍ച്ചയും കേന്ദ്രീകരിച്ച് പ്രാഥമിക പ്രാദേശിക ഘടകത്തില്‍ തികച്ചും സ്വാഭാവിക ഒത്തുകൂടലുകള്‍ക്ക് വേദിയൊരുക്കുകയായിരുന്നു യൂനിറ്റ് കലാലയങ്ങള്‍. സര്‍ഗാത്മക പ്രബോധനത്തിന്റെ കളരിക്കളമായി ഇന്നത് വളര്‍ന്നിട്ടുണ്ട്.

കലാലയങ്ങള്‍ക്കപ്പുറത്ത് കലാലയങ്ങള്‍

കേസരി പറഞ്ഞതായി എം.എന്‍ വിജയന്‍ ഉദ്ധരിക്കുന്നുണ്ട്, ട്ടആസന്ന മരണങ്ങളായ ആശയങ്ങള്‍ക്ക് കിടന്ന് ചാകാനുള്ള ആശുപത്രികളാണ് സര്‍വകലാശാലകള്‍ട്ട എന്ന്. അക്കാദമിക ചുമരുകള്‍ സ്വതന്ത്ര ചിന്തകള്‍ക്കും സര്‍ഗാത്മക വിചാരങ്ങള്‍ക്കും എത്രത്തോളം വേദിയൊരുക്കുന്നുണ്ടെന്ന എന്നത്തേയും വസ്തുതാപരമായ വിമര്‍ശത്തിന്റെ എല്ലാ അര്‍ത്ഥവും ഈ വാക്കുകളില്‍ നിന്ന് വായിക്കാനാവും. സാമ്പ്രദായിക കലാലയങ്ങളില്‍ പഠിപ്പിക്കപ്പെടുന്ന വിഷയങ്ങളെക്കുറിച്ച് ഭരണകൂടത്തിന്റെ പ്രത്യയ ശാസ്ത്ര സമുച്ചയത്തിന്റെ പുനരുല്പാദനത്തിനാണ് പാഠ്യപദ്ധതികള്‍ എന്ന അഭിപ്രായവും നിലനില്‍ക്കുന്നു. സൂക്ഷ്മ തലങ്ങളെ വിശകലനം ചെയ്ത് ചില നിരാകരണവാദം നിരത്തിയാല്‍ പോലും കലായങ്ങളുടെയും പാഠ്യപദ്ധതിയുടെയും ലക്ഷ്യം മാറിയുള്ള സഞ്ചാരത്തിന്റെ അതിസങ്കീര്‍ണതകള്‍ കൂടുതല്‍ പ്രകടമായിക്കൊണ്ടിരിക്കുകയാണിന്ന്.

സംസ്‌കാരമെന്ന ആശയതലം

പുറമെ മതേതരമെന്നും ഇടതുപക്ഷ പരമെന്നും സുദൃഢമെന്നും തെറ്റിദ്ധരിപ്പിക്കുന്ന ഒരു ഘടന നിലനിര്‍ത്തുകയും അകമേ അതിവേഗത്തില്‍ വലതുപക്ഷവല്‍കരിക്കപ്പെട്ടു കൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു സാമൂഹ്യവ്യവസ്ഥയെയാണ് അന്റോണിയോ ഗ്രാംഷി ട്ടതന്മാത്രാതല പരിവര്‍ത്തനംട്ട എന്ന് വിളിച്ചത്. സമകാലിക കേരള സമൂഹത്തെ വിലയിരുത്താന്‍ ഇതിലും നല്ലൊരു ആശയത്തിന്റെ ആവശ്യമില്ല. കേവല രാഷ്ട്രീയ പ്രവര്‍ത്തനം കൊണ്ട് ഇതിനെ പ്രതിരോധിക്കാനോ നേരിടാനോ കഴിയുമെന്ന് തോന്നുന്നില്ല; അവിടെയാണ് ഒരു ജനതയുടെ നിലനില്പിന്റെ തന്നെ അടിസ്ഥാനമായ സംസ്‌കാരം എന്ന ലേക്ക് നാം എത്തിപ്പെടുന്നത്.

പ്രവാസികളും വിപ്ലവത്തിന്

ഇവിടെയാണ് ഔപചാരിക വിദ്യാഭ്യാസത്തിനപ്പുറമുള്ള ഒരു സമാന്തരാവബോധ സൃഷ്ടിയുടെ ആവശ്യകത ഉടലെടുക്കുന്നത്. സാംസ്‌കാരികവും പ്രബുദ്ധവുമായ നിലപാടുള്ളവരുടെ ഒരു പറ്റം സംഘടിത നിലവാരത്തിലേക്ക് വരെ ഈ ചിന്തകള്‍ വളരുകയും അത് മലയാളത്തില്‍ ഒരു പരിധിവരെ വിജയം കാണുകയും ചെയ്തിട്ടുണ്ട്. പക്ഷെ ഗള്‍ഫ് പ്രവാസികള്‍ക്കിടയില്‍ ഇങ്ങനെയൊരു വിചാരത്തിന് അവസരം ലഭിച്ചില്ലെന്ന് മാത്രമല്ല, സംഗമങ്ങളും സംഘങ്ങളും അവകാശങ്ങളെയും പരാധീനതകളെയും ഏറ്റുപിടിച്ച് ഒരു മാനസികൈക്യം കെട്ടിപ്പടുക്കുന്നതിനാണ് ശ്രമിച്ചത്. അത്തരമൊരനിവാര്യത നിലനിന്നിരുന്നെങ്കില്‍ പോലും വളരെ വൈകി അക്ഷരങ്ങളെയും ചിന്തകളെയും കൂട്ടുപിടിച്ച് ഒരു നല്ല വിപ്ലവത്തിന്റെ ധ്വനികള്‍ മുഴങ്ങിത്തുടങ്ങിയിട്ടുണ്ടിപ്പോള്‍.

സംവാദാത്മക ഉണര്‍വ്

അടിസ്ഥാനപരമായി സംഘടനയുടെ സാംസ്‌കാരിക ആശയ നിര്‍മ്മിതിയും പ്രവര്‍ത്തകരുടെ ബൗദ്ധിക വളര്‍ച്ചയുമാണ് കലാലയം ലക്ഷ്യം വെക്കുന്നത്. അഭിപ്രായങ്ങളും ചര്‍ച്ചകളും ഉല്പാദിപ്പിച്ച് പ്രവാസലോകത്തെ സാമൂഹിക മണ്ഡലത്തിന്റെ മുഖ്യധാരയില്‍ നില്‍ക്കാനുള്ള കരുത്ത് ആര്‍ജിച്ച പ്രവര്‍ത്തകരുടെ നിര, അതായിരുന്നു ഉന്നം. സംഘടനയുടെ സാംസ്‌കാരിക ഉള്ളടക്കം രൂപപ്പെടുത്തിയെടുക്കുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്യുകയെന്നതില്‍ ഒരു മികവുറ്റ കൂട്ടം ഉയിര്‍കൊണ്ടിട്ടുണ്ട്. പ്രവാസി യുവാക്കളില്‍ വിശിഷ്യാ പ്രവര്‍ത്തകരില്‍ സൃഷ്ടിക്കപ്പെടേണ്ട ആശയപരമായ ഉണര്‍വുകള്‍, സാഹിതീയ ബോധം, രചനാ മികവുകള്‍, ഭാഷണ വൈഭവം, തുടങ്ങി പ്രതിഭാവളര്‍ച്ചയുടെ കളരികളായി കലാലയങ്ങള്‍ മികവോടെ സംഘടിപ്പിക്കപ്പെട്ടപ്പോള്‍ അതിന് അംഗങ്ങളില്‍ ചെലുത്താനായ സ്വാധീനം ചെറുതല്ല. സംഘടന സംബോധ ചെയ്യുന്ന യുവ സമൂഹത്തിന് അവരുടെ അഭിരുചികളെയും അഭിപ്രായങ്ങളെയും സംവാദാത്മകമായി അവതരിപ്പിക്കുന്നതിനും ചര്‍ച്ചകള്‍ നടത്തുന്നതിനും അവസരം സൃഷ്ടിക്കുകയും വികസിപ്പിച്ചെടുക്കുന്നതിന് പ്രേരണ നല്‍കുകയും ചെയ്യുന്ന ഒന്നാണ് പ്രതിമാസ യൂനിറ്റ് കലാലയം സദസ്സുകള്‍.

പലഹാരപ്പൊതിക്ക് പകരം പുസ്തകം

രസകരമായി പറയുന്നതാണെങ്കിലും, അവധി കഴിഞ്ഞ് നാട്ടില്‍ നിന്ന് വരുമ്പോള്‍ പോത്തിറച്ചിക്കും പലഹാരപ്പൊതികള്‍ക്കും പകരം പുസ്തകങ്ങള്‍ ലെഗേജില്‍ സ്ഥാനം പിടിക്കുന്ന തരത്തിലുള്ള ബൗദ്ധികപരമായ ഒരാരവം കലാലയത്തിന് സൃഷ്ടിക്കാനായിട്ടുണ്ട്. ഈ വര്‍ഷത്തെ സാഹിത്യോല്‍സവില്‍ സോണില്‍ കവിതാ രചനക്ക് ഒന്നാം സ്ഥാനം നേടിയ റിയാദിലെ അല്‍വാദി യൂനിറ്റിലെ ശുഐബ് കല്ലിടുമ്പന്‍, വായനയിലേക്ക് എന്നെ എടുത്തെറിഞ്ഞത് കലാലയം ആണെന്ന് പലവുരു പറഞ്ഞതായി സെക്ടര്‍ കവീനര്‍ ഉമറലി കോട്ടക്കല്‍ .പിന്നീട് ദമ്മാമിലെ അല്‍റബീഅ് സെക്ടര്‍ കവീനറായി വന്ന ഹംസത്തുല്‍ കര്‍റാര്‍ ഉളുവാര്‍ പറയുന്നതിങ്ങനെ ഒരു തുളുനാടന്‍ മലയാളിയായ ഞാന്‍ വായനയെന്നല്ല, അക്ഷരങ്ങളുമായി തന്നെ ബന്ധം ആദ്യമായി തുടങ്ങുന്നത് കലാലയത്തിലൂടെയാണ്. അത്യാവശ്യം സംസാരിക്കാനും വലുതല്ലെങ്കിലും മോശമല്ലാത്തെ സ്വന്തം ലൈബ്രറി എന്ന വിചാരത്തിലേക്ക് എന്നെ എത്തിച്ചതും കലാലയം ആണ്ട്ട. നൗഫല്‍ എറണാകുളം, മന്‍സൂര്‍ ചുണ്ടമ്പറ്റ, മുജീബ് തുവ്വക്കാട്, സയ്യിദ് ശബീറലി എളമരം എന്നിവരും ഇതേ ആശയം പങ്കുവെച്ചവരാണ്.

സാധാരണ പ്രവര്‍ത്തകരിലേക്കും

പ്രവര്‍ത്തകരും, നേതാക്കളും, പണ്ട് വായിച്ച് മറന്നവരും, മണമുണ്ടായിട്ടും ഇതുവരെ ആരംഭിക്കാത്തവരുമായി കലാലയത്തിലൂടെ വായനയുടെ മായാലോകത്തേക്ക് പറക്കാന്‍ ചിറകേറിയവരേറെയുണ്ട്.കലയും സാഹിത്യവും അടങ്ങുന്ന സാംസ്‌കാരിക മേഖല അഭ്യസ്തവിദ്യരും സൗന്ദര്യാസ്വാദകരുമായ -മിച്ചം വെക്കപ്പെട്ട ചോറുള്ള- ഒരുമധ്യവര്‍ഗത്തിന്റെ വ്യവഹാര മേഖലയാണിന്ന്. എല്ലാം മറികറന്ന് സാധാരണക്കാരന് പോലും അനുഭവവേദ്യമാക്കാന്‍ പോന്ന തലത്തില്‍ യൂനിറ്റ് കലാലയങ്ങള്‍ ഇന്ന് മാറിയിട്ടുണ്ട്.

കലാലയം സാംസ്‌കാരിക വേദി

കലാലയങ്ങളിലൂടെ വളര്‍ന്നു വരുന്ന സാംസ്‌കാരിക ധാരണയുള്ളവരുടെ കൂട്ടായ്മയാണ് കലാലയം സാംസ്‌കാരിക വേദി. അംഗങ്ങളുടെ വിജ്ഞാന പരിസരം വിശാലമാക്കുകയും സംഘടനയുടെ സാംസ്‌കാരിക സ്വത്വം പൊതുമധ്യത്തില്‍ വ്യാപിപ്പിക്കുകയും ചെയ്യുന്നതിനുള്ള വിചാരസദസ്സുകള്‍. പ്രവര്‍ത്തകരിലെ ബൗദ്ധിക വികസനത്തിനായി സമരോല്‍സുക വായനാശീലം വളര്‍ത്താനുപകരിക്കുന്ന പരിപാടികള്‍. വായനാ പരിസരം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി പൊതുവായനശാലകള്‍, യൂനിറ്റ് കലാലയം കേന്ദ്രീകരിച്ച് പുസ്തക സഞ്ചി, സാമൂഹിക വിചാര ബോധത്തെ സ്വാധീനിക്കും വിധം പ്രധാന ദിനാചരണങ്ങള്‍ എന്നിവ വേദിക്കുകീഴില്‍ വ്യവസ്ഥാപിത സ്വഭാവത്തോടെ നടന്നു വരുന്നു. രിസാലയിലെ കലാലയം പംക്തിയിലൂടെ വെളിച്ചം കാണുന്ന സൃഷ്ടികളില്‍ ഭൂരിഭാഗവും കലാലയത്തിലൂടെ വളര്‍ന്നുവന്നവരുടേതാണ്.

വിചാരങ്ങളുടെ സംവാദം

സംവേദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും കാലിക വിഷയങ്ങളില്‍ അറിവും ധാരണയും ഉണ്ടാക്കുന്നതിനും, ആത്യന്തികമായി കലാലയം സംഘങ്ങളെ രൂപപ്പെടുത്തുന്നതിനും വേണ്ടി സോ തലത്തില്‍ ത്രൈ മാസത്തില്‍ നടന്നു വരുന്ന സംവാദ പരിപാടിയാണ് വിചാരസദസ്സ്. തെരെഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ ബൗദ്ധികവും ചിന്താപരവുമായ വളര്‍ച്ചയാണ് സദസ്സിന്റെ ഉന്നമെന്നതിനാല്‍ പ്രതിമാസ യൂനിറ്റ് കലാലയം സംഗമങ്ങളില്‍ നിന്ന് മികവ് പുലര്‍ത്തുന്നവരാണ് സ്ഥിരാംഗങ്ങള്‍. അതിഥികളുടെയും വേദിയുടെയും മോടിക്കപ്പുറം കാമ്പ് ചോര്‍ന്ന് പോകാത്ത രീതിയിലുള്ള ലളിതമായ ചടങ്ങുകളിലൂടെ പങ്കെടുക്കുന്ന മുഴുവന്‍ പേര്‍ക്കും അവസരം നല്‍കിയുള്ള സംവാദ രീതി തീര്‍ച്ചയായും സാംസ്‌കാരികോണര്‍വിന്റെയും നിലപാട് രൂപപ്പെടുത്തലിന്റെയും ഒരു കളരിയായി മാറിയിട്ടുണ്ട്. ആശയങ്ങളെ ഭംഗിയായി പ്രകാശിപ്പിക്കാനുള്ള പ്രധാന ഉപാധിയായ എഴുത്തിന്റെ പ്രാഥമിക പഠനവും പ്രായോഗിക പരിശീലനവും ഉള്‍പ്പെടുത്തി ട്ടഎഴുത്ത്പുരട്ടകളും നടന്നു വരുന്നു.സംസാരിച്ച് അവസാനിപ്പിക്കുന്നത്.

മൗനത്തിന്റെ വാചാലത 

സമൂഹം എന്നും ചലനാത്മകമായി വര്‍ത്തിക്കുന്നു.  താന്‍ തന്നെ ആയിരിക്കണം എന്നുള്ളത് കൊണ്ടാണ് എല്ലാ വിവാദങ്ങളും വാദപ്രതിവാദങ്ങളും ഉണ്ടാകുന്നത്. അതിലപ്പുറം സംവാദങ്ങള്‍ക്ക് ഇടം നല്‍കുകയാണ് വിചാരസദസ്സ്.  ഭാഷയില്‍ മൗനം നല്‍കുന്ന സൂക്ഷ്മ സന്ദേശങ്ങളും സാമൂഹ്യ ജീവിതത്തിന്റെ അനിവാര്യതയാണ്. സാമൂഹ്യമാധ്യമങ്ങളുടെ കാലത്ത് അത്തരം ചില പക്വതകളും കലാലയം പകര്‍ന്നു നല്‍കുന്നു.  അങ്ങനെ ഒരു വീണ്ടെടുക്കലിലൂടെ വ്യക്തിയുടെ ചിന്താ ലോകത്തില്‍ മാത്രമല്ല, പ്രജ്ഞാപരമായ നവോത്ഥാനത്തിനും മലയാളചിന്തയെ പ്രേരിപ്പിക്കുന്ന ആശയം സംഹിതകളുടെ പുതിയൊരു സരണിയുടെ നാന്ദികൂടിയാണീ കാല്‍വെയ്പ്. മാത്രവുമല്ല ബുദ്ധിജീവികളെ വിലക്കുവാങ്ങാനാവാത്ത ഒരു സാംസ്‌കാരിക കാലാവസ്തയില്‍ അതിരുകളില്ലാത്ത അറിവിന്റെയും ഒത്തു തീര്‍പ്പുകള്‍ക്ക് വഴങ്ങാത്ത നിലപാടുകളുടെയും യജ്ഞമായി എഴുന്നു നില്‍ക്കാന്‍ ട്ടകലാലയട്ടത്തിനു ആവും.

സാംസ്‌കാരികതയുടെ ആത്മീയത

കലയുടെ ധര്‍മ്മം മനസ്സിനെ രസിപ്പിക്കുകയും മോഹിപ്പിക്കുകയും അനുഭൂതിയുണ്ടാക്കാക്കുകയും മാത്രമാണെന്ന് വിവക്ഷിക്കുന്നമാതിരി, മതം എന്നത് ഭക്ത്യാദരപൂര്‍വ്വം നിശ്ചിത ദൈവാരാധനയില്‍ ഒതുങ്ങുന്ന ട്ടആത്മീയട്ട പ്രവര്‍ത്തനമാണെന്നും ധരിച്ചു വശായവശായിട്ടുണ്ട് ചിലര്‍. മതേതരത്വക്കാര്‍ അവരുടെ മത പ്രകാശിപ്പിക്കുമ്പോഴും സ്വതന്ത്ര നിരീക്ഷകര്‍ അവരുടെ രാഷ്ട്രീയ വ്യാഖ്യാനങ്ങള്‍ നിരത്തുമ്പോഴുമാണിത് കൂടുതലും കണ്ടുവരുന്നത്.ഇവര്‍ക്കുള്ള തിരുത്തു കൂടിയാണ് കലാലയം. ഇതോടൊപ്പം മറ്റൊരു കാര്യം കൂടി ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. ഇന്ത്യന്‍ ഫാസിസം സംസ്‌കാരത്തെ സംബന്ധിച്ച വ്യക്തമായ ഒരു നിര്‍വചനം ചമച്ചു കഴിഞ്ഞിട്ടുണ്ട് എന്നതാണത്. വ്യക്തിബോധം മുതല്‍ ഭരണകൂടം വരെ പിടിമുറുക്കിയ വിചാരമാതൃകകളെ പിന്‍പറ്റിയും മുഖ്യധാരാചരിത്രങ്ങലെ പിന്‍ബലപ്പെടുത്തിയും ശക്തമായി അത് പിടിമുറുക്കുന്നു. അവിടെ ഉറച്ച നിലപാടുകളില്‍ സാംസ്‌കാരികാവബോധത്തിന്റെ രാഷ്ടീയ നീക്കങ്ങളും ഇടപെടലുകളും ഇന്ന് സമൂഹം തേടുന്നു. അത് കലാലയത്തിലൂടെ ഒരു പരിധിവരെ സാധ്യമാകുന്നുണ്ടിന്ന്.

 

കലാസാഹിത്യ മല്‍സരങ്ങള്‍

കലകളുടെ തനിമ വിളംബരം ചെയ്തും കലാമാമാങ്കങ്ങള്‍ക്ക് പുതിയ മാനം നെയ്തും രിസാല സ്റ്റഡി സര്‍ക്കിള്‍ സാഹിത്യോത്സവുകള്‍ മുഖ്യധാരയില്‍ ഇടം പിടിച്ചു കഴിഞ്ഞു. കല മനസ്സിന്റെ ഭാഷണമാണ്. ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളാണ് ചിത്രങ്ങള്‍.  വിചാരശീലരാക്കുകയാണ് കലയുടെ ലക്ഷ്യം. രസിപ്പിക്കുകയെന്നത് സാഹിത്യത്തിന്റെ സ്വഭാവമാണെങ്കില്‍. സംസ്‌കരിക്കുകയെന്നതാണ് അതിന്റെ ലക്ഷ്യം. സമൂഹത്തിന്റെ വിഗഹമായ സാംസ്‌കാരികാഭിവൃദ്ധി ലക്ഷ്യം വെക്കുന്നതിനേക്കാള്‍ അംഗങ്ങളുടെ ഉന്നതിക്ക് ഊന്നല്‍ നല്‍കി അതിലൂടെ പൊതു മദ്ധ്യത്തില്‍ മാറ്റം സാധ്യമാണെന്ന പ്രായോഗിക പ്രബോധന ദൗത്യം ആണ് കലാലയത്തിന്റെ ലക്ഷ്യം. കഴിഞ്ഞ വര്‍ഷം മുതല്‍ കലാ മല്‍സരങ്ങളുടേത് മാത്രമാക്കി സാഹിത്യോല്‍സവ് നവീകരിച്ചു. നിപുണികളുടെ പോഷണത്തിന് തന്തു എന്ന പേരില്‍ ഇടക്കാല കലാം സംഗമങ്ങള്‍, കലാനിശകള്‍, എന്നിവക്കും കലാലയം സാംസ്‌കാരിക വേദി നേതൃത്വം നല്‍കുന്നു.

ഇളം തലമുറകള്‍/വനിതകള്‍

പ്രവാസ ലോകത്തെ ഇളം തലമുറക്ക് സാന്‍വിച്ച് ജനറേഷന്‍ എന്ന ഒരു പേരുണ്ട്. മുതിര്‍ന്നവരും രക്ഷിതാക്കളും മലയാളിത്തം കാത്തു സൂക്ഷിച്ച് ഗൃഹാതുരതയിലും പഴയ കാലത്തെ സൗഹൃദങ്ങളിലും അഭിരമിച്ച് ഓര്‍മ്മകളില്‍ ഊളിയിടുമ്പോള്‍ പൂര്‍ണ്ണ മലയാളിയും പൂര്‍ണ്ണ പ്രവാസിയുമാകാന്‍ കഴിയാതെ വരണ്ട് ജീവിക്കുന്നവരാണ് യഥാര്‍ത്ഥത്തില്‍ പ്രവാസത്തിലെ കുട്ടികള്‍. ഇവര്‍ക്ക് കൂടി കലാലയം വേദി യൊരുക്കുന്നു സാഹിത്യോല്‍സവിലൂടെ. യും അല്ലാതെയും. വനിതകളുടെയും വിദ്യാര്‍ത്ഥിനികളുടെയും സര്‍ഗ വൈഭവങ്ങള്‍ക്ക് നിറം പകരുന്ന രീതിയില്‍ കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി സാഹിത്യോല്‍സവില്‍ പ്രത്യേകം മല്‍സങ്ങളും സംഘടിപ്പിച്ചു വരുന്നുണ്ട്.

അക്ഷരം ചെറുത്തു നില്പുകളുടെ ഇന്ധനം

കലക്കും സാഹിത്യത്തിനും മനുഷ്യരാശിയോളം പഴക്കമുണ്ട്്. ചെറുത്തു നില്പുകളുടെ ഇന്ധനം അക്ഷരമാണ്. ആധുനിക സാങ്കേതിക വിദ്യകളുടെയും കണ്ടുപിടുത്തങ്ങളുടെയും സ്വാധീനം നിരാകരിക്കാനാവില്ലെങ്കിലും സമൂഹത്തില്‍ മാനവികതയും നന്മയും സംഭാവന ചെയ്യുന്നത് സാഹിത്യകൃതികളാണ്. കലയും സാഹിത്യവും നവീകരണം തേടുന്നുണ്ട് എന്നത് നേരു തന്നെ. വിമര്‍ശനങ്ങള്‍ക്ക് അതീതവും അല്ല; നിരൂപണങ്ങളും തിരുത്തുകളും സര്‍ഗാത്മകമാവുമ്പോഴേ അത് സാംസ്‌കാരികവും ഉദാത്തവുമാവൂ.

പുതിയ ചിന്താസ്ഫുരണങ്ങള്‍ നിലക്കുന്നില്ല

യുവത്വത്തിലാണ് ജീവിത വീക്ഷണം രൂപപ്പെടുന്നത്.  ശാസ്ത്രത്തിന്റെയും ദര്‍ശനത്തിന്റെയും കലയുടെയും സംസ്‌കാരത്തിന്റെയും വിവിധരംഗങ്ങളില്‍ സ്വയം അര്‍പ്പണം ചെയ്ത് നിരന്തരം പ്രവര്‍ത്തിച്ചിരുന്ന മനീഷികളുടെയെന്ന പോലെ അവരെ അതിന് പ്രേരിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്ത സാഹചര്യങ്ങളുടെയും സമൂഹത്തിന്റെയും സാംസ്‌കാരിക വികാസത്തിന്റെയും കൂട്ടായ ശ്രമമാണ് വൈജ്ഞാനിക വിപ്ലവം. അതത് മേഖലകളില്‍ ഉയര്‍ന്നു വരുന്നസമസ്യകളെയും പുതിയ ചിന്താസ്ഫുരണങ്ങളെയും ഓരോ പഠിതാവും ആഴത്തില്‍ വിശകലനം ചെയ്തതിന്റെ ഫലം കൂടിയാണിത്. അത്തരമൊരു വിപ്ലവം ഈ വിചാരശീലരുടെ സാംസ്‌കാരിക ഉണര്‍വുകള്‍ക്ക് കഴിയും, തീര്‍ച്ച.

 

Leave a Reply