ആര്‍.എസ്.സി ഹജ്ജ് വളണ്ടിയര്‍ കോര്‍ പരസഹായ നിര്‍വൃതിയില്‍ കരുണ ചുരത്തി ഇവര്‍

ഹജ്ജ് കേവലമൊരനുഷ്ഠാനമല്ല. ഒരനുഭൂതികൂടിയാണ്.ഒന്നിനു പിറകെ ഒന്നായി നിന്നോടിതാ ഉത്തരം ചെയ്യുന്നുവെന്ന ലബ്ബൈകയുടെ മന്ത്രധ്വനികളാള്‍ മുഖരിതമായ അന്തരീക്ഷത്തില്‍ ആത്മീയാനന്ദത്തിന്റെ നെറുകയിലെത്തുകയാണ് ഹജ്ജ് വേളയില്‍ഓരോ ഹാജിയും.
അറഫ കഴിഞ്ഞ് അണപൊട്ടിയൊഴുകുന്ന മനുഷ്യപ്രവാഹത്തിനിടയിലേക്കാണ് ഞങ്ങള്‍ എത്തിപ്പെടുന്നത്. ആ പ്രവാഹത്തോടൊപ്പം ഞങ്ങളുടെശരീരവും മനസ്സുംഅറിയാതെഒഴുകിപ്പോയിരുന്നു. എല്ലാ വര്‍ഷത്തെയും പോലെ ഈ ബലി പെരുന്നാളും ഈ മഹാതീര്‍ത്ഥാടന തീരത്തായിരുന്നുഎന്നതിനപ്പുറം ആര്‍.എസ്.സി ഹജ്ജ് വളണ്ടിയര്‍ കോറിലംഗമായി എന്നത് മനസ്സിന് വല്ലാതെ കുളിര് തന്നു.
മിന, അറഫ കുന്നുകള്‍ക്കിറയില്‍ ഏകദേശം ഇരുപതിലധികം ചതുരശ്ര കിലോമീറ്ററിലായി വ്യാപിച്ചു കിടക്കുന്ന മുപ്പത് ലക്ഷത്തിലധികം ഹാജിമാരെ ഉള്‍ക്കൊള്ളാവുന്ന ഒരു ലക്ഷത്തിലധികം എയര്‍ കണ്ടീഷന്‍ ചെയ്ത കൂടാരങ്ങളുടെ മഹാനഗരമാണ് പ്രധാന സേവനഭൂമി.ഒരിക്കലും അവസാനിക്കാത്ത കാഴ്ചകളും അനുഭവങ്ങളുമാണ് ഈ പുണ്യ നഗരം സമ്മാനിക്കുന്നത്.
ഇവിടെ നില്‍ക്കുമ്പോള്‍ കേട്ടറിഞ്ഞതിലും വായിച്ചറിഞ്ഞതിലും ആരോഗ്യകാലമായതിനാല്‍ അനുഭവിച്ചറിഞ്ഞതിലും എത്രയോ മനോഹരവും കഠിനവുമാണ് ഹജ്ജിന്റെ ത്യാഗമെന്ന് തിരിച്ചറിയാനാവുന്നു. നാലായിരം വര്‍ഷങ്ങളായി തുടരുന്ന മനുഷ്യമഹാ സംഗമത്തിന്റെ വഴിയരികില്‍ ഒരു കാണിയായി അന്ധാളിച്ചു നില്‍ക്കാന്‍ മാത്രം ദുര്‍ബലമാണ് നമ്മുടെ മനസ്സ്. ദൈവ പ്രീതിയിലധിഷ്ഠിതമായി ഇബ്‌റാഹിം(അ) പ്രവാചകന്‍ നടത്തിയ കഠിനമായ ജീവിത യാത്രയുടെ പ്രകാശനമായ ഹജ്ജില്‍ മനുഷ്യ സംസ്‌കൃതിയുടെ ചരിത്രത്തില്‍ എവിടെയും കാണാത്ത പുണ്യനിര്‍ഭരവും ചിരപുരാതനവുമായ തുടര്‍ച്ചയില്‍ അത്രയില്ലെങ്കിലും മറ്റൊരു തലത്തില്‍ ഇന്നും ആത്യാഗം നിലകൊള്ളുന്നു.ഹജ്ജ് നിര്‍വഹണത്തിന് സംവിധാനിക്കപ്പെടുന്ന സൗകര്യങ്ങള്‍ എത്ര തന്നെ വിപുലമായിരുന്നാാലും അടിസ്ഥാനപരമായി അതിന്റെ ത്യാഗസ്വഭാവം ഇല്ലാതാവാത്തതിനാലാണ്‌ലോകത്തിലെ മഹത്തായ ഹജ്ജ് സേവനത്തിന് കെല്‍പും സന്നദ്ധതയുമുള്ളവര്‍ക്ക് ഇടം കിട്ടുന്നത്.
അത് കൊണ്ട് തന്നെസഹയാത്രികന് സേവനം ചെയ്യുന്നത് വ്യവസ്ഥവെച്ച് സംഘടിത ഹജ്ജ് യാത്ര നടത്തിയ മഹത്തുക്കളെ ചരിത്രത്തില്‍ കാണാം. യാത്രയിലും തുടര്‍ന്നും സ്വന്തം കാര്യം എന്നതില്‍ കേന്ദ്രീകരിക്കുന്നതിന് പകരം മാറ്റാര്‍ക്കെങ്കിലും താന്‍ സഹായിയായിത്തീരണമെന്ന നല്ല നിയ്യത്തെടുത്ത് തന്നെയാണ് ഓരോ ഹാജിയും പുണ്യഭൂമിയിലെത്തുന്നത്. മത്വാഫിലും മസ്അയിലും ഹജറുല്‍ അസ്‌വദിനടുത്തും മശാഇറുകളിലും പക്ഷെ ഹാജിയുടെ സ്വന്തം അമലിന്റെ സാധുതയില്‍ ജാഗ്രത പുലര്‍ത്തുന്നതിനാല്‍ പരസഹായം നടക്കാതെ വരുന്നുവെന്നതാണ് വാസ്തവം. എന്നാലും ഹജ്ജ് യാത്രയുടെ ആമുഖമായും അനുബന്ധമായും ഇടയിലും പുണ്യവര്‍ദ്ധനവിനുള്ള ഒരു സാധ്യതയും ഹാജിമാര്‍ തള്ളിക്കളയാറില്ല.
സത്യ വിശ്വാസിയെ സംബന്ധിച്ചിടത്തോളം അവന്റെ അവസാനിക്കാത്ത ലോകത്തെ ജീവിതത്തിന്റെ സുസ്ഥിതിയെക്കുറിച്ചുള്ള മോഹം സ്വാഭാവികമാണല്ലോ. ആഗ്രഹാഭിലാഷങ്ങളുടെ സമ്പൂര്‍ണ സാക്ഷാല്കാത്തിന്റെയും തിരുക്കാഴ്ചയുടെയും ലോകത്ത് ഒരിടം എന്ന മോഹം വിശ്വാസിയില്‍ തിന്മകളില്‍ നിന്നുള്ള കവചമായും നന്മക്കുള്ള പ്രചോദനമായും നിലനില്ക്കുന്നു. ഒരു കര്‍മം കൊണ്ട് അത് നേടാമെങ്കില്‍ അങ്ങനെ ഫലം അതിന്നുണ്ടെങ്കില്‍ അത് കൃത്യവും പൂര്‍ണവുമായ അര്‍ത്ഥത്തിലും രൂപത്തിലും ആകേണ്ടതുണ്ട്. അവിടെയാണ് ഹജ്ജിന്റെയും ഹജ്ജ് സേവനത്തിന്റെയും വ്യാപ്തി കുടികൊള്ളുന്നത്.
മക്കയിലെ പ്രവര്‍ത്തകര്‍ കാലങ്ങളായി അനുഭൂതിയോടെ ചെയ്തു വരുന്ന ഹജ്ജ് വളണ്ടിയര്‍ സേവനം രിസാല സ്റ്റഡി സര്‍ക്കിള്‍ നാഷനല്‍ കമ്മിറ്റിക്ക് കീഴില്‍ കേന്ദ്രീകൃത സ്വഭാവത്തോടെ നടപ്പിലാക്കാന്‍ തുടങ്ങിയിട്ട് ഇത് ഏഴു വര്‍ഷം പൂര്‍ത്തിയായി. സേവനം, ത്യാഗം, മനശാസ്ത്ര സമീപനം എന്നിവയില്‍ നാഷനല്‍ ട്രൈനിംഗ് സമിതിക്ക് കീഴില്‍ മൂന്നു ഘട്ടങ്ങളിലായി പ്രായോഗിക പരിശീലനം സിദ്ധിച്ച 850 വളണ്ടിയര്‍മാരാണ് ഈ വര്‍ഷം കര്‍മ രംഗത്തിറങ്ങിയത്.
ഹജ്ജിനായി എത്തുന്ന പുണ്യതീര്‍ത്ഥാടകര്‍ക്ക് വേണ്ടിമനുഷ്യസാധ്യമായ സേവനങ്ങള്‍ ചെയ്യാന്‍ അവസരം ലഭിക്കുന്നത് എന്തുമാത്രം സംതൃപ്തവും മധുരതരവുമാണ്. നാഥന്റെ അനുഗ്രഹത്താല്‍ ഹജ്ജിന് ലഭിക്കുന്ന അവസരം കണക്കെ വര്‍ഷങ്ങളായി കാത്തു സൂക്ഷിക്കുന്ന മോഹം സാക്ഷാല്‍കരിക്കപ്പെട്ട സന്തോഷത്തിലായിരുന്നു ആദ്യമായി സേവനത്തിനെത്തിയ ഓരോ വളണ്ടിയര്‍മാരും.
ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ ലോകത്തിന്റെ നാനാ കോണുകളില്‍ നിന്നും ഹാജിമാരുടെ ഒഴുക്ക് ശക്തമാകുകയും ഹറമും പരിസരവും ഹാജിമാരെ കൊണ്ട് വീര്‍പ്പുമുട്ടുകയും ചെയ്യുന്നതോടെആര്‍ എസ് സിഹജ്ജ് വളണ്ടിയര്‍ കോര്‍ പ്രവര്‍ത്തകരും വര്‍ഷാവര്‍ഷം കര്‍മ നിരതമാകും. വഴിയറിയാത്തവരെ ലക്ഷ്യസ്ഥാനത്തെത്തിക്കുക, കര്‍മങ്ങള്‍ പൂര്‍ത്തിയാക്കാനാവാതെ വിഷമിക്കുന്നവര്‍ക്ക് അത് ചെയ്യാന്‍ സഹായിക്കുക, അസുഖം കാരണം ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചവരെ പരിചരിക്കുകയും കൂട്ടാളികള്‍ക്ക് വിവരം കൈമാറുകയും ചെയ്യുക. പുണ്യഭൂമിയില്‍ വെച്ച് വിടപറയുന്നവരുടെ വിശുദ്ധ ജനാസക്ക് വേണ്ടിയുള്ള അന്ത്യകര്‍മ്മങ്ങളില്‍ പങ്കാളികളാകുകഎന്നിവയാണ് പ്രധാനമായും ചെയ്ത് വരുന്നത്.
വളണ്ടിയര്‍മാര്‍ എടുക്കേണ്ട മുന്‍കരുതലുകള്‍, സേവന രംഗത്ത് പാലിക്കെണ്ട സൂക്ഷ്മതകള്‍, ഹജ്ജിന്റെ മശാഇറുകളെയും മിനയിലെ സേവന മേഖലകളെയും പ്രത്യേകം സുരക്ഷയും കരുതലും ആവശ്യമുള്ള പ്രദേശങ്ങളെയും മാപിന്റെ സഹായത്തോടെ ക്യാമ്പില്‍ നിന്നുള്ള വളണ്ടിയര്‍ ബാച്ചുകളെ യാത്രയയക്കുന്ന ഓരോ ഘട്ടങ്ങളിലും കോര്‍ഡിനേറ്റര്‍മാര്‍ വിശദീകരിച്ചു കൊണ്ടിരുന്നു. മിനയിലെ വിവിധ റോഡുകള്‍, പാലങ്ങള്‍, ആശുപത്രികള്‍ എന്നിവ കണ്ടെത്താനുള്ള പ്രായോഗിക പരിശീലനം ലഭിച്ചാണ് ഇവിടെയെത്തിയതെങ്കിലും ഈ ഉണര്‍ത്തലുകള്‍ സേവനവഴികളെ കൂടുതല്‍എളുപ്പമാക്കി.
കൂട്ടം തെറ്റിയവരെയും അവശരെയും അന്ധാളിപ്പില്‍ മാനസിക നില വീണ്ടെടുക്കാനാവാത്തവരെയും അവരവരുടെ ടെന്റില്‍ സുരക്ഷിതമായി എത്തിക്കുകയെന്നതാന് മിനയില്‍ ഓരോ വളണ്ടിയേഴ്‌സിനും ചെയ്യാനുള്ളനുള്ളതെന്ന് കാര്‍ഡിനേറ്റര്‍ ഉണര്‍ത്തി.
അറഫ പിരിഞ്ഞുള്ള നാളുകളില്‍ മാത്രമോ ഹജ്ജ് ഭൂമികയിലോ പോലും ഒതുങ്ങുന്നതല്ല ആര്‍.എസ്.സി വളണ്ടിയര്‍മാരുടെ സേവനം.ഒരു ഹാജി അയവിറക്കുന്നതിങ്ങനെ,ഞങ്ങള്‍ ജിദ്ദ ഹജ്ജ് ടെര്‍മിനലില്‍ വന്നിറങ്ങിയത് പുലര്‍ച്ചയോടനുബന്ധിച്ചാണ്. അപ്പോഴും സജീവമായ എയര്‍പോര്‍ട്ടിലെ ആള്‍കൂട്ടത്തിനിടയില്‍ ഓടി നടക്കുന്ന യൂനിഫോം ധാരികളായ ചെറുപ്പക്കാര്‍, എന്തിനും തയ്യാറായുള്ള അവരുടെ ഊര്‍ജ്ജസ്വതല ശരിക്കും അത്ഭുതപ്പെടുത്തി. കൂടെ വരി നിര്‍ത്താന്‍, ലഗേജും സാധനങ്ങളും ചുമക്കാന്‍, ബസ്സില്‍ കൊണ്ട് ചെന്നാക്കാന്‍ എല്ലാം അവര്‍ ആത്മാര്‍ത്ഥതയൊടെ സഹായിക്കുന്നു. പിന്നെ മണിക്കൂറുകള്‍ നീണ്ട മക്കാ യാത്രയാണ്. അവിടെയും അതേ വേഷക്കാര്‍ ഞങ്ങളെ സ്വീകരിക്കാന്‍ കാത്ത് നില്‍ക്കുന്നു. ആരാണിവര്‍?സര്‍ക്കാര്‍ ഉദ്യോഗസ്ഥരോ മുത്വവിഫ് പ്രതിനിധികളോ അല്ല. പിന്നെ പിന്നെ ആ അത്ഭുതത്തിന്, സമാനതകളില്ലാത്ത സേവനത്തിന് ഞങ്ങള്‍ സാക്ഷികളും അനുഭവസ്ഥരുമായി. മിനാ യാത്രയില്‍ മുസ്ദലിഫയില്‍ അറഫയില്‍ ജംറകളില്‍ എല്ലാം.
വിശക്കുമ്പോള്‍ ഭക്ഷണം, ക്ഷീണിച്ചാല്‍ കഞ്ഞി, വെണ്ടപ്പോഴൊക്കെ ചായ..ഇത്രയധികം സേവനസന്നദ്ധരായ ചെറുപ്പകാരെ കണ്ടപ്പോള്‍ അവരുടെ ധന്യതയോര്‍ത്ത് കണ്ണു നിറയാതിരുന്നില്ല. 50, 53 ഡിഗ്രി ചൂടിലും വിയര്‍ത്തൊലിച്ച് ജംറകളില്‍ എറിയാന്‍ കൂടെപ്പോരാനും താമസസ്ഥലത്ത് തിരിച്ച് കൊണ്ടെത്തിക്കാനും വേണ്ടുന്ന എല്ലാ ഒത്താശകളും നിറവേറ്റി ഞങ്ങള്‍ക്കായി ജീവിക്കുകയായിരുന്നു അവര്‍. നാടും വീടും വിട്ട് കുടുംബ പ്രാരാബ്ധം നികത്താന്‍ മരുഭൂമിയിലെത്തിപ്പെട്ട അവര്‍ ഈ മഹത്തായ ദൗത്യത്തിന് സമയം കണ്ടെത്തുന്നതില്‍ പ്രാര്‍ത്ഥനയല്ലാതെ മറ്റൊന്നും തിരിച്ച് നല്കാനാകാതെ മിഴിച്ചിരുന്ന സന്ദര്‍ഭങ്ങളായിരുന്നു ഓരൊന്നും.
ജോലിക്കിടയില്‍ വീണുകിട്ടുന്ന അവധിക്കാലം സേവനത്തിനായി നീക്കി വെക്കാന്‍ താല്പര്യപൂര്‍വം കാത്തിരിക്കുന്ന ചെറുപ്പക്കാര്‍ പുതുകാലത്തിന് പ്രതീക്ഷ നല്‍കുന്നു.മുപ്പത്തിയേഴ് വര്‍ഷമായി ഭൂമി ലോകത്ത് ജീവിക്കുന്നു, പക്ഷെവളണ്ടിയറായി വന്നഈ നാലുനാളുകളോളം ജീവിതം ധന്യമായ ഒരനുഭവം എനിക്കുണ്ടായിട്ടില്ലെന്ന് ആദ്യമായി സേവനത്തിനെത്തിയ ഒരു വളണ്ടിയര്‍ പറയുന്നു. പ്രവാസ ജീവിതം തന്നെ എണ്ണപ്പെട്ട ഈ അവസാന നാളുകളിലാണ് എനിക്കീ അവസരം ലഭിച്ചത്, കഴിഞ്ഞ കുറെ പെരുന്നാള്‍ അവധികളുടെ വ്യര്‍ഥതയോര്‍ന്ന് വ്യസനിക്കുകയാണെന്നാണ് മറ്റൊരു വളണ്ടിയരുടെ ആത്മഗതം.
നാട്ടില്‍ നിന്ന് സര്‍ക്കാര്‍ ഗ്രൂപ്പില്‍ വരുന്ന ഹാജിമാര്‍ക്ക് പലപ്പോഴും മാര്‍ഗനിര്‍ദ്ദേശിയില്ലാതെ വിഷമിക്കുന്നത് പതിവ് കാഴ്ചയാണ്. അഥവാ ഗൈഡ് ഉണ്ടെങ്കില്‍തന്നെ പരിസര പരിചയത്തിന്റെ അഭാവം മൂലം ശരിയായി സഹായിക്കാന്‍ കഴിയാത്തെ അവസ്ഥയും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഈ വര്‍ഷം തന്നെ പെരുന്നാള്‍ ദിവസം ഒരു കോള്‍ വന്നു. കിംഗ് അബ്ദുല്‍ അസീസ് ഹോസ്പിറ്റലിനു മുന്നില്‍ ഒരു യു.പി സ്വദേശി രണ്ടു ദിവസമായി ഇരിപ്പാണ്. അറഫാ സംഗമ ദിവസവും അദ്ദേഹം അവിടെത്തന്നെയാണ് ചെലവഴിച്ചത്.! അത് പോലെ അറഫ സംഗമം കഴിഞ്ഞ ഉടനെ മറ്റു കര്‍മങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതറിയാതെ ഇഹ്‌റാം വേഷം മാറുന്നകാഴ്ചക്കും സാക്ഷിയാകേണ്ടി വന്നു. പ്രായം തളര്‍ത്തിവയരാണ് ഹാജിമാരില്‍ ഭൂരിഭാഗവും എന്നത്ഇത്തരം അവസ്ഥകളെ ഭീകരമാക്കുന്നു.
ത്വരീഖ് മുശാത്തിലൂടെ ജംറയിലേക്കുള്ള ഹാജിമാരുടെ അണമുറിയാത്ത പ്രവാഹം. പശ്ചിമ ബംഗാളില്‍ നിന്ന് വന്ന ഒരു ഹജ്ജുമ്മ നടു റോഡില്‍ ഛര്‍ദിക്കുകയാണ്. ഒരു നിലക്കും ശരീരത്തെ താങ്ങി നിര്‍ത്താനാവാതെ അവര്‍ തളര്‍ന്നു വീണു.ഭര്‍ത്താവും ഇതേ അവസ്ഥ.റഷീദ് പരപ്പനങ്ങാടിയും സംഘാങ്ങളും അവരെ രണ്ടു പേരേയും താങ്ങിയെടുത്ത് വഴിയരികിലേക്ക് കിടത്തി. ജനനിബിഡമായി ഈ വഴിയില്‍ ആംബുലന്‍സ് എത്തിക്കാന്‍ സമയമെടുക്കും എന്നത് മുന്‍കൂട്ടി കണ്ട് തന്നെ ആര്‍.എസ്.സി യുടെ വീല്‍ ചെയര്‍ എത്തിച്ച് ഹോസ്പിറ്റലിലേക്ക് കുതിച്ചു. ഹജ്ജുമ്മക്ക് ഒരു മൈനര്‍ അറ്റാക്ക് കഴിഞ്ഞിരിക്കുന്നു. നാലു ദിവസമായി കാര്യമായി എന്തെങ്കിലും കഴിച്ചിട്ട്. മുഹമ്മദലി വയനാടിന്റെ കൂടെ ഡൊക്ടരുടെ നിര്‍ദ്ദേശപ്രകാരം അവര്‍ക്ക് വേണ്ട പരിചരണങ്ങള്‍ നല്കിയ സമാശ്വാസത്തില്‍ നില്ക്കുമ്പോഴേക്കും ഞങ്ങളുടെ സഹായം ആവശ്യപ്പെട്ട്ക്യാമ്പ് ഒഫീസില്‍ നിന്ന് സൈറ്റ് ലീഡര്‍ശമീര്‍ രണ്ടത്താണിയുടെ ഫോ വന്നു.
106 ലെ 42-ാം മക്തബില്‍ ടെന്റ് നമ്പര്‍ 47 ല്‍ ഒരു മലയാളി രണ്ടു ദിവസമായി ഒന്നിനും കഴിയാതെ കിടപ്പിലാണ്. അവിടെയെത്തി. കടുത്ത പനി. പറ്റെ അവശനായിരിക്കുന്നു. വീല്‍ ചെയറില്‍ വളണ്ടിയേഴ്‌സിന്റെ കയ്യിലെ തുണി പന്തലാക്കി തണലിട്ട് വേഗത്തില്‍ ആശുപത്രിയിലേക്ക്. ആവശ്യമായ പരിചരണം നല്‍കി ടെന്റി തിരിച്ച് കൊണ്ടാക്കിയപ്പോള്‍ അവരുടെയുടെ കുടുംബാങ്ങങ്ങളുടെ നിര്‍വൃതി പറഞ്ഞറിയിക്കാനാവാത്തതായിരുന്നു.
നിശ്ചയിച്ച സമയം വിശ്രമമില്ലാതെ നടന്നു തളര്‍ന്ന് ക്യാമ്പിലേക്ക് മടങ്ങുമ്പോഴാന് വലിയ ശരീര പ്രകൃതിയുള്ള ഒരു ഹാജിയെ പ്രയാസപ്പെട്ട് വീല്‌ചെയറില്‍ മിന കുന്നുകള്‍ ഉന്തി കയറ്റേണ്ടി വന്നതെന്ന് പറയുന്നത് അന്‍വര്‍ ഒളവട്ടൂര്‍. വളരെ മെലിഞ്ഞ എനിക്ക് ആ നിമിഷം അതെങ്ങനെ സാധിച്ചുവെന്ന സുഹൃദ്‌സഹജമായ ചര്‍ച്ചയിലായിരുന്നു തിരിച്ചുള്ള യാത്രയില്‍ സഹവളണ്ടിയര്‍മാര്‍.
സ്വയം മറന്ന് നാഥന്റെ അതിഥികള്‍ക്കായി സഹായം ഹസ്തം നീട്ടി ഓടി നടക്കുന്ന ഇവര്‍ മറ്റു ഭൗതിക താല്പര്യങ്ങള്‍ പോയിട്ട് ഒരു നല്ല വാക്കിന് പോലും കാതോര്‍ക്കാതെ അടുത്ത അവശരെ തേടി നീങ്ങുകയാണ്. തിക്താനുഭവങ്ങളില്‍ പതറാതെയും സ്വയം ശാരീരികാവശതകളെ പ്രകടിപ്പിക്കാതെയും വളണ്ടിയര്‍മാര്‍ നടത്തുന്ന സേവനത്തിന് പകരമായി ഒന്നുമില്ല.
കഴിഞ്ഞ കാലങ്ങളിലെ സേവന പരിചയം മുതലാക്കി കാരുണ്യത്തിന്റെ ആയിരം കതിരുകള്‍ നീട്ടിയും സേവനത്തിന്റെയും സ്‌നേഹത്തിന്റെയും തണലും തലോടലും പകര്‍ന്നും മാനവികത വിളിച്ചറിയിച്ച് വളണ്ടിയര്‍മാര്‍ കാഴ്ചവെക്കുന്ന അര്‍പ്പണ മനസ്സ് പരസ്‌നേഹത്തിന്റെ ഭൂമിയിലെ തുല്യതയില്ലാത്ത മാതൃകകളാണ്. ത്യാഗപരിശ്രമങ്ങളിലൂടെ പൂര്‍ത്തിയാക്കുന്ന ഹജ്ജിന്റെ കര്‍മങ്ങള്‍ നിര്‍വഹിക്കുന്നതിന് ഒരു കൈ സഹായം ലഭിക്കുകയെന്നത് ആരോഗ്യ ദൃഢരായ ഹാജിമാര്‍ പോലും ആഗ്രഹിക്കുന്ന അവസരങ്ങളില്‍ അവശരായവരുടെ പ്രാര്‍ത്ഥാനകളില്‍ ഇടം ലഭിക്കത്തക്ക വിധം ഇടപെടാനാവുകയെന്നതാണ് സേവനത്തിന്റെ ഏറ്റവും വലിയ പുണ്യം.
ഹൃദയ ബന്ധത്തിന്റെ ഊഷ്മളതയും മനവിക ഐക്യത്തിന്റെ നല്ലപാഠങ്ങളും നേരില്‍ അനുഭവിച്ചും അനുഭവിപ്പിച്ചും ഇന്ത്യന്‍ സന്നദ്ധ സേവകര്‍ പ്രത്യേകിച്ച് മലയാളികളായ വിവിധ സംഘടനാ വളണ്ടിയര്‍മാര്‍ കാണിക്കുന്ന ആരോഗ്യകരമായ മല്‍സരം എടുത്തു പറയേണ്ടതാണ്. വിലമതിക്കാത്ത മഹിത സേവനത്തിന്റെ അനുഭൂതികള്‍ ഒരിക്കല്‍ അനുഭവിച്ചറിഞ്ഞവര്‍ തുടര്‍ വര്‍ഷങ്ങളിലും മുടങ്ങാതെ സ്വയം സന്നദ്ധതയോടെ എത്തുന്നതാണ് ആര്‍.എസ്.സിവളന്‍ണ്ടിയര്‍ കോറിന്റെ വിജയം.
പുണ്യ നഗരിയില്‍ സേവനനിരതരായ വളണ്ടിയാര്‍മാരുടെ അനുഭവങ്ങളുടെ ഒരു ചെറിയ രൂപം മാത്രമാണിത്. ഇതും ഇതിലും കനത്തതുമായ കുറേയേറെ തീക്ഷണമായ അനുഭവങ്ങളിലെ പരിഭവമില്ലാതെ ഏറ്റുവാങ്ങി നാഥന്റെ പ്രീതി മാത്രം കാംക്ഷിച്ച് മുന്നേറുന്ന സേവന കാഴ്ചകള്‍ ഒന്നു വേറെത്തന്നെ.
പ്രയാസങ്ങളും തടസ്സങ്ങളുമില്ലാതെ ഹജ്ജ് നിര്‍വഹിക്കുന്നതിനായി സൗദി അധികൃതര്‍ ഒരുക്കിയ ശാസ്ത്രീയമായ ഭൗതിക സംവിധാനങ്ങള്‍ കിടയറ്റതാവുമ്പോള്‍ തന്നെ വളണ്ടിയര്‍ സേവനങ്ങള്‍ ആവശ്യമായ എത്രയോ മേഖലകള്‍ ഇനിയും ശേഷിക്കുന്നുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം.
അന്താരാഷ്ട്ര സംഘടനകളും സൗദി സുരക്ഷാ സേനകളും മലയാളികളുടെ സേവന സന്നദ്ധതയെ പ്രകീര്‍ത്തിച്ചു. അറബ് ഇംഗ്ലീസ് പത്രങ്ങള്‍ ത്യാഗ നിര്‍ഭരമായ ഈ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് വാര്‍ത്തയും ലേഖനങ്ങളും നല്‍കുകയുമുണ്ടായി.
വിശ്വ കേന്ദ്രത്തിന്റെഓരത്തുകൂടി ലോകത്തിലെ ഏറ്റവും വലിയ ഘടികാര ഗോപുരത്തിന്റെ വലിയസൂചികള്‍ പിറകില്‍ അവ്യക്തതയിലേക്ക് മാഞ്ഞു പോവുമ്പൊഴും ഏവരുടെയുംമനസ്സില്‍ ഒറ്റ പ്രാര്‍ത്ഥനയേ ഉണ്ടായിരുന്നുള്ളൂ, ഏറ്റവും അടുത്ത വര്‍ഷം എല്ലാചൈതന്യത്തെയും പൂര്‍ണ്ണമായി ഉള്‍ക്കൊണ്ടു അഭിലഷിക്കുന്നവര്‍ക്കെല്ലാം ഒരു ഹജ്ജ് നീ സാധിച്ചു തരണേ എന്ന്.

Leave a Reply