ആര്‍.എസ്.സി ദോഹ സിറ്റിംഗ് ; പ്രബോധനോപായങ്ങളുടെ ജൈവികതയ്ക്കായി രണ്ടു ചര്‍ച്ചാദിനങ്ങള്‍

ഗള്‍ഫ് പ്രവാസത്തിലെ നവ യുവ ഇസ്‌ലാമിക സാംസ്‌കാരിക സംഘ മുന്നേറ്റത്തില്‍ സംവാദാത്മക സര്‍ഗസ്വാതന്ത്ര്യത്തിന്റെയും ലക്ഷ്യാധിഷ്ടിത പ്രായോഗ സാധ്യതയുടെയും പ്രാധാന്യവും ഇടവും ബോധ്യപ്പെടുത്തിയാണ് 2016 ജനുവരി 29, 30 തിയ്യതികളില്‍ ഖത്വറിലെ ദോഹയില്‍ നടന്ന ആര്‍.എസ്.സി ഗള്‍ഫ് കൗണ്‍സില്‍ സവിശേഷ സിറ്റിംഗ് സമാപിച്ചത്.

ലക്ഷ്യം/ദൗത്യം
വിശ്വോത്തര ഇസ്‌ലാമിക വായനകള്‍ പ്രത്യായശാസ്ത്ര പരിസരങ്ങളിലൂടെ ഉപരിപ്ലവ സഞ്ചാരം നടത്തുകയും ഇരമുസ്‌ലിമിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്യുന്നിടത്ത് സൂക്ഷ്മ ഇസ്‌ലാമിന്റെ അടയാള പ്രദര്‍ശനങ്ങളിലൂടെ പ്രാക്ടീസിംഗ് മുസ്‌ലിമിനെ അവതരിപ്പിക്കുകയെന്നതാണ് ഇന്നത്തെ പ്രധാന പ്രബോധന ദൗത്യം. വ്യക്തി ബന്ധങ്ങളിലൂടെ ഇഴയടുപ്പമുള്ള ചങ്ങാത്തത്തിന്റെ സാക്ഷാല്‍കാരം സുസാധ്യമാകുമ്പോള്‍ മാത്രമാണ് സ്വാഭാവിക പ്രബോധനം സംഭവിക്കുക. ദൗത്യ നിര്‍വ്വഹണ വഴിയിലെ കേവല ഉപായം എന്നതിനപ്പുറം പദ്ധതികളിലെ പ്രബോധന സുബോധ്യമാണിതിനാവശ്യം. നൊസ്റ്റാള്‍ജിയകളില്‍ അഭിരമിച്ച് നഷ്ടസ്വപ്നങ്ങളുടെ നെടുവീര്‍പ്പുകള്‍ മാത്രം മുഴങ്ങി കേട്ടിരുന്ന പ്രവാസ വീഥിയില്‍ കാലങ്ങള്‍ക്ക് മായിക്കാന്‍ കഴിയാത്ത അഗാധ ചേര്‍ച്ചയുടെ സൗഹൃദ സൊസ്റ്റാള്‍ജിയകളില്‍ മാറ്റാനാവാത്തതൊന്നുമില്ലെന്ന് തെളിയിക്കാനുള്ള തീര്‍ച്ചയിലായിരുന്നു ഇവിടെ കൂടിയ ഒരു പറ്റം യുവാക്കള്‍.

ഇടം/ സാധ്യതകള്‍
പുതിയ സാങ്കേതിക സങ്കേതങ്ങളുടെയും സംഘങ്ങളുടെയും ക്രിയാത്മക ഉപയോഗവും പ്രവാസി കുട്ടികളുടെ സാമൂഹീകരണ പ്രക്രിയക്കാവശ്യമായ ശക്തമായ ഇടപെടലുകളുടെ ആവശ്യകതയും നിഷ്‌ക്രിയത്വത്തിന്റെ ഉടയാടയണിഞ്ഞവരെന്ന അപഖ്യാതിയെ തിരുത്തിയെഴുതാന്‍ വനിതകളുടെയും പെണ്‍കുട്ടികളുടെയും സമഗ്ര മാറ്റത്തിനായുള്ള വേറിട്ട രീതികളും പാരമ്പര്യ ഉണ്മയെ നിലനിര്‍ത്തിയുള്ള സാംസ്‌കാരിക ഉണര്‍വ്വുകളും വിഷയീഭവിച്ച ചര്‍ച്ചകളില്‍ പ്രബോധനോപായങ്ങളുടെ ജൈവികതക്കായി സംവാദാത്മക വാതില്‍ തുറന്നിടുകയായിരുന്നു ദോഹ സിറ്റിംഗ്.

ആശയ സംവാദം/ചര്‍ച്ച
ആശയ ഭദ്രതയും സ്വപ്നങ്ങളുടെ നവീകരണവും കാലത്തോടൊട്ടി നിന്നുള്ള കര്‍മ്മ നൈരന്ത്യവും കൈവരുന്നത് കീഴ്തട്ടില്‍ നിന്നുള്ള ആശയ ചര്‍ച്ചകളിലൂടെയാണ്. ഈ രീതി എഴുതപ്പെടാത്ത, എന്നാല്‍ നിയതവും സുവ്യക്തവുമായ നയ നിലപാടുകളായി രൂപപ്പെട്ട് മനസ്സിലുറക്കാന്‍ സഹായിക്കുന്നു. തുറന്നു പറച്ചിലുകളിലൂടെ മാത്രമേ യഥാര്‍ത്ഥ സൗഹൃദം രൂപപ്പെടുകയുള്ളൂ. കൂട്ടമായ അദ്ധ്വാനം ഫലപ്രദമാകുന്നതിന്റെ നിദാനം ഈ അടുപ്പമാണ്. ആത്മാഭിമാനവും ആത്മവിശ്വാസവും ഉള്ള അദ്ധ്വാനങ്ങള്‍ക്ക് ആസ്വാദനനമുണ്ടാകും. അത്തരം ആസ്വാദനങ്ങളിലൂടെ ലഭിക്കുന്ന നിര്‍വൃതിക്കു് മാനസികാരോഗ്യവും മനോഭാവവും ആണ് പ്രധാനം. പ്രാസ്ഥാനിക ഏകത സ്വപ്നം കാണുകയും അതിലേക്കുള്ള ചുവടുവെയ്പുകള്‍ക്കായി ആക്കം കൂട്ടുന്ന സമീപനങ്ങളിലൂടെ പക്വമായ കാത്തിരിപ്പും പരിശ്രമവുമാണ് സാക്ഷാല്‍കാര വേഗം കൂട്ടുക. ലഭിക്കുന്ന പദ്ധതികളിലും പരിപാടികളിലും കസ്റ്റമൈസേഷനിലൂടെ അടിസ്ഥാന പ്രബോധന ലക്ഷ്യലെത്തിച്ചേരാന്‍ വലിയ ആശയ പ്രതലം രൂപപ്പെട്ടുവരേണ്ടതുണ്ട്. ഇത്തരം അടിസ്ഥാന ശിലകളില്‍ ഊന്നി നിന്ന് നിര്‍വ്വാഹകാംഗങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും പ്രത്യേക പരിശീലനക്കളരികള്‍ സംഘടിപ്പിക്കാനുള്ള ആശയങ്ങളും ആസൂത്രണ മികവോടെ പങ്കുവെക്കപ്പെട്ടു. ഒരു വര്‍ഷത്തെ പ്രവര്‍ത്തനത്തെ ആശയ പരമായി സമീപിക്കുന്നതായിയിരുന്നു ഓരോ ചര്‍ച്ചകളും. ആശയത്തെ സ്ഥാപിക്കുന്നതിനോ തുലനം ചെയ്യുന്നതിനോ മാത്രം സ്ഥിതി വിവര കണക്കുകള്‍ കടന്നു വരേണ്ടതുള്ളൂ എന്ന ആമുഖത്തോടെയാണ് റിപ്പോര്‍ട്ട് ചര്‍ച്ച ആരംഭിച്ചതു തന്നെ.

ക്വാളിറ്റി/ക്വാണ്ടിറ്റി
സംഘടനാ പ്രവര്‍ത്തനം ഇബാദത്താണ്; നിസ്‌കാരത്തിലും മറ്റു ആരാധനകളിലും മുഴുവന്‍ ചിന്തയും അതില്‍ മുഴുകുന്നത് പോലെ ഈ ഇരുത്തവും അങ്ങനെയായിരിക്കുമെന്ന ആമുഖത്തോടെയാണ് ജമാല്‍ അസ്ഹരി ഉദ്ഘാടനത്തിനായി അബ്ദുല്‍ കരീം ഹാജി മേമുണ്ടയെ ക്ഷണിച്ചത്. ക്വാണ്ടിറ്റി കൂടുമ്പോള്‍ ക്വാളിറ്റിയില്‍ കുറവു വരുന്നുണ്ടോ എന്ന ചിന്ത നമ്മെ നന്നായി നിലനിര്‍ത്താനുപകരിക്കുമെന്നായിരുന്നു മേമുണ്ട ഉസ്താദിന്റെ ഉദ്ഘാടന ഭാഷണത്തിന്റെ രത്‌നച്ചുരുക്കം. കൗണ്‍സിലുകളിലൂടെയുള്ള തിരിഞ്ഞു നോട്ടങ്ങള്‍ യഥാര്‍ത്ഥത്തില്‍ നിര്‍വ്വഹിക്കുന്നത് ഈ പരിശോധയും നിവാരണവുമാണ്. അത്തരം കണക്കെടുപ്പുകളാണ് ഇസ്‌ലാമിക/ സാമൂഹ്യ ജീവിതത്തില്‍ നമുക്ക് ഊര്‍ജ്ജം പകരുന്നതും.

ധര്‍മ്മം/ മര്‍മ്മം
ശേഷം നടന്ന ‘കൗണ്‍സില്‍ ധര്‍മ്മം’ എന്ന പഠനം ഖുര്‍ആന്‍ വിശേഷിപ്പിച്ച വലിയ വ്യവഹാരത്തിനിറങ്ങിയ(business)വരുടെ ദ്വിമുഖ ബാധ്യതകളെ ബോധ്യപ്പെടുത്തി. അമാനത്തായ വിശ്വാസത്തെ കാത്തു സംരക്ഷിക്കാമെന്ന ഉടമ്പടി കൗണ്‍സില്‍ അംഗങ്ങളില്‍ നിക്ഷിപ്തമാണ്. ഈമാനിന്റെ 70 ശാഖകളില്‍ ഏറ്റവും ചെറുത് വഴിയിലെ തടസ്സങ്ങള്‍ നീക്കലാണ്. ഈ ഹദീസില്‍ ഒരു പ്രവൃത്തിയെ വിശ്വാസവുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്്. വിശ്വാസപ്രകടനം പ്രവര്‍ത്തനത്തിലൂടെ ആയിരിക്കണമെന്നാണിത് പഠിപ്പിക്കുന്നത്. നമ്മില്‍ തന്നെയും സമൂഹത്തിലുമുള്ള തടസ്സങ്ങളെ നീക്കാനുള്ള ഉദ്യമമാണ് ഓരോ കൗണ്‍സിലറുടേതും. കുറച്ചധികം പേരെ പ്രതിനിധാനം ചെയ്യുന്ന ഗള്‍ഫ് കൗണ്‍സില്‍ കൗണ്‍സിലറുടെ വൈപുല്യം വലുതാണ്. വര്‍ഷത്തില്‍ രണ്ടു തവണ കൗണ്‍സില്‍ മീറ്റുകള്‍ നടത്തുന്നത് അവലോകനങ്ങളിലൂടെ മികവ് കണ്ടെത്തി അത് തുടര്‍ത്താനും ന്യുനതകളുടെ കാരണങ്ങള്‍ തേടി അവ തുരത്താനും വേണ്ടിയാണ്്.

സമൂഹത്തിന്റെ ചെരുപ്പുകള്‍
പ്രബോധകരുടെ ധര്‍മ്മവും സ്ഥാനവും ബോധ്യപ്പെടുത്തതായിരുന്നു പ്രയോഗം. പ്രബോധിതരുമായി എത്ര ഒട്ടി നില്ക്കുന്നുവെന്നും ചെരുപ്പ് പ്രയോഗം ബോധ്യപ്പെടുത്തി. സംഭവം ഇങ്ങനെ, മഹാനായ ജഅ്ഫര്‍ സ്വാദിഖ്(റ) സയ്യിദാണ്. എല്ലാ സയ്യിദുമാരേയും വിളിച്ചു അവര്‍ പറഞ്ഞു; നിങ്ങളെല്ലാം സമൂഹത്തിന്റെ ചെരുപ്പുകളാണെന്ന്.! കൊടും താപത്തില്‍ നിന്നും പരുക്കുകളില്‍ നിന്നും കാലിന്റെ ഉപ്പൂറ്റിയെ സംരക്ഷിക്കുന്ന ഉത്തരവാദിത്തമാണ് ചെരുപ്പിന്. ഒരു മനുഷ്യന് ഉപ്പൂറ്റി വളരെ പ്രധാനമാണ്. അവിടെ കഴുകിയാല്‍ തലച്ചോറ് വരെ അതിന്റെ ഇഫക്ട് എത്തുമെന്ന് ആധുനിക ശാസ്ത്രം. സമൂഹത്തെ കുഴപ്പങ്ങളില്‍ നിന്ന് സംരക്ഷിക്കലാണ് ചെരുപ്പ് പ്രയോഗത്തിന്റെ വിശദീകരണമെന്ന് പറഞ്ഞപ്പോള്‍ സയ്യിദുമാര്‍ക്ക് സന്തോഷമായി. കൗണ്‍സിലര്‍മാര്‍ പ്രവര്‍ത്തകരുടെ ചെരുപ്പുകളാണ്. പ്രയാസങ്ങളിലും തടസ്സങ്ങളിലും ഒരു പ്രവര്‍ത്തകന്‍ നിസ്സഹായനാകുന്നത് കൗണ്‍സിലര്‍ അവയില്‍ നിന്ന് രക്ഷ നല്‍കുന്ന ചെരുപ്പാകാത്തതിനാലാണ്. നാം നിര്‍വ്വഹിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഒരേ ലക്ഷ്യത്തിനു വേണ്ടിയാണെങ്കിലും പദ്ധതികള്‍ക്കും ആവര്‍ത്തിച്ചുള്ള ഉണര്‍ത്തലുകള്‍ക്കും പുതുമയില്ലെങ്കില്‍ പ്രവര്‍ത്തകര്‍ അസ്വസ്ഥരും ആലസ്യത്തിലകപ്പെട്ടവരുമാകും.

അദ്യാനുഭൂതി
പ്രബോധകന്റെ അറിവു ത്വരയെയും അത് ലഭിക്കുമ്പോഴുള്ള അനുഭൂതിയെയും അത്വാഅ് (റ) ചരിത്രത്തില്‍ നിന്ന് അബ്ദുല്‍ കാലാം സര്‍ വിവരിച്ചു. ഒരു അറിവ് കേള്‍ക്കുമ്പോള്‍ മുമ്പ് കേട്ടതാണെങ്കില്‍ പോലും ആദ്യം കേള്‍ക്കുന്നത് പോലെ കേള്‍ക്കണം. അത്വാഅ്(റ)പറഞ്ഞു, ചിലര്‍ എന്നോട് ഹദീസ് പറയുമ്പോള്‍ ആദ്യമായി കേള്‍ക്കുന്നത് പോലെ ഞാന്‍ കേള്‍ക്കും, ഒരു പക്ഷെ പറയുന്ന ആള്‍ ജനിക്കുന്നതിന് മുമ്പെ അത് ഞാന്‍ കേട്ടതാണെങ്കില്‍ പോലും.

സംഘടനാ മാനാജ്‌മെന്റ്
സംഘടനാ മാനാജ്‌മെന്റ് സെഷനില്‍ ഊര്‍ജ്ജ പ്രയോഗത്തിന്റെ തന്ത്രങ്ങളെയും സൂത്രങ്ങളെയും മനോഭാവ ക്രമങ്ങളെയും സോദാഹരണം വിശദീകരിക്കപ്പെട്ടു. വൈവിധ്യങ്ങള്‍ക്കും ആശയ സംഭാവനക്കും കൂടുതല്‍ പ്രാമുഖ്യം കൊടുക്കുന്നതിന്റെയും അത്തരം ഇടങ്ങള്‍ സീനിയോരിറ്റിക്കപ്പുറം സ്വീകരിക്കപ്പെടുന്നത് ഇസ്‌ലാമിക ചരിത്രവും പാഠവുമാണ്. സഹകൂട്ടുകാരെ വിശ്വാസത്തിലെടുത്ത് ഘടകങ്ങളെ ബന്ധിപ്പിക്കുമ്പോഴാണ് മാനേജ്‌മെന്റ് പൂര്‍ത്തിയാകുന്നത്. നിലപാടുകള്‍ രൂപപ്പെടുന്നത് സഹവാസത്തില്‍ നിന്നാണ്. അകത്തെക്കുറിച്ചുള്ള വ്യക്തമായ ധാരണയോടെ പരിചരണങ്ങള്‍ സമയാസമയം കൊടുക്കലും മാനേജ്‌മെന്റിന്റെ ഭാഗം തന്നെ. അങ്ങനെ വരുമ്പോള്‍ നയപരമായി, വിദ്യാഭ്യാസ പരമായി, വിജ്ഞാനികമായി പക്വതയിലെത്തിയ ഒരു ടീം വാര്‍ത്തെടുക്കപ്പെടും.

കാഴ്ചകള്‍/സ്വപ്നങ്ങള്‍
ദൂരക്കാഴ്ചകളോടെ ബൃഹത്തായ സ്വപ്നങ്ങളും കാഴ്ചപ്പാടുകളും അവതരിപ്പിക്കപ്പെട്ടതില്‍ പ്രസ്‌ക്തമായവ ഇവയായിരുന്നു. സാമൂഹ്യമാധ്യമങ്ങളിലെ ഇടതു ചരിവിനു പകരം ഇസ്‌ലാമിക സൂഫി ധാരകളിലൂടെയുള്ള നയ സമീപനങ്ങള്‍ അവതരിപ്പിക്കാനുതകുന്ന ആക്ടിവിസ്റ്റുകള്‍ വാര്‍ത്തക്കപ്പെടുക, പ്രവാസി വിദ്യാര്‍ത്ഥികള്‍ക്കായി സ്റ്റുഡന്റ്‌സ് സര്‍ക്കിള്‍, സാങ്കേതികമായ സംഘടനാ കാലത്തിനു ശേഷവും സ്വന്തത്തില്‍ ദഅ്‌വ അവശേഷിക്കല്‍
വിസ്ഡം പദ്ധതികള്‍ക്ക് കീഴില്‍ പ്രൊഫഷനല്‍ രംഗത്തെ ലക്ഷ്യം വെക്കുന്നത് പോലെ ആത്മീയ രംഗത്തെ ഗവേഷണത്വരയുള്ള പണ്ഡിതരുടെ സൃഷ്ടിപ്പ്.

നസ്വീഹത്ത്
രണ്ടാം ദിവസത്തിലെ പ്രഭാതം വെളുത്തത് നസ്വീകത്ത് സെഷനോടെയാണ്. പറവണ്ണ അബ്ദുല്‍ റസാഖ് മുസ്‌ലിയാര്‍ നടത്തിയ നസ്വീഹത്ത് സര്‍വതല സ്പര്‍ശിയായിരുന്നു. പതിനേഴാം വയസ്സില്‍ ഗള്‍ഫില്‍ എത്തിപ്പെട്ടതിനു ശേഷം ദര്‍സ് സംവിധാനത്തോടെ ഇസ്‌ലാമിക പഠനം സാധ്യമാക്കിയ സ്വാനുഭവത്തില്‍ നിന്ന് തുടങ്ങി ഇപ്പോഴും ദര്‍സ് രംഗത്ത് സജീവമായി നിലകൊള്ളാന്‍ കഴിയുന്നതിന്റെ ചാരിതാര്‍ത്ഥ്യത്തില്‍ ആണ് നസ്വീഹത്ത് മുന്നോട്ട് പോയത്. മനസ്സാണ് സംസ്‌കരണത്തിന്റെ അടിത്തറ. ശരീരം അടിസ്ഥാനപരമായി സല്‍കര്‍മ്മങ്ങളെ ഇഷ്ടപ്പെടുന്ന പ്രകൃതമല്ല. നന്മക്കുള്ളതാണെങ്കില്‍ പോലും മനസ്സിന്റെ ത്വര രണ്ടു നിലക്കാണ്. നല്ലത് ധൃതിയില്‍ ചെയ്തു തീര്‍ക്കാനുള്ള തോന്നലുകള്‍ പോലും പിശാചില്‍ നിന്നാണ്. ആലോചിക്കാന്‍ സമയം ലഭിക്കാത്തതത്രയും നാഥനില്‍ നിന്നുള്ള വിളിയാളമല്ല. നല്ല കാര്യങ്ങളില്‍ തോന്നുന്ന അമിത ആവേശവും താല്പര്യവും വരെ നാഥന്റെ തൃപ്തിയിലാണോ എന്ന് രണ്ടുവട്ടം ആലോചിക്കേണ്ടതായുണ്ട്. മനസ്സിന്റെ ചോദനകള്‍ എവിടെ നിന്ന് എന്ന് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്നിടത്താണ് സംസ്‌കരണം നടക്കുന്നത്. അത് തിരിച്ചറിയാനാണ് ആത്മവിജ്ഞാന-സംസ്‌കരണ ശാഖ (തസ്വവ്വുഫ്) ഉരുവം കൊണ്ടത്. ജുനൈദുല്‍ ബഗ്ദാദില്‍(റ) നിന്ന് തുടങ്ങി ശൈഖ് ജീലാനി(റ) തങ്ങള്‍ പൂര്‍ത്തീകരിച്ച മാര്‍ഗമതാണ്. ഇസ്‌ലാമിക വൈരികള്‍ എന്നും ഈ ശാഖക്ക് പുറത്താണ്. ചീത്ത ചിന്തകളില്‍ അകപ്പെടുന്ന ആള്‍ ഉടനെ പശ്ചാതാപം ചെയ്യണമെന്നതിന്റെ ഉദ്ദേശ്യം അതാണ്. അല്ലെങ്കില്‍ അവിടെത്തന്നെ തുടരാന്‍ മനസ്സ് പറയും. ഒരു ചീത്ത ചിന്ത പിശാചില്‍ നിന്നാണെങ്കില്‍ പോലും അതില്‍ നിന്ന് രക്ഷപ്പെടാന്‍ ചെറിയ ദിക്‌റ് കൊണ്ടോ ഇസ്തിഗ്ഫാറ് കൊണ്ടോ കഴിയും. പക്ഷെ മനസ്സില്‍ നിന്നാണ് അത്തരം ചിന്ത വരുന്നതെങ്കില്‍ ദിക്‌റ് കൊണ്ട് നടക്കില്ല. ദിക്‌റ് മജ്‌ലിസില്‍ പോലും ചീത്ത ചിന്തകള്‍ വരും. അതിനെ തടുക്കാനുള്ള പ്രയാസത്തെ ബോധ്യപ്പെടുത്താനാണ് മുത്ത് നബി ജിഹാദുല്‍ അക്ബര്‍ എന്ന് പ്രയോഗിച്ചത്. വലിയ സമരം അതാണ്. തെറ്റിന്റെ സാഹചര്യങ്ങളെ ഇല്ലാതെയാക്കലും, നല്ലവരുമായി കൂട്ടുകൂടലും, ഒറ്റക്കിരിക്കുന്ന അവസ്ഥ ഒഴിവാക്കലുമാണ് ദേഹേച്ഛ്കളില്‍ നിന്ന് രക്ഷപ്പെടാന്‍ എടുക്കേണ്ട മുന്‍കരുതലുകള്‍.

പ്രസ്ഥാനം: യുവം, ഭാവി
ചൂടുപിടിച്ച ആശയ സംവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ബോധ്യങ്ങള്ക്കും വേദിയായ സെഷനായിരുന്നു ‘പ്രസ്ഥാനം: യുവം, ഭാവി’. നേതൃ തീരുമാനത്തോടൊപ്പം ഉറച്ച് സഞ്ചരിക്കാന്‍ പാകപ്പെട്ട മനസ്സിനെ ഒരുക്കുന്നതിനുള്ള വ്യക്തമായ കാഴ്ചപ്പാടുകളോടെയുള്ള പ്രാസ്ഥാനിക ഏകതയുടെ പ്രഖ്യാപനമായിരുന്നു സെഷന്‍. ആത്മവിശ്വാസമാണ് പ്രവര്‍ത്തനത്തില്‍ ഫലം ഉണ്ടാക്കുന്നതിന്റെ നിദാനം. വര്‍ഗ ബഹുജന സംഘങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പൊതു സംവിധാനം നം എന്ന നിലയില്‍ പ്രസ്ഥാനവും പ്രത്യേക ലക്ഷ്യത്തില്‍ പ്രസ്ഥാനത്തിനു കീഴില്‍ ഉള്ള ചെറു സംഘങ്ങള്‍ ആയി കെട്ടുറപ്പുള്ള സംഘടനകളും ഇന്നു നമുക്കുണ്ട്. ആശയ തലത്തില്‍ സമസ്തയും കര്‍മ്മ രംഗത്ത് മുസ്‌ലിം ജമാഅത്തും ആണ് പ്രസ്ഥാനം. യുവം പ്രമേയമാക്കിയ ആര്‍.എസ്.സി യുടെ ഇടം പ്രവാസ ലോകത്ത് നില നില്‍ക്കുന്നു. പ്രതീക്ഷയും പ്രസ്‌ക്തിയുമുള്ള മുന്നേറ്റത്തിന്റെ ഭാവിയില്‍ കൂടുതല്‍ ഉത്തരവാദിത്തം ദ്ധിച്ചിരിക്കുകയാണ്.

ആശ്വാസം
പ്രവര്‍ത്തകരുടെ വൈഷമ്യങ്ങള്‍ക്ക് താങ്ങായി രൂപം കൊണ്ടതാണ് ആശ്വാസം. ചങ്ങാത്തത്തിന്റെ ഉയര്‍ന്ന ഭാവമാണ്, എല്ലാ രംഗത്തും കൂട്ടുകാരന് ആശ്വാസമേകുകയെന്നത്. അറിവിലും സംസ്‌കാരത്തിലും വളര്‍ച്ചയിലും ഉണര്‍വ്വിലും ഇത് സാധ്യമാക്കുന്നതോടൊപ്പം ആരുമറിയാതെയും വിലാസമില്ലാതെയും പ്രവര്‍ത്തകന്റെസാമ്പത്തിക പ്രയാസങ്ങളെ നിവര്‍ത്തിക്കാനുള്ള സംസ്‌കാരം കരുപ്പിടിപ്പിക്കുന്നതിനും സാമ്പത്തിക അച്ചടക്കവും ബാധ്യതാ നിര്‍വ്വഹണവും സ്വജീവിതത്തില്‍ തുടരുന്നതിനും വേണ്ടിയുള്ള ആശയമായിരുന്നു ആശ്വാസം.

സമാപ്തം
യൂനിറ്റ് തലം തൊട്ട് നടന്ന വാര്‍ഷിക കൗണ്‍സിലുകളുടെ തുടര്‍ച്ച എന്ന നിലയിലാണ് ആര്‍.എസ്.സി കോര്‍ഡിനേറ്റര്‍ കെ. അബ്ദുല്‍ കലാം മാവൂരിനൊപ്പം ഗള്‍ഫിലെ ആറു രാജ്യങ്ങളില്‍ നിന്ന് വന്ന 38 പ്രതിനിധികള്‍ ഒത്തു കൂടിയത്്. ഗള്‍ഫ് കൗണ്‍സില്‍ വാര്‍ഷിക റിപ്പോര്‍ട്ടിന്മേല്‍ നാഷനല്‍ കമ്മിറ്റികള്‍ നേരത്തെ നടത്തിയ മാരത്തോണ്‍ ചര്‍ച്ചകളുടെ സംക്ഷിപ്താവതരണം, വിവിധ ഉപസമിതികളുടെ ലക്ഷ്യവും സ്വഭാവം സാധ്യതകളും പ്രായോഗികതയും വ്യക്തമാക്കി നടന്ന മുഖാമുഖം, ശാക്തീകരണ നോട്ടില്‍ നിന്ന് ക്ലിപ്തപ്പെടുത്തി നല്‍കിയ ഭാഗങ്ങളെ കേന്ദ്രീകരിച്ച് നടന്ന പ്രമേയ ചര്‍ച്ച, അനുഭവ സാക്ഷ്യങ്ങളുടെ ചുരുളുകള്‍ നിവര്‍ത്തപ്പെട്ട സ്‌നേഹ സംവാദം, ഓരോ തീര്‍പ്പുകളുടെയും മുന്നോടിയായും ഇടക്കിടയ്ക്കും തുറന്ന ചര്‍ച്ചക്കായി നല്‍കപ്പെട്ട ശൂന്യ വേളകള്‍, പഠനങ്ങള്‍, സംവേദനങ്ങള്‍, നസ്വീഹത്ത് എല്ലാം പ്രഢവും നല്ല തയ്യാറെടുപ്പോടെയുള്ളതും അനുഭവങ്ങളും പാഠങ്ങളും നിറഞ്ഞവയുമായിരുന്നു.
ആര്‍.എസ്.സി യുടെ സംഘടനാ ചരിത്രത്തിലെ അനര്‍ഘ അധ്യായങ്ങളായ നാലു സമ്മിറ്റുകളുടെ നാമധേയത്തില്‍ മുന്‍കൂട്ടി രൂപീകൃതമായ സംയുക്ത ചര്‍ച്ചാ ഗ്രൂപ്പുകള്‍ മക്ക, ദുബൈ, കുവൈറ്റ്, മസ്‌കറ്റ് പേരുകളില്‍ ഓരോ സെഷനുകളെയും സമ്പന്നമാക്കി.
ജമാല്‍ അസ്ഹരി, റസാഖ് മാറഞ്ചേരി, ഫിറോസ് അബ്ദുല്‍ റഹ്മാന്‍ നയിച്ച പ്രസീഡിയത്തിന്റെ നിയന്ത്രണത്തില്‍ രണ്ടു നാള്‍ ശരിക്കും സ്ഫുടം ചെയത സംഘടനാ അലോചനകളുടെയും ക്രിയാത്മക സൂത്രങ്ങളുടെയും സംഗമവേദിയായി. ജബ്ബാര്‍ പി.സി.കെ, ശമീ കെ സിറ്റിംഗ് നിമിഷങ്ങളെ ഒപ്പിയെടുത്ത് മിനുട്‌സാക്കി. സംവിധാന സജ്ജീകരണത്തിനു ഉമര്‍ കുണ്ടുതോടിന്റെ നേതൃത്ത്വത്തില്‍ ഖത്വര്‍ ടീം സജീവമായി നിലകൊണ്ടു. ഓഫീസ് സഹായത്തിനു ഗള്‍ഫ് കൗണ്‍സില്‍ ഓഫീസ് സെക്രട്ടറി ജാസിം ഓടി നടന്നു. പ്രോഗ്രാം ചുമതല ജാബിറലി പത്തനാപുരത്തിനായിരുന്നു.

സമൂഹവും കാലവും പ്രബോധന രംഗവും തേടുന്ന മഹത്തായ ആശയം അടങ്ങിയ സ്‌നേഹം സാമയികം പദ്ധതി കരട് അവതരിപ്പിക്കപ്പെട്ടു. വിവിധ ചര്‍ച്ചകളില്‍ നിന്നും സംവാദങ്ങളില്‍ നിന്നും ഉരുത്തിരിഞ്ഞ ആശയങ്ങളുടെ അടിസ്ഥാനത്തില്‍ ഹൃസ്വകാലാടിസ്ഥാനത്തില്‍ നടപ്പില്‍ വരുത്തേണ്ട പദ്ധതികളുടെ കരട് സംഘടനാ പ്രമേയമായി അവതരിപ്പിച്ചു.

 

Leave a Reply