സാമൂഹിക ജാഗ്രതയുടെ സാംസ്‌കാരിക സമ്മിറ്റ്

ഗള്‍ഫ് മലയാളി സമൂഹത്തില്‍ സാംസ്‌കാരിക ജാഗ്രതയുടെയുടും കാരുണ്യ സ്പര്‍ശങ്ങളുടെയും സേവന സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനുള്ള സംഘ യത്‌നങ്ങള്‍ക്ക് ആശയപരവും ക്രമീകൃതവുമായ നയങ്ങളും നിലപാടുകളും രൂപപ്പെടുത്തി പ്രാസ്ഥാനിക ചരിത്രത്തിലെ പുതിയ അധ്യായത്തിന് മസ്‌കത്തില്‍ നടന്ന ഐ സി എഫ്, ആര്‍ എസ് സി മിഡില്‍ ഈസ്റ്റ് സമ്മിറ്റ് സാക്ഷ്യം വഹിച്ചു. കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്തില്‍ പ്രവാസി മലയാളി സമൂഹത്തെ സമഗ്രമായി സംബോധന ചെയ്യുന്നതിനുള്ള നയരേഖയുടെ പ്രയോഗങ്ങള്‍ക്കുള്ള വിളംബരമായിരുന്നു ആറു ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഐ സി എഫ്, ആര്‍ എസ് സി പ്രതിനിധികള്‍ പങ്കെടുത്ത സമ്മിറ്റിലെ പ്രധാന അജന്‍ഡ. ഉസ്താദ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ് ഇബ്രാഹിമുല്‍ ഖലീലുല്‍ ബുഖാരി, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ തുടങ്ങി പ്രാസ്ഥാനിക നേതൃനിരയുടെ സാന്നിധ്യത്തില്‍ നടന്ന ദ്വിദിന സംഘടനാ സമ്മേളനം പ്രവാസ ലോകത്തെ സംഘ ജാഗരണത്തിന്റെ വിവിധ തലങ്ങള്‍ ചര്‍ച്ചകള്‍ക്കു വിധേയമാക്കി ആശയങ്ങള്‍ക്ക് രൂപം നല്‍കി.
പ്രവാസി ബഹുജനങ്ങളെ പൊതുവായി സംബോധന ചെയ്തു കൊണ്ട് സാമൂഹികവും ധാര്‍മികവുമായ ഉര്‍ണവും സാമൂഹികക്ഷേമ മേഖലയിലും കുടുംബ, വനിതാ, സംരംഭക, തൊഴിലാളി മേഖലകളിലുള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന പ്രവാസി സമൂഹങ്ങളില്‍ പ്രത്യേകമായും ശ്രദ്ധ കേന്ദ്രീകരിച്ച്, ബഹുജന പ്രവാസി പ്രസ്ഥാനം എന്ന നിലയില്‍ ഐ സി എഫ് കര്‍മ മണ്ഡലം വികസിപ്പിക്കും. പ്രവാസി ചെറുപ്പത്തെയും വിദ്യാര്‍ഥി വിഭാഗങ്ങളെയും കേന്ദ്രീകരിച്ച് സാംസ്‌കാരികവും വിദ്യാഭ്യാസ, കരിയര്‍, കല, കായിക മണ്ഡലങ്ങളിലെ ഇടപെടലുകളിലൂടെ രിസാല സ്റ്റഡി സര്‍ക്കിള്‍ പ്രവാസലോകത്തെ യുവചൈതന്യത്തിന്റെ കര്‍മകാണ്ഡം വിപുലപ്പെടുത്തുമെന്നും സമ്മിറ്റിലെ നയരേഖ വിളംബരപ്പെടുത്തി.
വിശ്വാസം, ആദര്‍ശം, കര്‍മശാസ്ത്രം, പ്രസ്ഥാനം തുടങ്ങിയ വിഷയങ്ങളിള്‍ പഠനങ്ങളും സംഘടനാ ചര്‍ച്ചകളും ഉള്‍പ്പെടുത്തി നടന്ന സമ്മിറ്റ് ഗള്‍ഫിലെ പ്രാസ്ഥാനിക ഭാവിക്കു വേണ്ടിയുള്ള രൂപരേഖകള്‍ തയാറാക്കി മികച്ച പ്രതീക്ഷകള്‍ നല്‍കിയാണ് സമാപിച്ചത്. ഇരു സംഘടനകളുടെയും പ്രത്യേക കൗണ്‍സില്‍ സംഗമങ്ങളും സംയുക്തമായ പഠന, ചര്‍ച്ചാ സെഷനുകളും സമ്മിറ്റിനെ ആശയപരമായി മുന്നോട്ടു നയിച്ചു.
കേരള മുസ്്‌ലിം ജമാഅത്ത് പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ജന. സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി, വൈസ് പ്രസിഡന്റ് പൊന്മള അബ്്ദുല്‍ ഖാദിര്‍ മുസ്്‌ലിയാര്‍, സെക്രട്ടറി വണ്ടൂര്‍ അബ്ദുര്‍റഹ്്മാന്‍ ഫൈസി, എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പേരോട് അബ്ദുര്‍റഹ്്മാന്‍ സഖാഫി, ജന. സെക്രട്ടറി മജീദ് കക്കാട്, സെക്രട്ടറി മുഹമ്മദ് പറവൂര്‍, ഡോ. പി എ മുഹമ്മദ് കുഞ്ഞി സഖാഫി, എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി എ ഫാറൂഖ് നഈമി, മുന്‍ ജന. സെക്രട്ടറി കെ അബ്ദുല്‍ കലാം എന്നിവര്‍ വിവിധ പഠനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും നേതൃത്വം നല്‍കി. സയ്യിദ് ആറ്റക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. അബ്്ദുല്‍ അസീസ് സഖാഫി മമ്പാട്, അബ്ദുല്‍ കരീം ഹാജി മേമുണ്ട, അലി അക്ബര്‍, ജാബിറലി പത്തനാപുരം, നിസാര്‍ സഖാഫി, ജമാലുദ്ദീന്‍ അസ്ഹരി, അബ്ദുര്‍റസാഖ് മാറഞ്ചേരി, ഫിറോസ് അബ്ദുര്‍റഹ്മാന്‍, റഹീം കോട്ടക്കല്‍, റഫീഖ് കൊച്ചനൂര്‍ സംസാരിച്ചു. ഇരു സംഘടനകളുടെയും പുതിയ പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള സാരഥികളെ സമ്മിറ്റില്‍ തിരഞ്ഞെടുത്തു.

ഐ സി എഫ് ഭാരവാഹികള്‍
സയ്യിദ് ആറ്റക്കോയ തങ്ങള്‍- സഊദി (പ്രസി.), അബ്ദുല്‍ അസീസ് സഖാഫി മമ്പാട്- യു എ ഇ (ജന. സെക്ര.), അബ്ദുല്‍ കരീം ഹാജി മേമുണ്ട-ഖത്വര്‍ (ഫിനാ. സെക്ര.), എം സി അബ്ദുല്‍ കരീം-ബഹ്‌റൈന്‍, ഹമീദ് ഈശ്വരമംഗലം-യു എ ഇ, മുജീബുര്‍റഹ്്മാന്‍ എ ആര്‍ നഗര്‍- സഊദി, നിസാര്‍ സഖാഫി- ഒമാന്‍, അലവി സഖാഫി തെഞ്ചേരി- കുവൈത്ത് (സെക്രട്ടറിമാര്‍). അബൂബക്കര്‍ അന്‍വരി, ബശീര്‍ എറണാകുളം- സഊദി, ശരീഫ് കാരശ്ശേരി, ഹമീദ് പരപ്പ-യു എ ഇ, അബ്ദുല്ല വടകര, തന്‍വീര്‍ ഉമര്‍-കുവൈത്ത്, ലത്വീഫ് സഖാഫി കോട്ടുമല- ഖത്വര്‍, റാസിഖ് ഹാജി എന്‍ പി-ഒമാന്‍ എന്നിവര്‍ എക്‌സിക്യുട്ടീവ് അംഗങ്ങളുമാണ്.

ആര്‍ എസ് സി ഭാരവാഹികള്‍
അബൂബക്കര്‍ അസ്ഹരി- യു എ ഇ (ചെയ.), ജാബിറലി പത്തനാപുരം – സഊദി (ജന. കണ്‍.), അബ്ദുല്‍ ബാരി നദ്‌വി- സഊദി, ശമീം കെ, ജബ്ബാര്‍ പി സി കെ- യു എ ഇ, നൗഫല്‍ സി സി, സിറാജ് വേങ്ങര, ലുഖ്മാന്‍ വിളത്തൂര്‍- സഊദി, ജാബിര്‍ ജലാലി- ഒമാന്‍ (കണ്‍വീനര്‍മാര്‍) എന്നിവരെ തിരഞ്ഞെടുത്തു.

പ്രമേയങ്ങള്‍
പലിശ രഹിത നിക്ഷേപം
പലിശ സ്വീകരിക്കാന്‍ താത്പര്യമില്ലാത്ത ആയിരക്കണക്കിന് പ്രവാസികളുടെ നിക്ഷേപത്തിലൂടെ കൊമേഴ്‌സ്യല്‍ ബേങ്കുകള്‍ നടത്തുന്ന സാമ്പത്തിക ചൂഷണം ഒഴിവാക്കുന്നതിനും പ്രവാസികളുടെ നിക്ഷേപം നിര്‍മാണ മേഖലയില്‍ ഉപയോഗിക്കുന്നതിനും പലിശരഹിത ബേങ്ക് സ്ഥാപിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് മിഡില്‍ ഈസ്റ്റ് സമ്മിറ്റ് അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു. ഗള്‍ഫ് തൊഴിലവസ്ഥയുടെ അസ്ഥിരതയില്‍ സാമ്പത്തിക സുരക്ഷിതത്വം തേടുന്ന പ്രവാസികളുടെ പുനരധിവാസത്തിന് അനുകൂല സാമ്പത്തിക, നിക്ഷേപാവസരങ്ങള്‍ സൃഷ്ടിക്കപ്പെടേണ്ടതുണ്ടെന്ന് പലിശയും ചൂഷണവും ഒഴിവാക്കിയുള്ള, ശരീഅ അനുസൃതമായ നിക്ഷേപ സംരംഭങ്ങളും വ്യവസായ പാര്‍ക്കുകളും പ്രവാസികളുടെ പുനരധിവാസത്തിനായി സ്ഥാപിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.

വിദ്യാഭ്യാസം
ഗള്‍ഫില്‍ വസിക്കുന്ന ഇന്ത്യാക്കാരായ വിദ്യാര്‍ഥികള്‍ക്ക് പഠനാവസരവും നാട്ടില്‍ ഉപരിപഠന സൗകര്യങ്ങളും ഉറപ്പു വരുത്തുന്നതിനായി കേന്ദ്ര, കേരേള സര്‍ക്കാറുകള്‍ പ്രവാസി വിദ്യാഭ്യാസ നയം രൂപപ്പെടുത്തുകയും ഗള്‍ഫ് ഗവണ്‍മെന്റുകളുമായും സ്വകാര്യ സംരംഭങ്ങളുമായി ചേര്‍ന്ന് പ്രതിസന്ധിക്ക് പരിഹാരം കാണുകയും വേണം. മതിയായ സ്‌കൂളുകളില്ലാത്തതിനാല്‍ നിരവധി കുടുംബങ്ങള്‍ പ്രയാസപ്പെടുന്നുണ്ട്. ഉപരിപഠനരംഗത്തും പ്രവാസി വിദ്യാര്‍ഥികള്‍ക്ക് പ്രതിസന്ധികളുണ്ടെന്ന് സമ്മിറ്റ് ചൂണ്ടിക്കാട്ടി.

സാമ്പത്തിക നയം
മോദി ഗവണ്‍മെന്റിന്റെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ പ്രവാസി ഇന്ത്യക്കാരെയും ആശങ്കയിലാക്കുന്നു. വിവിധ സര്‍വീസ് നിരക്കുകയും നിയന്ത്രണങ്ങളും റമിറ്റന്‍സ് ടാക്‌സ് ഉള്‍പ്പെടെയുള്ള നീക്കങ്ങളും പ്രവാസികള്‍ നടത്തുന്ന ജീവകാരുണ്യ സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങളെ വരെ ബാധിക്കും. പ്രവാസികള്‍ക്ക് ലഭിക്കുന്ന ഇളവുകള്‍ തുടരാന്‍ കേന്ദ്ര സര്‍ക്കാര്‍ സന്നദ്ധമാകണമെന്ന് സമ്മിറ്റ് ആവശ്യപ്പെട്ടു.

യുവജനം
പ്രവാസികള്‍ പൊതുവേ പരിഗണിപ്പെടുമ്പോഴും ജീവിതാരംഭത്തിന്റെ പ്രഥമഘട്ടത്തില്‍ തന്നെ പ്രവാസത്തേക്ക് പറിച്ചു നടപ്പെടുന്ന അഭ്യസ്ഥവിദ്യരും പ്രൊഫഷനലുകളുമുള്‍പ്പെടെയുള്ള യുവാക്കളെ സംബോധന ചെയ്യുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും രാഷ്ട്രീയ, സാമൂഹിക മണ്ഡലം തയാറാകുന്നില്ല. നാടിന്റെ ഭാവി തലമുറകളായ യുവ സമൂഹത്തെ പ്രത്യേകമായി പരിഗണിക്കുന്നതിന് സര്‍ക്കാറുകളും സംഘടനകളും പ്രവാസി യുവജന നയം രൂപപ്പെടുത്തണമെന്ന് ആര്‍ എസ് സി കൗണ്‍സില്‍ മീറ്റ് ആവശ്യപ്പെട്ടു.

 

Leave a Reply