ഖുര്‍ആന്‍ മധുരിമയില്‍ ‘തര്‍തീല്‍’

നാടും നഗരവും ഖുർആനിക പ്രഭയിലായ വിശുദ്ധ റമളാനിൽ  വിദ്യാർത്ഥികൾക്കായി രിസാല സ്റ്റഡി സർക്ൾ നടത്തിയ ‘തർതീൽ’  പുത്തൻ അനുഭവങ്ങളാണ് സമ്മാനിച്ചത്. പദ്ധതി പ്രഖ്യാപിച്ചത് പ്രവർത്തകരിൽ നിന്ന് ലഭിച്ച സ്വീകാര്യതയുടെ ബഹിസ്ഫുരണമായിരുന്നു  സംഘാടനത്തിലും കാണപ്പെട്ടത്.
മനുഷ്യനെ നേര്‍വഴിയിലേക്ക് നയിക്കുന്ന ഖുര്‍ആനിലൂടെ സത്യാന്വോഷണമാരംഭിക്കുകയും ഇലാഹീ പാതയിലെത്തിയവരും നിരവധിയാണ്. രണ്ടാം ഖലീഫ ഉമര്‍(റ) വില്‍ നിന്ന് ആരംഭിക്കുന്നതാണ് ആ വലിയ പട്ടിക. അതിന്നും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ പാരായണം ചെയ്യപ്പെടുന്ന ഗ്രന്ഥമാണിന്ന് പരിശുദ്ധ ഖുർആൻ.
വിശുദ്ധ ഗ്രന്ഥം മറ്റു കൃതികളെപ്പോലെയല്ല  വായിക്കപ്പെടേണ്ടത്.  ഖുര്‍ആന്‍ പാരായണ ശാസ്ത്രമെന്നത് ഇസ്ലാമിലെ പ്രത്യേക ശാസ്ത്ര ശാഖയാണ്. ചില നിബന്ധനകളോടെയാണ് പാരായണം ചെയ്യേണ്ടതെന്ന് മതം പ്രത്യേകം നിഷ്‌കര്‍ഷിക്കുന്നുണ്ട്.  നിരവധ ഗ്രന്ഥ രചനകളും പഠനങ്ങളും ചര്‍ച്ചകളും പാരായണ ശാസ്ത്രത്തില്‍ മാത്രമായി വ്യത്യസ്ത കാലഘട്ടങ്ങളില്‍ നടന്നിട്ടുണ്ട്.
നിബന്ധനകളും നിയമങ്ങളും പാലിക്കാത്ത ഖുര്‍ആന്‍ പാരായണം സൃഷ്ടാവിന്റെ മുന്നില്‍ കോപത്തിന് കാരണമായേക്കാം. ഒരു ഗുരുനാഥന്റെ മുന്നില്‍ ചെന്നിരുന്ന് ഓതിപ്പഠിച്ചെങ്കില്‍ മാത്രമേ ഖുര്‍ആന്‍ പാരായണത്തിന്റെ വ്യത്യസ്ത നിയമങ്ങള്‍ നമുക്ക് ഗ്രാഹ്യമാവുകയുള്ളൂ. അത്രമേല്‍ സൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ടതാണിത്.
വ്യത്യസ്ത ശൈലികളിലുള്ള ഖുര്‍ആന്‍ കേള്‍ക്കാന്‍ സമയം ചെലവഴിക്കുന്നവർ ഇന്നുമുണ്ട്. കര്‍ണ്ണാനന്തമായ പാരായണത്തില്‍ ലയിച്ചു ചേരുകയെന്നത് വലിയൊരു അനുഭൂതിയാണ്. വചനങ്ങളുടെ അര്‍ത്ഥമറിയില്ലെങ്കിലും ഖുര്‍ആന്‍ കേട്ടിരിക്കലും പുണ്യകര്‍മ്മമാണെന്നാണ് മതം.
തർതീലിലൂടെ ഖുര്‍ആന്‍ പാരായണത്തിലേക്ക് കൂടുതല്‍ അടുപ്പം പുലര്‍ത്തുകയാണിന്ന് ഗള്‍ഫിലെ വിദ്യാര്‍ത്ഥികള്‍. രിസാല സ്റ്റഡി സര്‍ക്കിള്‍ തുടക്കം കുറിച്ച പാരായണ മത്സരം പുതിയൊരു ചരിത്രമാണ് രചിച്ചത്. സാഹിത്യോത്സവ് കാലത്തെ ഖിറാഅത്ത് മത്സരത്തിനപ്പുറമാണ് തര്‍തീലുകളോട് വിദ്യാര്‍ത്ഥികള്‍ സമീപിച്ചത്.
അവതീര്‍ണ്ണമായ വിശുദ്ധകാലത്ത് പാരായണത്തിനായ് പരിശീലനം നേടിയും ഓതിപ്പഠിച്ചും റമളാന്‍ പകലുകള്‍ കൂടുതല്‍ ജീവസുറ്റമാക്കിയാണ് മത്സരാര്‍ത്ഥികളും ആര്‍ എസ് സി പ്രവര്‍ത്തകരും തര്‍തീലുകളെ കൊണ്ടാടിയത്.
10 മുതല്‍ 17 വയസ് വരെയുള്ള കുട്ടികളെ രണ്ട് വിഭാഗങ്ങളായി തിരിച്ചാണ് തര്‍തീലുകള്‍ സംഘടിപ്പിച്ചത്. യൂനിറ്റ്, സെക്ടര്‍ മത്സരങ്ങള്‍ക്കു ശേഷം സെന്‍ട്രല്‍ തലങ്ങളില്‍ നടന്ന മത്സരങ്ങള്‍ വ്യത്യസ്ത പാരായണ ശൈലികള്‍ കൊണ്ട് പുതിയ പ്രതീക്ഷകളാണ് നൽകിയത്. പാരായണ ഘട്ടത്തിനൊപ്പം തജ് വീദ് നിയമങ്ങളിലെ ചോദ്യങ്ങളുള്ള ഘട്ടം കൂടി ഉൾക്കൊള്ളിച്ചതായിരുന്നു സെൻട്രൽ തലങ്ങളിലെ സീനിയർ മത്സരങ്ങൾ. നഗരങ്ങൾ കേന്ദ്രീകരിച്ചുള്ള ഫിനാലെകളായിരുന്നു തർതീലുകൾക്ക് കണ്ടത്. എന്നാൽ, പ്രവർത്തകരുടെ ആവേശവും മാസരാർത്ഥികളുടെ നൈപുണ്യവും കണ്ടപ്പോൾ യു എ ഇയിലും സൗദി ഈസ്റ്റിലും നാഷനൽ തല മത്സരങ്ങൾ നടത്തപ്പെടുകയാണുണ്ടായത്.
ഇലാഹീ വചനങ്ങളുടെ ആദ്യാക്ഷരങ്ങൾ ഏറ്റുവാങ്ങിയ മണ്ണിൽ നിന്നാണ് തർതീലുകളുടെ ആരവം മുഴങ്ങിയത്.
റമളാന്‍ ആരംഭിക്കുന്നതിന് ആഴ്ചകള്‍ക്ക് പ്രഖ്യാപിക്കപ്പെട്ട തർതീലിന്റെ ലോഗോ പ്രകാശനം, വിശുദ്ധ വചനങ്ങള്‍ക്ക് തുടക്കം കുറിച്ച മക്കയിലെ ജബലുന്നൂറില്‍ വെച്ചായിരുന്നു നടന്നത്.
വിദ്യാര്‍ത്ഥികളെ കണ്ടെത്തി പരിശീലനം നല്‍കി നടത്തപ്പെട്ട തര്‍തീലുകള്‍ പുതിയൊരു അനുഭൂതിയാണ് നല്‍കപ്പെട്ടത്.  വിദ്യാര്‍ത്ഥികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്ന അഭിപ്രായങ്ങളും വിലയിരുത്തലുകളും  വരുംകാല തര്‍തീലുകളുടെ സുന്ദരമായ എഡിഷനുകളാണ് നമുക്ക്  മുന്നിൽ തുറക്കപ്പെടുക. പ്രാസ്ഥാനിക നേതൃത്വത്തില്‍ നിന്നടക്കമുള്ളവരില്‍ നിന്ന് ലഭിച്ച സ്വീകാര്യത അടുത്ത വർഷങ്ങളിൽ നടക്കുന്ന തര്‍തീലുകളെ കൂടുതല്‍ ജനകീയമാക്കുമെന്നുറപ്പാണ്.

Leave a Reply