ഒമാനിലെ വിവിധകേന്ദ്രങ്ങളില്‍ കലാലയം സാംസ്‌കാരികവേദി പ്രഖ്യാപനം നടന്നു

മസ്‌കത്ത്: രിസാല സ്റ്റഡി സര്‍ക്കിള്‍ സാംസ്‌കാരിക വിഭാഗമായ കലാലയം സാംസ്‌കാരിക വേദി പ്രഖ്യാപനവും പദ്ധതി വിളംബരവും അരങ്ങേറി. മസ്‌കത്തില്‍ നടന്ന ചടങ്ങില്‍ ഒമാന്‍ ട്രിബ്യൂണ്‍ പത്രാധിപന്‍ അജയന്‍ മേനോന്‍ മുഖ്യാഥിതിയായിരുന്നു. ഫിറോസ് അബ്ദുര്‍റഹ്മാന്‍, ഇസ്ഹാഖ് മട്ടന്നൂര്‍, ബിജു പരുമല എന്നിവര്‍ സംസാരിച്ചു. സീബില്‍ നടന്ന പരിപാടിയില്‍ നിഷാദ് അഹ്‌സനി, ഹാരിജത്ത്, ഷജീര്‍ കൂത്തുപറമ്പ് എന്നിവര്‍ സംബന്ധിച്ചു.
ബോഷര്‍, ബര്‍ക, ജഅലാന്‍, സൂര്‍, ഇബ്ര, സിനാവ്, സുഹാര്‍, ബുറൈമി, സലാല എന്നീ സെന്‍ട്രല്‍ തലങ്ങളിലാണ് പ്രഖ്യാപനവും പദ്ധതി വിളംബരവും അരങ്ങേറുന്നത്.
പുതിയ കാലത്ത് ഫാസിസത്തിനെതിരെയുള്ള പോരാട്ടങ്ങള്‍ക്ക് സാംസ്‌കാരിക വേദികള്‍ കരുത്തുപകരുമെന്ന് അജയന്‍ മേനോന്‍ പറഞ്ഞു. രാജ്യത്ത് സൗഹാര്‍ദ അന്തരീക്ഷം നിലനിര്‍ത്തുന്നതില്‍ കലാ സംഘങ്ങളും സാംസ്‌കാരിക കൂട്ടായ്മകളും വലിയ പങ്കുവഹിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ജീവനു നേരെ വെല്ലുവിളിയുയര്‍ത്തുന്ന ഫാസിസവും ചൂഷണവുമടക്കം സാധാരണക്കാരില്‍ ഗ്രസിച്ച പൊതുബോധത്തിനെതിരെ ഖലം- പേന ആയുധമാക്കി സാംവാദാത്മക സാംസ്‌കാരിക മുഖം തുറക്കുകയും പ്രവാസി യുവജനങ്ങളില്‍ വായനയും അറിവന്വേഷണ വിചാരശീലങ്ങളും വളര്‍ത്തിയെടുക്കുകയുമാണ് കലാലയം ലക്ഷ്യം വെക്കുന്നത്.
വനിതകള്‍, കുട്ടികള്‍, യുവാക്കള്‍ തുടങ്ങി വിവിധ തുറകളിലുള്ളവര്‍ക്കായി പ്രായോഗിക തുടര്‍ പരിശീലനങ്ങള്‍ ഉള്‍ക്കൊള്ളുന്ന പദ്ധതിയുടെ വിളംബരവും ഖലമില്‍ നടന്നു.
ഗള്‍ഫിലെ അമ്പത് കേന്ദ്രങ്ങളില്‍ ഖലം എന്ന പേരിലാണ് പ്രഖ്യാപന സംഗമങ്ങള്‍ നടന്നത്. സഊദി അറേബ്യ, യു എ ഇ, ഖത്വര്‍, ബഹ്‌റൈന്‍, കുവൈത്ത് എന്നിവടങ്ങളിലും കലാലയം സാംസ്‌കാരിക വേദി പ്രഖ്യാപനവും പദ്ധതി വിളംബരവും അരങ്ങേറി.

Leave a Reply