സാംസ്കാരിക ബദലുകൾ നിക്ഷേപങ്ങളാവണം – അനിൽ വെങ്കോട്

 

സാംസ്കാരിക പ്രഭാഷണം – ലുഖ്‌മാൻ വിളത്തൂർ

മനാമ: സാംസ്കാരിക ബദലുകൾക്ക് വേണ്ടി കരുതിക്കൂട്ടിയുള്ള നിക്ഷേപങ്ങളും നിർമാണങ്ങളും നടത്തിയാൽ മാത്രമേ പുതിയ കാലത്തെ എഴുന്നേറ്റ് നിന്ന് നേരിടാൻ കഴിയൂ എന്ന് പ്രമുഖ എഴുത്തുകാരൻ അനിൽ വെങ്കോട് അഭിപ്രായപ്പെട്ടു. രിസാല സ്റ്റഡി സർക്കിൾ സംഘടിപ്പിച്ച ‘ഖലം’ സംഗമത്തിൽ കലാലയം സാംകാരിക വേദി മിഡിൽ ഈസ്റ്റ് തല പ്രഖ്യാപനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൗതികമായി നാം കാണുന്ന ലോകത്തിനപ്പുറം അക്ഷരങ്ങളുടെയും ഭാവനയുടെയും ഒരു സമാന്തര പ്രപഞ്ചം ഉണ്ട്. റോഡിലൂടെ നടക്കുന്നത് പോലെ അക്ഷരങ്ങളുടെ വിസ്മയ ലോകത്ത് കൂടെ സഞ്ചരിക്കുമ്പോഴാണ് മനുഷ്യന്‌ സാംസ്കാരിക മൂല്യം കൈവരുന്നത്. അവിടെ പുനർവായനകളും വ്യാഖ്യാനങ്ങളും മാത്രം പോര, നിർമാണങ്ങളാണ്‌ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. കണ്ടു കണ്ടാണ് കടലു വലുതായതെന്ന് പറയുന്നത് പോലെ സാധാരണക്കാർക്ക് കൂടി ഇത്തരം ഒരു സമാന്തര ലോകം പ്രാപ്യമാക്കി, ബൗദ്ധിക തലത്തിലുള്ളവരും അടിത്തട്ടിലുള്ളവരും തമ്മിലെ അകലം കുറക്കാനുള്ള കലാലയം സാംസ്കാരിക വേദിയുടെ ഈ ശ്രമം ചെറുതല്ല. സവർണ മേധാവിത്വ ഭരണകൂടം ഇന്ന് ഭയക്കുന്നത് കലാലയങ്ങളെയും എഴുത്തുകാരെയും ആണ്. ആ അർത്ഥത്തിലും കലാലയത്തിനു പ്രസക്തിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിങ്ങൾ എന്തു ചെയ്തു എന്നതല്ല, ചോദിക്കേണ്ട സമയത്ത് ചോദ്യങ്ങൾ ചോദിച്ചോ എന്നതാണ് പ്രധാനം. അതിന്‌ ഈ ശ്രമങ്ങൾ ഉപകരിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.. മുഹറഖ് സെൻട്രലിനു കീഴിൽ പാകിസ്ഥാൻ ക്ളബ്ബിൽ നടന്ന സംഗമം കേരള സമാജം സാഹിത്യ വിഭാഗം സെക്രട്ടറി കെ സി ഫിലിപ് ഉദ്ഘാടനം ചെയ്തു. ഇഖ്ബാർ വേളിയങ്കോട് പദ്ധതി വിളംബരവും ലുഖ്മാൻ വിളത്തൂർ സാംസ്കാരിക പ്രഭാഷണവും നടത്തി. അറിവന്വേഷണമാണ് സാംസ്കാരിക പ്രവർത്തനത്തിന്റെ അടിത്തറ. ഖുർആൻ ആദ്യമായി പരിചയപ്പെടുത്തിയ ഉപകരണമാണ്‌ ഖലം, പേന. അത് അയുധമാക്കി താഴെത്തട്ടിൽ നിന്നുള്ള ജൈവികമായ പ്രതിരോധം ഉണ്ടാക്കിയെടുക്കുന്നതിനാണ്‌ കലാലയം സാംസ്കാരിക വേദിയുടെ ശ്രമമെന്നു അദ്ദേഹം പ്രഭാഷണത്തിൽ പറഞ്ഞു. ആർ.എസ്.സി ഹോം പേജ് സമർപ്പണം ഐ സി എഫ് ഹുദബിയ സെൻട്രൽ പ്രസിഡന്റ് സി ച്ച് അഷ്റഫ് നിർവഹിച്ചു. ജോ​ർജ് വർഗീസ്, ഫിറോസ് തിരുവത്ര അഭിവാദ്യങ്ങളർപ്പിച്ചു. പരിപാടിയുടെ ഭാഗമായി കലാപരിപാടികളും കോളാഷ് പ്രദർശനവും നടന്നു.

ശബീർ മാറഞ്ചേരി, അബ്ദുറഹീം സഖാഫി വരവൂർ, മുഹമ്മദ് വിപികെ, ശാഫി വെളിയങ്കോട് സംബന്ധിച്ചു. ഫൈസൽ ചെറുവണ്ണൂർ ആമുഖവും അഷ്റഫ് മങ്കര നന്ദിയും പറഞ്ഞു. ബഹ്റൈനു പുറമെ സൗദി, യുഎഇ, ഖത്വർ, ഒമാൻ, കുവൈറ്റ്, എന്നിവിടങ്ങളിൽ ഗൾഫിലെ 50 കേന്ദ്രങ്ങളിൽ ഖലം എന്ന പേരിലാണ്‌ പ്രഖ്യാപന സംഗമങ്ങൾ നടന്നത്. വ്യത്യസ്ത കേന്ദ്രങ്ങളിൽ എഴുത്തുകാരും സാംസ്കാരിക പൊതു രംഗത്തെ പ്രമുഖരും സംബന്ധിച്ചു.

Leave a Reply