വിസ്ഡം: തണല്‍ വാങ്ങുകയും കൊടുക്കുകയും ചെയ്യുന്നവരുടെ കൂട്ടായ്മ

എന്നെ പഠിക്കാന്‍ സഹായിച്ച പ്രവാസികള്‍ക്ക് ഉപകരിക്കുന്ന എന്തെങ്കിലുമൊക്കെ ചെയ്യണം എന്ന വിചാരം പി ജിക്കുശേഷം വല്ലാതെ അലട്ടി. വെറുതെ എന്തെങ്കിലും ചെയ്ത് പണമുണ്ടാക്കുക എന്നതിലുപരി സ്വന്തം കരിയറിനെയും അവസരങ്ങളെയും സമുദായത്തിന് ഉപകാരപ്പെടുന്ന രീതിയില്‍ മാറ്റിയെടുക്കേണ്ടതില്ലേ എന്ന ചോദ്യം എന്നെ വല്ലാതെ സ്പര്‍ശിച്ചു. ‘മലയാളി മുസ്‌ലിം പ്രവാസികളുടെ മതസ്വത്വ രൂപീകരണവും സോഷ്യല്‍ മീഡിയയും’ എന്ന വിഷയം പി എച്ച് ഡിക്ക് തിരഞ്ഞെടുക്കാന്‍ എന്നെ പ്രേരിപ്പിച്ചത് ഇതാണ്”.

-അമേരിക്കയിലെ യൂനിവേഴ്‌സിറ്റി ഓഫ് കൊളറാഡോ ബോള്‍ഡറിലെ വിസിറ്റിംഗ് സ്‌കോളറായ അഹ്മദ് ജുനൈദിന്റെ വാക്കുകളാണിത്. എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി നടപ്പിലാക്കി വരുന്ന വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിലെ പദ്ധതിയിലെ അംഗമായിരുന്നു ജുനൈദ്. ഇദ്ദേഹം ഇക്കൂട്ടത്തില്‍ ഒരാള്‍ മാത്രം. പഠനമികവുണ്ടായിട്ടും സമ്പത്തും കുടുംബ സാഹചര്യങ്ങളും ഉപരിപഠന സാധ്യതകള്‍ സ്വപ്‌നം മാത്രമാക്കി ചുരുക്കുമോ എന്ന് പകച്ചു നിന്ന ഒരുപാടു പേരുടെ വാക്കുകള്‍കൂടിയാണിത്. മെഡിക്കല്‍, എന്‍ജിനീയറിംഗ്, ഗവേഷണ വിദ്യാഭ്യാസത്തിലൂടെ കരിയര്‍ ഉയര്‍ച്ചകളിലേക്ക് നടന്ന ഈ കുട്ടികള്‍ ഇനിയൊരുപാട് പേരെക്കൂടി വളര്‍ച്ചാവഴിയിലേക്കു കൈ പിടിക്കാന്‍ പ്രതിജ്ഞ ചെയ്തു കാത്തു നില്‍ക്കുന്നു. ഇരുട്ടെന്നു കരുതി പകച്ചുനിന്ന വഴിയില്‍ വെളിച്ചത്തിന്റെ പ്രവാഹമായി വിസ്ഡം സ്‌കോളര്‍ഷിപ്പെന്ന് അവര്‍ പറയുന്നു.

വിസ്ഡം സ്‌കോളര്‍ഷിപ്പ് അംഗങ്ങളുടെ ത്രൈമാസ സംഗമത്തിന്റെ തയാറെടുപ്പുകള്‍ക്കിടയിലെ ഒരനുഭവം വിസ്ഡം ചുമതലയുള്ള സംസ്ഥാന സെക്രട്ടറി സി എന്‍ ജഅ്ഫര്‍ പറയുന്നു;

”ക്വാര്‍ട്ടര്‍ലി മീറ്റിന്റെ സമയവും സ്ഥലവും ഓര്‍മപ്പെടുത്താന്‍ കുട്ടികളെ വിളിച്ചുകൊണ്ടിരിക്കുകയാണ്. ഇടക്ക് ഒരു വിദ്യാര്‍ഥിയുടെ വീട്ടില്‍ നിന്നും ഒരു വിളി. ഉപ്പയാണ്. മകന് മീറ്റില്‍നിന്ന് അവധി വേണമെന്നാണ് ആവശ്യം. കാരണം തിരക്കിയപ്പോഴാണ്, അഭിമാനബോധം കൊണ്ട് അവന്‍ ഒളിപ്പിച്ചുവെച്ച കദനകഥ ഞങ്ങളറിയുന്നത്. ചുമട്ടുജോലിയെടുത്തിരുന്ന ഉപ്പ അഞ്ച് വര്‍ഷം മുമ്പ് ചുമടുമായി വീണു തളര്‍ന്ന് കിടക്കുന്നു. രണ്ട് വര്‍ഷം മുമ്പ് ഉമ്മ ബ്രെയിന്‍ ട്യൂമര്‍ വന്ന് മരിച്ചു. പന്ത്രണ്ടു വയസ്സുള്ള ഒരനുജന്‍ മാത്രമുണ്ട് വീട്ടില്‍. പാലക്കാട്ടെ പ്രമുഖ എന്‍ജിനീയറിംഗ് കോളേജില്‍ വിസ്ഡം സ്‌കോളര്‍ഷിപ്പില്‍ പഠിക്കുന്ന ഈ വിദ്യാര്‍ഥി വീട്ടില്‍ വന്നിട്ടുവേണം വാട്ടര്‍ ബെഡില്‍ മലര്‍ന്ന് കിടക്കാന്‍ മാത്രം സാധിക്കുന്ന അവന്റെ ഉപ്പയെ കുളിപ്പിക്കാനും പന്ത്രണ്ടുകാരനായ അനുജന്റെ കാര്യമടക്കം വീട്ടുകാര്യങ്ങള്‍ കൈകാര്യം ചെയ്യാനും. വീട്ടിലെ ഭക്ഷണ കാര്യങ്ങള്‍ എങ്ങനെയെന്ന ചോദിച്ചപ്പോള്‍ അവന്‍ മേലോട്ടുനോക്കി ചിരിക്കുക മാത്രം ചെയ്തു”.

എല്ലാം മുകളിലുള്ളവനില്‍ ഏല്‍പ്പിച്ച് ഉള്ളിലൊരു സങ്കടക്കടല്‍ ഒളിപ്പിച്ച് പുറമേക്ക് ചിരിക്കാനറിയുന്ന ഇതുപോലുള്ള കുട്ടികളാണ് വിസ്ഡത്തിന്റെ കുടക്കീഴില്‍ ഒരല്‍പമാത്ര തണലെങ്കിലും അനുഭവിക്കുന്നവരെന്നു കൂടി ജഅ്ഫര്‍ സി എന്‍ പറയുന്നു: അനുഭവം പറഞ്ഞു തീരുമ്പോള്‍ അദ്ദേഹത്തിന്റെ ആത്മഗതം: അര്‍ഹരായവര്‍ക്കു കൊടുക്കാന്‍ കഴിയുന്നു..

പ്രവേശനം
ഓരോ വര്‍ഷവും അപേക്ഷ ക്ഷണിച്ചാണ് വിസ്ഡം സ്‌കോളര്‍ഷിപ്പിന് ഏറ്റവും അര്‍ഹരായ വിദ്യാര്‍ഥികളെ തിരഞ്ഞെടുക്കുന്നത്. പഠനത്തിലെ മികവ്, സാമ്പത്തിക സാഹചര്യങ്ങള്‍, ചേരുന്ന കോഴ്‌സ് എന്നിവയെല്ലാം സൂക്ഷ്മമായി വിലയിരുത്തിയാണ് ഏറ്റവും അര്‍ഹരായവരെ തിരഞ്ഞെടുക്കുന്നതെന്ന് ജഅ്ഫര്‍ പറയുന്നു. ഒന്നാംഘട്ട സ്‌ക്രീനിംഗിലൂടെ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്ത ശേഷം സ്വഭാവം, വിശ്വാസം തുടങ്ങിയവ വിശകലനം ചെയ്യാനുള്ള സെലക്ഷന്‍ ക്യാമ്പും പേഴ്‌സനല്‍ ഇന്റര്‍വ്യൂവും നടത്തും. അനാഥര്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നു. മെഡിസിന്‍, എന്‍ജിനീയറിംഗ്, സിവില്‍ സര്‍വീസ്, അഗ്രികള്‍ച്ചര്‍, ബയോ ടെക്‌നോളജി, നിയമം, അഡ്മിനിസ്‌ട്രേഷന്‍, മാനേജ്‌മെന്റ്, മാര്‍ക്കറ്റിംഗ്, ഫിനാന്‍സ്, വെറ്റിനറി സയന്‍സ്, ജേര്‍ണലിസം, ഒഷ്യാനോഗ്രാഫി തുടങ്ങിയ കോഴ്‌സുകളില്‍ തുടര്‍പഠനം ആഗ്രഹിക്കുന്നവരെയാണ് വിസ്ഡം സ്‌കോളര്‍ഷിപ്പിലൂടെ എസ് എസ് എഫ് കൈപിടിച്ചുനടത്തുന്നത്. എല്ലാ വര്‍ഷവും ആഗസ്ത്/സെപ്തംബര്‍ കാലയളവിലാണ് പ്രവേശനം.

ത്രൈമാസ സംഗമം
മൂന്നുമാസത്തിലൊരിക്കല്‍ സംഘടിപ്പിക്കുന്ന ക്യാമ്പില്‍ വിസ്ഡം സ്‌കോളര്‍ഷിപ്പിലെ അംഗങ്ങള്‍ സംഗമിക്കും. ഇക്കഴിഞ്ഞ ദിവസം കുറ്റ്യാടി സിറാജുദുല്‍ഹുദാ ഇസ്‌ലാമിക് അക്കാദമിയില്‍ നടന്ന ക്യാമ്പിലെ ഒരനുഭവം ജഅ്ഫര്‍ പറയുന്നതിങ്ങനെ:

‘എല്ലാവര്‍ക്കും അവരവരുടെ അനുഭവങ്ങള്‍ പങ്കുവെക്കാന്‍ അവസരം നല്‍കി. പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഒരുകുട്ടി തന്റെ അനുഭവം പറഞ്ഞുതീര്‍ത്തത്. നീണ്ടകാലം പ്രവാസിയായിരുന്നു പിതാവ്. ഒടുവില്‍ രോഗാതുരനായി നാട്ടിലേക്ക് വന്നു. മക്കളുടെ പഠനമൊക്കെ പാതിവഴിയില്‍. അതോര്‍ത്തപ്പോള്‍ ഉപ്പയുടെ നെഞ്ചുരുക്കം കൂടി. എന്ത് ചെയ്യണമെന്നറിയുന്നില്ല. പഠനം നിര്‍ത്താന്‍ നിര്‍ബന്ധിതനായി. അപ്പോഴാണ് വിസ്ഡത്തെക്കുറിച്ചു കേട്ടത്. സംഘടനാ നേതൃത്വത്തിന്റെ പ്രോത്സാഹനവും ആശ്വാസവും. സ്‌കോളര്‍ഷിപ്പ് ലഭിച്ചിരുന്നില്ലെങ്കില്‍ വഴി മുട്ടിപ്പോകുമായിരുന്നു പഠനം. ആ കുട്ടി വിതുമ്പിക്കരഞ്ഞു”.
ത്രൈമാസ ക്യാമ്പുകളെക്കുറിച്ച് തിരുവനന്തപുരം സി ഇ ടി എന്‍ജിനീയറിംഗ് കോളേജ് ബി.ടെക് ഇലക്ട്രോണിക് കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ഥി അബൂബക്കര്‍ സിദ്ദീഖ് വെന്നിയൂര്‍ പറയുന്നതിങ്ങനെയാണ്:

”വെറുമൊരു സ്‌കോളര്‍ഷിപ്പ് എന്നതിലുപരി വിദ്യാര്‍ത്ഥികളുടെ സ്പിരിച്വല്‍ ട്രാസ്‌ഫോര്‍മേഷന്‍കൂടി വിസ്ഡത്തിലൂടെ സാധ്യമാവുന്നു എന്നതാണ് അതിനെ വേറിട്ടുനിര്‍ത്തുന്ന ഘടകം. ഇന്നത്തെ കാമ്പസുകള്‍ എല്ലാ വിധ ആശയങ്ങളുടെയും വൃത്തികേടുകളുടെയും വിളനിലമാണ്. മതിമറന്നുള്ള ആഘോഷവും ആഭാസവും മാത്രമാണ് ജീവിതം എന്ന് തീരുമാനിച്ചിരിക്കുന്നവര്‍ക്കിടയിലേക്ക് കടന്നുചെല്ലുന്ന ഒരു വിശ്വാസിക്ക് ധാര്‍മികമായി പിടിച്ചുനില്‍ക്കണമെന്നുണ്ടെങ്കില്‍ ശക്തമായ വിശ്വാസ ബോധ്യവും പരിശീലനവും അത്യാവശ്യമാണ്. ഇവിടെയാണ് വിസ്ഡം പാദവാര്‍ഷിക മീറ്റുകളുടെ പ്രസ്‌ക്തി. കേവലം സ്‌കീമിലെ അംഗങ്ങള്‍ക്കുമാത്രമല്ല, അവരിലൂടെ അവരവരുടെ കാമ്പസിനകത്തെ വലിയൊരു സമൂഹത്തിന് തന്നെ നന്മ പകര്‍ന്ന് നല്‍കാനും നേതൃത്വം നല്‍കാനും വിസ്ഡം ക്യാമ്പുകള്‍ക്ക് സാധിക്കുന്നു”.

ധാര്‍മിക വിപ്ലവം മുദ്രാവാക്യമായി സ്വീകരിച്ചു പ്രവര്‍ത്തിക്കുന്ന എസ് എസ് എഫിന്റെ രചനാത്മക വിദ്യാഭ്യാസ പ്രവര്‍ത്തനത്തിന്റെ അനുഭവസാക്ഷ്യമാണിത്. മുഷ്ടിചുരുട്ടിയ മുദ്രാവാക്യങ്ങളിലെ ആശയങ്ങളോ, സമരമുഖങ്ങളിലുയര്‍ത്തുന്ന വീര്യങ്ങളോ അല്ല സമൂഹ നിര്‍മാണമാണ് ഏറ്റവും മികച്ച വിപ്ലവം എന്നതിന്റെ ചെറിയ സൂചനയാണ് വിസ്ഡം.
അബൂബക്കര്‍ സിദ്ദീഖ് ഇത്രകൂടി ചേര്‍ക്കുന്നുണ്ട്;

”നാലോ അഞ്ചോ വര്‍ഷത്തേക്കുള്ള പഠന, താമസ ഫീസുകള്‍ ഞങ്ങളുടെ കുടുംബങ്ങള്‍ക്ക് വലിയ ബാധ്യതയാവുമ്പോള്‍ വിസ്ഡം നല്‍കുന്ന സാമ്പത്തിക പിന്തുണ വലിയ തുണയാണ്. ഞങ്ങളുടെയും രക്ഷിതാക്കളുടെയും പ്രാര്‍ഥനകളില്‍ വിസ്ഡത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നവരെയും സഹകരിക്കുന്നവരെയും ഉള്‍പ്പെടുത്താറുണ്ട്. ഇതേ ഇപ്പോള്‍ ഞങ്ങള്‍ക്ക് നല്‍കാന്‍ കഴിയൂ. ഭാവിയില്‍ ഞങ്ങളെപ്പോലെ പാതിവഴിയില്‍ പകച്ചുനില്‍ക്കുന്ന വിദ്യാര്‍ത്ഥികളോടൊപ്പം ഞങ്ങളുമുണ്ടാവും”.

ഒരു മത ധാര്‍മിക വിദ്യാര്‍ഥി പ്രസ്ഥാനം നിര്‍വഹിക്കുന്ന നിര്‍മാണ പ്രവര്‍ത്തനത്തിനു ലഭിക്കേണ്ട, പ്രതീക്ഷിക്കേണ്ട തിരിച്ചുകിട്ടലുകള്‍ ഈ വിദ്യാര്‍ഥിയുടെ വാക്കുകളിലുണ്ട്. സാമൂഹിക നവോത്ഥാനത്തിന് സംഘടന സമര്‍പ്പിക്കുന്ന ഈ സേവനത്തിനു നേതൃത്വം നല്‍കുന്നവര്‍ക്കും പ്രവര്‍ത്തിക്കുന്നവര്‍ക്കും സഹകരിക്കുന്നവര്‍ക്കും അവരുടെ കര്‍മഫലങ്ങള്‍ വിഫലമാകില്ലെന്ന് ഉറപ്പിക്കുന്നതാണ് ഈ വാക്കുകള്‍. എസ് എസ് എഫ് പ്രതീക്ഷിക്കുന്നതും ഇതുതന്നെയാണ്.

കാഴ്ചപ്പാട്/തുടക്കം
2008ലാണ് എസ് എസ് എഫ് വിസ്ഡം സ്‌കോളര്‍ഷിപ്പിന് തുടക്കം കുറിക്കുന്നത്. നാട്ടില്‍ പഠിച്ച് ഗള്‍ഫിലേക്ക് ജോലി തേടിപ്പോയി അവിടെ പ്രവര്‍ത്തനം നടത്തി വന്ന, എസ് എസ് എഫ് പ്രവാസി ഘടകമായ രിസാല സ്റ്റഡി സര്‍ക്കിള്‍ പ്രവര്‍ത്തകരുടെ മുന്‍കയ്യോടെയാണ് പദ്ധതിക്കു രൂപം നല്‍കുന്നതും ഫണ്ട് സ്വരൂപിക്കുന്നതും. വിദ്യാഭ്യാസം മികച്ച വില്‍പനച്ചരക്കായി മാറിയ കാലത്ത് ബലിയാടാകുന്നവരെക്കുറിച്ച് ആര്‍ക്കും വേവലാതികളില്ലാതിരിക്കുകയും പഠന രംഗത്ത് മികവുണ്ടായിട്ടും പണമില്ലാത്തത് തടസം നില്‍ക്കുന്ന നിരവധി പ്രതിഭകളുടെ സ്വപ്‌നങ്ങള്‍ കൂമ്പടഞ്ഞുപോകുകയും ചെയ്യുന്ന സാഹചര്യമാണ് എസ് എസ് എഫിനെ ഈ ദൗത്യമേറ്റെടുക്കാന്‍ പ്രേരിപ്പിച്ചത്. ഉന്നത വിദ്യാഭ്യാസ രംഗത്തെ ഉയര്‍ന്ന ഫീസും പഠന സാമഗ്രികളുടെ തീപിടിച്ച വിലയുമൊക്കെ കാരണം സാമ്പത്തികമായി മേല്‍ത്തട്ടിലുള്ളവര്‍ക്ക് മാത്രമായി ഉന്നതപഠന മേഖല ചുരുങ്ങുമ്പോള്‍ പാവപ്പെട്ടവന്റെ മനസ്സറിഞ്ഞാണ് സംഘടന വിസ്ഡം സ്‌കോളര്‍ഷിപ്പ് ആരംഭിച്ചതെന്ന് തുടക്കകാലത്തെ ഭാരവാഹികള്‍ പറയുന്നു.

എട്ടാം വര്‍ഷമായപ്പോഴേക്ക് വിസ്ഡം സ്‌കോളര്‍ഷിപ്പ് പ്രയോജനപ്പെടുത്തിയത് 200 വിദ്യാര്‍ഥികളാണ്. ഇതില്‍ 112 പേര്‍ ഇപ്പോഴും പഠിച്ച് കൊണ്ടിരിക്കുന്നു. കേരളത്തിലെ എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും വിസ്ഡം വിദ്യാര്‍ഥികളുണ്ട്. എന്‍ ഐ ടി കോഴിക്കോട്, എയിംസ് ചണ്ഡീഗഡ്, എയിംസ് റായ്പൂര്‍, ഐ ഐ ടി ഹൈദരാബാദ്, ജവര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ കോളജ് അലീഗഡ്, ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി ന്യൂഡല്‍ഹി, വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ് കോളജ് തൃശൂര്‍, കൊച്ചിന്‍ യൂനിവേഴ്‌സിറ്റി, തിരുവനന്തപുരം, കോഴിക്കോട് ഗവ. ഹോമിയോപ്പതി കോളജുകള്‍, തിരുവന്തപുരം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, എറണാകുളം, ഇടുക്കി ഗവണ്‍മെന്റ് എന്‍ജിനീയറിംഗ് കോളജുകള്‍, ഗവ. ലോ കോളജ് തൃശൂര്‍, ജാമിഅ മില്ലിയ ന്യൂഡല്‍ഹി എന്നീ കോളജുകളിലാണ് ഇപ്പോള്‍ വിസ്ഡം വിത്തെറിഞ്ഞിരിക്കുന്നത്. അവ പൂത്തുലയും. ഈ സമൂഹത്തിന്നവ പുതിയ തണലിടങ്ങളൊരുക്കും. പുതിയ ബാച്ചിലേക്ക് 40 കുട്ടികളുടെ സെലക്ഷന്‍ പൂര്‍ത്തിയായികൊണ്ടിരിക്കുകയാണ്.

സ്വപ്‌നങ്ങള്‍ക്ക് ചിറക് തുന്നിക്കൊടുക്കുന്നു

എം അബ്ദുല്‍മജീദ് (ജന. സെക്രട്ടറി എസ് എസ് എഫ്, കേരള.) 

മിടുക്കരും നിര്‍ധനരുമായ ധാരാളം വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ വിദ്യാഭ്യാസം സ്വപ്‌നമായി മാത്രം അവശേഷിച്ചിരുന്ന സ്ഥിതി അവസാനിപ്പിക്കുകയായിരുന്നു വിസ്ഡം സ്‌കോളര്‍ഷിപ്പിലൂടെ എസ് എസ് എഫ്.

ഇരുപത്തിയഞ്ച് വിദ്യാര്‍ത്ഥികളില്‍ നിന്ന് തുടങ്ങി ഇരുന്നൂറോളം പ്രൊഫഷനല്‍ വിദ്യാര്‍ത്ഥികള്‍ ഇത് വരെ ഈ പദ്ധതിയുടെ ഗുണഭോക്താക്കളായി മാറിയിട്ടുണ്ട്. ധാരാളം വിദ്യാര്‍ത്ഥികളുടെ സ്വപ്‌നങ്ങള്‍ക്ക് ചിറക് തുന്നിക്കൊടുക്കാന്‍ പദ്ധതിയിലൂടെ സാധിച്ചു.

ഈ സ്‌കോളര്‍ഷിപ്പ് ലഭ്യമായിരുന്നില്ലെങ്കില്‍ ഞാനൊരു ഡോക്ടറാവില്ലായിരുന്നു, എഞ്ചിനീയറാവില്ലായിരുന്നുവെന്ന് ഈറനണിഞ്ഞ കണ്ണുകളോടെ വിതുമ്പിപ്പറഞ്ഞാണ് പലരും വിസ്ഡം ത്രൈമാസ ക്യാമ്പ് വിട്ട് പോകാറുള്ളത്. പലരുടെയും കദനകഥകള്‍ കേള്‍ക്കുമ്പോള്‍ പദ്ധതി നടപ്പിലാക്കാനായതില്‍ അഭിമാനം തോന്നും. ആത്മവിശ്വാസം ഇരട്ടിക്കും.

മൂന്ന് മാസത്തിലൊരിക്കല്‍ നടക്കുന്ന ക്യാമ്പ്, അംഗങ്ങളുടെ ധാര്‍മിക ബോധം രൂപപ്പെടുത്തുന്നതിനും സാമൂഹ്യ പ്രതിബദ്ധത സൃഷ്ടിക്കുന്നതിനും വിദ്യാഭ്യാസ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനും ആദര്‍ശനിഷ്ഠരായി ജീവിക്കുന്നതിനുമുള്ള പരിശീലനക്കളരി കൂടിയാണ്. അംഗങ്ങള്‍ ‘റീചാര്‍ജിംഗ് ക്യാമ്പ്’ എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന ക്യാമ്പിനെ കുറിച്ച് പാസ് ഔട്ടാവുന്ന സന്ദര്‍ഭത്തില്‍ വികാരനിര്‍ഭരമായി പറയുന്നത് കേള്‍ക്കാം: ‘എനിക്ക് അഡ്മിഷന്‍ ലഭിച്ച സന്ദര്‍ഭത്തില്‍ എന്റെ ക്ലാസില്‍ മുസ്‌ലിംകളായി ധാരാളം ആണ്‍ പെണ്‍കുട്ടികളുണ്ടായിരുന്നു. ഇന്ന് കോഴ്‌സ് പൂര്‍ത്തിയായി പോരുമ്പോള്‍ ഞാനൊരാള്‍ മാത്രമാണ് മുസ്‌ലിം. ജേര്‍ണലിസം ക്ലാസുകളിലെ ഡിബേറ്റുകളില്‍ നിന്ന് പലപ്പോഴായി അവരില്‍ പലരും യുക്തിവാദ പ്രചോദിതരായി മാറിക്കഴിഞ്ഞിരുന്നു. ഈ ക്യാമ്പില്‍ നിന്നും ലഭിച്ച ആത്മീയശക്തിയാണ് എനിക്ക് പിടിച്ചു നില്‍ക്കാന്‍ ഊര്‍ജമായത്’.

പണ്ഡിതന്‍മാരും വിദ്യാഭ്യാസ പ്രമുഖരും സാമൂഹിക പ്രവര്‍ത്തകരുമാണ് രണ്ട് ദിവസത്തെ ക്യാമ്പില്‍ അംഗങ്ങളുമായി സംവദിക്കുന്നത്. കൂടുതല്‍ പേര്‍ക്ക് അവസരങ്ങള്‍ സൃഷ്ടിച്ചു കൊണ്ട് ഈ സ്‌കോളര്‍ഷിപ്പ് പദ്ധതി വിപുലമാക്കുന്നതിനെ കുറിച്ച് സംഘടന ആലോചിക്കുന്നു.

ഈ വര്‍ഷം മെഡിക്കല്‍ എന്‍ട്രന്‍സില്‍ പതിനൊന്നാം റാങ്ക് നേടിയ റാഷിദും മുപ്പത്തിയെട്ടാം റാങ്ക് നേടിയ ബിലാല്‍ മുഹ്‌സിനും വിസ്ഡം കുടുംബത്തില്‍ അംഗങ്ങളായിരിക്കുകയാണ്. പ്രശസ്തമായ കാമ്പസുകളില്‍ അഡ്മിഷന്‍ സമ്പാദിക്കുകയും സമൂഹത്തിന്റെ പ്രതീക്ഷകളായി മാറുകയും ചെയ്ത സമര്‍ഥരായ ധാരാളം വിദ്യാര്‍ത്ഥികള്‍ക്കാണ് വിസ്ഡം സ്‌കോളര്‍ഷിപ്പ് തണല്‍ വിരിക്കുന്നത്.

പ്രവാസി സുഹൃത്തുക്കളായ രിസാല സ്റ്റഡി സര്‍ക്കിള്‍ പ്രവര്‍ത്തകരില്‍നിന്നും പിറവി കൊണ്ടതാണ് വിസ്ഡം എന്ന ആശയം. വളരെ സാഹസപ്പെട്ടും ഈ പദ്ധതിയുടെ വിജയത്തിനായി നിരന്തര പ്രയത്‌നത്തില്‍ ഏര്‍പ്പെടുന്നു അവര്‍. ഏത് പദ്ധതിയുടെയും വിജയം അതിന്റെ താത്പര്യത്തെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ ഉള്‍ക്കൊണ്ട പ്രവര്‍ത്തകരിലൂടെയാണ്.

വിസ്ഡം വലിയ അനുഭവമാണ്

നൗഫല്‍ ചിറയില്‍ (വിസ്ഡം സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ ആശയം ആദ്യമായി തയ്യാറാക്കിയ നൗഫല്‍ ഇപ്പോള്‍ രിസാല സ്റ്റഡി സര്‍ക്കിള്‍ ഗള്‍ഫ് കൗണ്‍സില്‍ വിസ്ഡം കണ്‍വീനറാണ് )

 

എന്‍ജിനീയറിംഗ് പഠനകാലത്താണ് ഞാന്‍ സ്‌കോളര്‍ഷിപ്പിനെക്കുറിച്ച് ചിന്തിക്കുന്നത്. എന്‍ജിനീയറിംഗ് പഠിക്കാന്‍ കഴിയുന്ന ഒരു സാമ്പത്തിക പശ്ചാത്തലമില്ലായിരുന്നു വീട്ടില്‍. കൊല്ലം ടികെഎം എഞ്ചിനീയറിംഗ് കോളേജില്‍ 1998ല്‍ ബി ടെക്കിന് ചേര്‍ന്ന സമയത്ത് ആദ്യത്തെ ഒരുവര്‍ഷം സാമ്പത്തികമായി വളരെ അവശത അനുഭവിച്ചു. ആ സമയത്താണ് ഒരു സംഘടനക്ക് കീഴില്‍ സ്‌കോളര്‍ഷിപ്പ് പദ്ധതിയുണ്ടെന്നറിയുന്നത്. അപേക്ഷിച്ച് അര്‍ഹത നേടി. അതുവഴി പഠനം സുഗമമായി പൂര്‍ത്തിയാക്കി. ഇതോടെയാണ് സുന്നി പ്രസ്ഥാനത്തിന് കീഴിലും സ്‌കോളര്‍ഷിപ്പ് പദ്ധതി ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നത്. എന്നാല്‍ പദ്ധതി അവതരിപ്പിക്കാനുള്ള നേതൃബന്ധങ്ങള്‍ എനിക്കില്ലായിരുന്നു. സ്‌കോളര്‍ഷിപ്പിനുവേണ്ടി സാമ്പത്തിക സഹായം ചെയ്യാനുള്ള പ്രാപ്തിയും ഇല്ലായിരുന്നു. 2006ല്‍ ഗള്‍ഫിലേക്ക് വന്ന ശേഷം ഒരു ജിമെയില്‍ ഗ്രൂപ്പില്‍ മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പിനെക്കുറിച്ചുള്ള ചര്‍ച്ച ശ്രദ്ധയില്‍ പെട്ടപ്പോള്‍ പഴയ ആഗ്രഹം വീണ്ടും മുളപൊട്ടി. രിസാല സ്റ്റഡി സര്‍ക്കിളിന്റെ നേതൃത്വത്തിലുള്ള ലുഖ്മാന്‍ പാഴൂരുമായി വിഷയം പങ്കുവെച്ചു. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം ആശയം ഡ്രാഫ്റ്റ് ചെയ്തു. അതിനിടെ റിയാദില്‍ സംഘടിപ്പിക്കപ്പെട്ട ആര്‍ എസ് സി നാഷനല്‍ മീറ്റിംഗില്‍ ലുഖ്മാന്റെ ക്ഷണപ്രകാരം പങ്കെടുത്ത് സ്‌കോളര്‍ഷിപ്പ് പദ്ധതി അവിടെ അവതരിപ്പിച്ചു. പരിപാടിയില്‍ നാട്ടില്‍ നിന്ന് അതിഥിയായി എത്തിയിരുന്ന എസ്എസ്എഫ് മുന്‍ സംസ്ഥാന പ്രസിഡന്റ് എന്‍ എം സ്വാദിഖ് സഖാഫി അതില്‍ താത്പര്യം പ്രകടിപ്പിക്കുകയും പെട്ടെന്നുു നടപ്പിലാക്കുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് പൂര്‍ണമായ ഒരു ഡ്രാഫ്റ്റ് തയ്യാറാക്കി സംസ്ഥാന കമ്മിറ്റിക്ക് സമര്‍പ്പിക്കുകയും വൈകാതെ നടപ്പിലാക്കുകയുമായിരുന്നു.

പദ്ധതിയുടെ ആദ്യ കാലഘട്ടത്തില്‍ ഐസിഎഫ് ജുബൈല്‍ കമ്മിറ്റിയുടെ കൈവശമുണ്ടായിരുന്ന ഒരു ലക്ഷം രൂപയുടെ വിദ്യാഭ്യാസ ഫണ്ട് നല്‍കിയത് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ മുതല്‍ക്കൂട്ടായി. ഐസിഎഫ് സെന്‍ട്രല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി ശരീഫ് മണ്ണൂരാണ് വിസ്ഡം എന്ന പേര് നിര്‍ദേശിച്ചത്. അണ്ടര്‍ ഗ്രാജ്വേറ്റ് സ്‌കോളര്‍ഷിപ്പായാണ് നാം ഡ്രാഫ്റ്റ് തയ്യാറാക്കിയതെങ്കിലും നിലവില്‍ വന്നതിനുശേഷം ഒരു പോസ്റ്റ് ഗ്രാജ്വേറ്റ് സ്‌കോളര്‍ഷിപ്പ് പ്രോഗ്രാമായുംനമുക്ക് ഇതിനെ വികസിപ്പിക്കാനായി. മാത്രമല്ല, പി എച്ച് ഡി, പോസ്റ്റ് ഡോക്ടറേറ്റ് പോലെ റിസര്‍ച്ച് സംബന്ധമായ കോഴ്സുകള്‍ക്കു വേണ്ടി സജ്ജീകരിക്കപ്പെട്ട മെറിറ്റ് സ്‌കോളര്‍ഷിപ്പ് പ്രോഗ്രാം ഫോര്‍ഹൈടെക്നോളജി എന്നൊരു പുതിയ ശാഖയും വിസ്ഡത്തിനുകീഴില്‍ പിന്നീട് രൂപീകരിച്ചു.

ഗള്‍ഫ് നാടുകളില്‍ സ്പോസര്‍മാരെ കണ്ടെത്തി രിസാല സ്റ്റഡി സര്‍ക്കിള്‍ പ്രവര്‍ത്തകരാണ് പദ്ധതിക്കാവശ്യമായ ഫണ്ട് സ്വരൂപിക്കുന്നത്. ആര്‍ എസ് സിയുടെ ഗള്‍ഫിലെ വിദ്യാഭ്യാസ, കരിയര്‍ പ്രവര്‍ത്തനങ്ങളും യുവ പ്രൊഫഷനലുകളൂടെ കൂട്ടായ്മയും വിസ്ഡം എന്ന പേരിലാണ് പ്രവര്‍ത്തിക്കുന്നത്. ഫലത്തില്‍ ഒരുകൂട്ടായ വിദ്യാഭ്യാസ പ്രവര്‍ത്തനത്തിന്റെ ഫലവും അനുഭവവുമാണ് വിസ്ഡം. കൂടുതല്‍ മേഖലകളിലേക്ക് പദ്ധതികള്‍ വികസിപ്പിക്കുന്നതിന് ആലോചനകളുണ്ട്.

Leave a Reply