സംസ്കാരങ്ങളിലേക്കുള്ള മടങ്ങിപ്പോക്കാണ്‌ ‘വഴിച്ചൂട്ടുകൾ’ : കലാലയം പുസ്തകചർച്ച

കലാലയം സാംസ്കാരിക വേദി  സംഘടിപ്പിച്ച  `വഴിച്ചൂട്ടുകൾ` പുസ്തകചർച്ചയില്‍  കാനേഷ്‌ പൂനൂർ സംസാരിക്കുന്നു

 

അബൂദബി: ത്വാഹിർ ഇസ്മായിൽ രചിച്ച `വഴിച്ചൂട്ടുകൾ` സംസ്കാരത്തിലേക്കുള്ള മടങ്ങിപ്പോക്കാണെന്ന്‌ കലാലയം സാംസ്കാരിക വേദി അബൂദബിയിൽ സംഘടിപ്പിച്ച പുസ്തക ചർച്ച അഭിപ്രായപ്പെട്ടു. കളരി, ചെണ്ട, പാന, റാത്തീബ്‌, കളമെഴുത്ത്‌, നാഗപ്പാട്ട്‌, കൊടക്കല്ലുകൾ, മോഹിനിയാട്ടം, പൂരക്കളി, തോൽപ്പാവക്കൂത്ത്‌ തുടങ്ങിയ നാടൻ കലകളെയും പാരമ്പര്യ സാംസ്കാരിക പ്രതീകങ്ങളെയും ചരിത്രപഠന സ്വഭാവത്തോടെ സമീപിക്കുന്ന പുസ്തകത്തിനു പിന്നിൽ അന്വേഷണവും സർഗസഞ്ചാരവുമുണ്ട്‌. ദേശ സംസ്കൃതി അടയാളപ്പെടുത്തുന്ന പഴമകളും വഴികളും അടങ്ങുന്നതാണ്‌ വഴിച്ചൂട്ടുകൾ എന്ന്‌ കലാലയം ചർച്ചയിലെ അംഗങ്ങൾ പറഞ്ഞു. കാനേഷ്‌ പൂനൂർ, സഫറുള്ള പാലപ്പെട്ടി, ത്വാഹിർ ഇസ്മായിൽ എന്നിവർ പങ്കെടുത്തു.

തലമുറകൾ പിന്നിടുകയും പാരമ്പര്യങ്ങളും പൈതൃകങ്ങളും വിഭാഗീയമാക്കപ്പെടുകയും ചെയ്യുന്ന പുതിയകാലത്ത്‌ സംസ്കാരത്തെക്കുറിച്ചുള്ള പഠനപുസ്തകത്തിന്‌ സവിശേഷ പ്രസക്തിയുണ്ട്‌. ഒരു വശത്ത്‌ സാംസ്കാരികാധിനിവേശങ്ങൾ ദേശത്തനിമകളെ മുഴുവൻ ഇല്ലാതാക്കിക്കൊണ്ട്‌ അരങ്ങു വാഴുമ്പോൾ അത്യന്തം സാമൂഹ്യ ജാഗ്രതയോടെ കേരളദേശീയതയുടെ നീക്കിയിരിപ്പുകളെ പുതിയ തലമുറക്ക്‌ പ്രയോജനപ്പെടും വിധം പരിചയപ്പെടുത്തുന്നതിൽ ത്വാഹിർ ഇസ്മായിൽ അഭിനന്ദനമർഹിക്കുന്നുവെന്ന്‌ പുസ്തകത്തിന്റെ അവതാരികയിൽ ആലങ്കോട്‌ ലീലാകൃഷ്ണൻ പറയുന്നു. ഈ പുസ്തകം സാംസ്കാരിക പഠനശാഖക്ക്‌ ഒരു മുതൽകൂട്ടാണെന്നും ആലങ്കോട്‌ ലീലാകൃഷ്ണൻ അഭിപ്രായപ്പെടുന്നു. ലിപിയാണ്‌ പുസ്തകത്തിന്റെ പ്രസാധകർ.

 

 

Leave a Reply