പ്രാണജലം

കുടിനീരിനുവേണ്ടി കേഴുകയാണ് അക്ഷരാര്‍ത്ഥത്തില്‍ മലയാളികള്‍. കേരളത്തിനുപുറത്ത് ഇതിനേക്കാള്‍ മോശമാണു കാര്യങ്ങള്‍. കന്നുകാലികളെ കയ്യൊഴിക്കുകയും കുടിപാര്‍ക്കുന്ന ദേശങ്ങള്‍ വിട്ട് കുടിനീരുതേടി പലായനം നടത്തുകയും ചെയ്യുന്ന വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു. തീക്കാറ്റ് വീശുന്നു. കാലികളും മനുഷ്യരും മരിച്ചുവീഴുന്നു. വളരെ വളരെ പ്രയാസകരമായി തീര്‍ന്നിരിക്കുന്നു സാധാരണ മനുഷ്യരുടെ ജീവിതം. ആകാശത്തു നിന്ന് മഴ വര്‍ഷിക്കാത്തതിനെ ചൊല്ലി പരിഭവിക്കുന്നതാണ് നമ്മുടെ പൊതുശീലം. ഇത് ആത്മവിചാരണ അനിവാര്യമാക്കുന്ന സന്ദര്‍ഭമാണ്. മരിച്ചുവീഴുന്ന കന്നുകാലികളും മനുഷ്യരും നിശ്ശബ്ദം വിളിച്ചുപറയുന്നത് കുടിവെള്ളത്തിന്റെ വിലയെ കുറിച്ചാണ്. വെള്ളത്തിനു വേണ്ടി ജീവനാശം പോലും വകവെയ്ക്കാതെ പരസ്പരം ഏറ്റുമുട്ടുന്നവരും വെള്ളത്തിന്റെ വിലയെ കുറിച്ചു തന്നെയാണ് വിളിച്ചുപറയുന്നത്. ഇത്രമേല്‍ അമൂല്യമായ ജീവജലത്തെ എത്രത്തോളം അലസമായാണ് നാം കൈകാര്യം ചെയ്തുവരുന്നത്? വീടും ഹോട്ടലും ആരാധനാലയങ്ങളുമെല്ലാം നിര്‍മ്മിക്കുമ്പോള്‍ തുടങ്ങും വെള്ളത്തെ ശത്രുവായി കാണാന്‍. നീരറകളില്‍ മണ്ണടിച്ച് കോണ്‍ക്രീറ്റുബെല്‍റ്റുകെട്ടി കെട്ടിടങ്ങളുണ്ടാക്കുന്നതില്‍ ഒരു വേവലാതിയും അനുഭവിക്കാത്തവരാണ് നാം. ചുളുവിലക്ക് ചതുപ്പ് കിട്ടിയതില്‍ ഉള്ളാലെ സന്തോഷിക്കുകപോലും ചെയ്യും നാം. പുതിയ നിര്‍മ്മിതികള്‍ മുഴുവന്‍ അനിവാര്യമായതിന്റെ മൂന്നോ നാലോ ഇരട്ടി ജലം ദുര്‍വ്യയം ചെയ്യുന്ന തരത്തിലുള്ള സംവിധാനങ്ങളോടുകൂടിയതാണ്. വീട്ടില്‍ കുളിക്കാന്‍ ബാത്ത്ടബ്ബുകള്‍ ഉപയോഗിക്കുന്ന രീതി സര്‍വ്വസാധാരണമായി തുടങ്ങിയല്ലോ. സ്വിമ്മിംഗ് പൂളുകള്‍ വീട്ടിലുണ്ടാകുന്നതാണ് പുതിയ താല്‍പര്യം. ഇത് ഹോട്ടലിന്റെ ഭാഗമായിത്തീര്‍ന്നു കാലം കുറച്ചായി. കാലുകഴുകാനായി ടാപ്പുതുറന്ന് അരുവിയൊഴുക്കുന്ന പള്ളികള്‍ നമുക്കെത്രയുണ്ട്. പ്രാര്‍ത്ഥനയ്ക്കായി ഒരാള്‍ക്ക് അംഗശുദ്ധി വരുത്താന്‍ പത്തുലിറ്റര്‍ വെള്ളമെങ്കിലും ചെലവാകുന്നതല്ലേ മിക്ക പള്ളികളിലെയും ജലവിതരണ സംവിധാനം. മലയാളിയുടെ വിനോദങ്ങളില്‍ വാട്ടര്‍തീം പാര്‍ക്കുകള്‍ക്കുള്ള സ്ഥാനം അത്ര ചെറുതൊന്നുമല്ല. ഇതിനൊക്കെ പുറമെയാണ് ഉള്ള കുളങ്ങളെയും തോടുകളെയും പുഴകളെയുമൊക്കെ അഴുക്കുകള്‍ വലിച്ചെറിഞ്ഞ് മലിനമാക്കുന്ന കടുംകൈ. വിശകലനം ചെയ്തുനോക്കിയാല്‍, മുക്കിയെടുക്കുന്ന തുണിയില്‍ നിന്നിറ്റുവീഴുന്ന ഒരു തുള്ളി വെള്ളം വരണ്ടുണങ്ങിയ തൊണ്ടയിലേക്ക് വീഴ്ത്തിക്കിട്ടാനുള്ള അര്‍ഹത പോലുമുള്ളതല്ല നമ്മുടെ ജലസമീപനം എന്നു കാണാം.
പ്രാണന്‍പോലെ, പ്രാണവായുപോലെ മനുഷ്യന് നിര്‍മ്മിക്കാനാവാത്തതു തന്നെയാണ് പ്രാണജലവും. അവയെ നശിപ്പിക്കാന്‍ മാത്രമേ മനുഷ്യനു കഴിയുകയുള്ളൂ.
നമ്മുടെ ഇടപെടല്‍കൊണ്ട് അവയ്ക്കു ക്ഷതമേല്‍പിക്കാതിരിക്കാനുള്ള ജാഗ്രതയെങ്കിലും നാം കാണിക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ മലിനജലം കുടിച്ച് അസുഖം
ബാധിച്ച് മരിക്കേണ്ടിവരും. അല്ലെങ്കില്‍ കുടിവെള്ളം കിട്ടാതെ പിടഞ്ഞു മരിക്കേണ്ടിവരും. നമുക്കല്ലെങ്കില്‍ നമ്മുടെ മക്കള്‍ക്ക്. ദൈവം കാരുണ്യത്തോടെ സമ്മാനിച്ച ജീവവായുവിനെയും ജീവജലത്തെയും ആദരവോടെ സമീപിക്കലായിരിക്കും അവനോടു കാണിക്കുന്ന നന്ദി

Leave a Reply