സാമൂഹിക പ്രതിബദ്ധതയും ധാർമിക ബോധവുമുള്ള യുവത നാടിന്റെ സമ്പത്ത് – സി കെ റാശിദ് ബുഖാരി

മനാമ: അധാര്‍മികതകള്‍ അരങ്ങുവാഴുന്ന വര്‍ത്തമാനകാലത്ത് പുതുതലമുറയില്‍ സാമൂഹിക പ്രതിബദ്ധതയും ധാര്‍മിക ബോധവും വളര്‍ത്തിയെടുക്കുന്നതിലൂടെ മാത്രമേ ഒരു ഉത്തമ സമൂഹസൃഷ്ടിപ്പ് സാധ്യമാവുകയുള്ളൂവെന്നും, അത്തരം യുവാക്കള്‍ നാടിന്റെയും സമൂഹത്തിന്റെയും വില മതിക്കാനാവാത്ത സമ്പത്താണെന്നും എസ്.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് സി.കെ റാശിദ് ബുഖാരി ഇരിങ്ങണ്ണൂര്‍ പ്രസ്താവിച്ചു. പ്രവാസ ലോകത്തെ മത സാമൂഹിക സാംസ്‌കാരിക രംഗത്ത് രണ്ട് പതിറ്റാണ്ട് കാലമായി രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍.എസ്.സി) നടത്തിക്കൊണ്ടിരിക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ ശ്ലാഖനീയമാണെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു .

ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം ബഹ്‌റൈനിലെത്തിയ പ്രമുഖ പ്രഭാഷകനും കുറ്റ്യാടി സിറാജുല്‍ ഹുദാ ശരീഅത്ത് കോളേജ് പ്രിന്‍സിപ്പാള്‍ കൂടിയായ റാശിദ് ബുഖാരിക്ക് സല്‍മാബാദ് അല്‍ ഹിലാല്‍ കമ്യൂണിറ്റി ഹാളില്‍ രിസാല സ്റ്റഡി സര്‍ക്കിള്‍ ( ആര്‍.എസ്.സി) ബഹ്‌റൈന്‍ ഒരുക്കിയ സ്വീകരണ സമ്മേളനത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ധേഹം.

ആര്‍. എസ്. സി. നാഷനല്‍ ചെയര്‍മാന്‍ അബ്ദുറഹീം സഖാഫി വരവൂരിന്റെ അദ്ധ്യക്ഷതയില്‍ ഐ.സി.എഫ്. നാഷനല്‍ അഡ്മിന്‍ സിക്രട്ടറി റഫീക്ക് മാസ്റ്റര്‍ നരിപ്പറ്റ സമ്മേളനം ഉദ്ഘാടനം ചെയ്തു. ശംസുദ്ധീന്‍ സഖാഫി, ഷാഫി വെളിയങ്കോട്, അബുള്‍സലാം കോട്ടക്കല്‍, അബ്ദുള്ള രണ്ടത്താണി എന്നിവര്‍ ഉപഹാര സമര്‍പ്പണം നടത്തി. ഐ. സി. എഫ് നാഷനല്‍ പബ്ലിക്കേഷന്‍ പ്രസിഡണ്ട് മമ്മൂട്ടി മുസ്ല്യാര്‍ വയനാട്, വി.പി.കെ അബൂബക്കര്‍ ഹാജി, ആര്‍.എസ്.സി ഗള്‍ഫ് കൗണ്‍സില്‍ എക്‌സിക്യുട്ടീവ് അന്‍വര്‍ സലീം സഅദി, അല്‍ ഹിലാല്‍ ഹോസ്പിറ്റല്‍ അഡ്മിന്‍ അസീം, സിറാജുല്‍ഹുദാ ബഹ്‌റൈന്‍ കമ്മിറ്റി സിക്രട്ടറി കെ.എം മൊയ്തു ഹാജി, ആര്‍. എസ്. സി ജനറല്‍ കണ്‍വീനര്‍ വി.പി.കെ മുഹമ്മദ്, കലാലയം കണ്‍വീനര്‍ ഫൈസല്‍ ചെറുവണ്ണൂര്‍ എന്നിവര്‍ പ്രസംഗിച്ചു.