മക്ക: ആര്‍ എസ് സി ഹജ്ജ് വളണ്ടിയര്‍ കോര്‍ നേതാക്കള്‍ കോണ്‍സല്‍ ജനറലുമായി കൂടിക്കാഴ്ച നടത്തി. മക്ക അസീസിയ ഹജ്ജ് മിഷന്‍ ആസ്ഥാനത്തു നടന്ന കൂടിക്കാഴ്ച അര മണിക്കൂറോളം നീണ്ടു നിന്നു. കഴിഞ്ഞ പതിറ്റാണ്ടുകളായി ഹജ്ജ് സേവന രംഗത്ത് ആര്‍ എസ് സി ചെയ്തു വരുന്ന സേവനങ്ങളെകുറിച്ച് കൂടിക്കാഴ്ചയില്‍ അംഗങ്ങള്‍ വിശദീകരിച്ചു കൊടുത്തു. സൗദിയിലെ വിവിധ പ്രവിശ്യകളില്‍ നിന്നായി വിവിധ ഭാഷകളില്‍ നൈപുണ്യമുള്ള ആയിരത്തി ഇരുനൂറ്റി അന്‍പതിലധികം വളണ്ടിയര്‍മാര്‍ മിനയിലും മറ്റും സേവനരംഗത്തുണ്ടെന്നും മിനയില്‍ പ്രത്യേകം വീല്‍ചെയര്‍ പോയിന്റുകള്‍, മെഡിക്കല്‍ സംഘം ഉള്‍പ്പെടെയുള്ള എല്ലാ ഒരുക്കങ്ങളും കൂടിക്കാഴ്ചയില്‍ നേതാക്കള്‍ വിശദീകരിച്ചു. ആര്‍ എസ് സി ഹജ്ജ് സേവനങ്ങളെ അഭിനന്ദിച്ച അദ്ദേഹം തുടര്‍ന്നും സഹായ സഹകരണങ്ങള്‍ ആവശ്യപ്പെട്ടു. ചീഫ് കോഡിനേറ്റര്‍ ഉസ്മാന്‍ കുറുകത്താണിയുടെ നേതൃത്വത്തില്‍ നടന്ന കൂടിക്കാഴ്ചയില്‍ ക്യാപ്റ്റന്‍ സിറാജ് വില്യാപ്പള്ളി, വളണ്ടീയര്‍ കോര്‍ അംഗങ്ങളായ ത്വയ്യിബ് അബ്ദുസ്സലാം, ജഹ്ഫര്‍ തോറായി, അഷ്റഫ് കൊളപ്പുറം, റഷീദ് വേങ്ങര എന്നിവര്‍ പങ്കെടുത്തു.