മക്ക: ഗാന്ധിജിയുടെ ഇന്ത്യ പുനര്‍നിര്‍മ്മിക്കാന്‍ യുവാക്കള്‍ രംഗത്തിറങ്ങണമെന്ന് കലാലയം സാംസ്‌കാരിക വേദി മക്കയില്‍ സംഘടിപ്പിച്ച വിചാര സദസ്സ് അഭിപ്രായപ്പെട്ടു. ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഗാന്ധിജിയുടെ ഇന്ത്യയും ആധുനിക ഇന്ത്യയും എന്ന വിഷയത്തിലായിരുന്നു വിചാര സദസ്സ് സംഘടിപ്പിച്ചത്. പൗരത്വ നിയമവും കാശ്മീര്‍ പ്രശ്‌നവും രാജ്യത്ത് നടന്നു കൊണ്ടിരിക്കുന്ന കൊലപാതകങ്ങളും എല്ലാം ഒരു മതവിഭാഗത്തെ മാത്രം
കേന്ദ്രീകരിച്ചു കൊണ്ടാണെന്നും ഇത്തരം നടപടികള്‍ രാജ്യം ഇതുവരെ കാത്തുസൂക്ഷിച്ച മതേതരത്വ ഇന്ത്യ എന്ന സങ്കല്‍പത്തിനെതിരാണെന്നും ഗാന്ധിജി വിഭാവനം ചെയ്ത ഇന്ത്യയുടെ ആത്മാവ് തിരിച്ചു കൊണ്ടുവരാന്‍ ദേശസ്‌നേഹമുള്ള മുഴുവന്‍ ആളുകളും ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും വിചാര സദസ്സില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. മഹാത്മാഗാന്ധിയെ ഒരു മതവിഭാഗത്തിന്റെ ആളായി മാത്രം ചിത്രീകരിച്ചു കൊണ്ടും ഗാന്ധിജിയുടെ ഘാതകന്‍ ഗോഡ്‌സെയെ മഹാനായി കാണുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ വളരെ ആശങ്കയോടെയാണ് ദേശസ്‌നേഹികള്‍ നോക്കിണുന്നതെന്നും അവര്‍ അഭിപ്രായപ്പെട്ടു. ഗാന്ധിജി സ്വപ്നം കണ്ട ഇന്ത്യയെ തിരിച്ചു കൊണ്ടുവരാന്‍ യുവാക്കള്‍ രംഗത്തിറങ്ങണമെന്നും കലാലയം സാംസ്‌കാരിക വേദി ആവശ്യപ്പെട്ടു.
രാജ്യത്ത് നടക്കുന്ന ഇത്തരം നിലപാടുകള്‍ക്കെതിരെ ശബ്ദിക്കുമെന്നും രാജ്യസ്‌നേഹം കാത്തുസൂക്ഷിക്കുമെന്നും വിചാരസദസ്സില്‍ പങ്കെടുത്തവര്‍ പ്രതിജ്ഞയെടുത്തു. ഗാന്ധി ജയന്തിയോടനുബന്ധിച്ച് മക്കയിലെ ബുഹൈറാത്തില്‍ സംഘടിപ്പിച്ച വിചാര സദസ്സില്‍ ശിഹാബ് കുറുകത്താണി വിഷയാവതരണം നടത്തി. ഇസ്ഹാക്ക് ഖാദിസിയ്യ മോഡറേറ്ററായിരുന്നു. ഷൗക്കത്തലി കോട്ടക്കല്‍, അബ്ദുല്‍ഗഫൂര്‍, അബൂബക്കര്‍ പുലാമന്തോള്‍, വൈ പി റഹീം എടവണ്ണപ്പാറ, നൗഫല്‍ അരീക്കോട്, ഷബീര്‍ കോഴിക്കോട് തുടങ്ങിയവര്‍ സംസാരിച്ചു. ശിഹാബ് കുറുകത്താണി പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. ഇമാം ഷാ ഷാജഹാന്‍ സ്വാഗതവും നന്ദിയും പറഞ്ഞു.