മൊബൈൽ ലൈബ്രറിക്ക് പ്രൗഢമായ തുടക്കം

അബുദാബി സിറ്റി: കേരളപ്പിറവി ദിനത്തിൽ അബുദാബി IICC ഓഡിറ്റോറിയത്തിൽ കലാലയം സാംസ്കാരിക വേദിക്ക് കീഴിൽ ‘കേരളീയം: ബഹുസ്വരതയുടെ നന്മ മാതൃക’ എന്ന ശീർഷകത്തിൽ വിചാരസദസ്സും മൊബൈൽ ലൈബ്രറി ഉദ്ഘാടനവും നടന്നു. അബുദാബി ‘ശക്തി’ സാഹിത്യ വിഭാഗം സെക്രട്ടറി സുനിൽ മാടമ്പി മുഖ്യ അതിഥി ആയിരുന്നു. ഫാസിസത്തിനെതിരായ പോരാട്ടത്തിലെ നന്മയുടെ ഒരു തുരുത്താണ് കേരളം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വൈചാത്യങ്ങൾക്കിടയിലും ഒരുമയോടെ ജീവിക്കുക എന്ന നന്മ മാതൃകയാണ് കേരളം. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായ ഈ നന്മ നിലനിർത്താൻ നാം ഓരോരുത്തരും ബാധ്യസ്ഥരാണ് എന്ന് അദ്ദേഹം ഓർമിപ്പിച്ചു.
പ്രവാസ ലോകത്തെ ആദ്യ മൊബൈൽ ലൈബ്രറി ‘പ്രവാസികളുടെ പുസ്തകം’ എന്ന ഗ്രന്ഥം നൗഫൽ ഉപവനത്തിന് കൈമാറി അദ്ദേഹം ഉദ്ഘാടനം ചെയ്തു. പ്രവാസികൾക്കിടയിൽ വായന താൽപര്യം വർദ്ധിപ്പിക്കാൻ ഉതകുന്ന ഈ ഉദ്യമത്തിന് അദ്ദേഹം എല്ലാ ആശംസകളും നേർന്നു. ആദ്യഘട്ടത്തിൽ തന്നെ ഇരുന്നൂറോളം പുസ്തകങ്ങൾ സംവിധാനിക്കാൻ സംഘാടകർക്കായി.
മൊബൈൽ ലൈബ്രറിക്ക് പ്രവാസികൾക്കിടയിൽ കൂടുതൽ സ്വീകാര്യത ലഭിക്കാനാവശ്യമായ ആസൂത്രണങ്ങൾ സദസ്സ്‌ ഏറ്റെടുത്തു. വിചാര സദസ്സുകളുടെ തുടർച്ചയുണ്ടാകണമെന്ന് അംഗങ്ങൾ അഭിപ്രായപ്പെട്ടു. ആർ എസ്‌ സി നടത്തുന്ന ബുക്ക് ടെസ്റ്റിന്റെ പുസ്തകമായ ‘പ്രവാചകരുടെ മദീന’ കലാലയം സാംസ്കാരിക വേദിയുടെ ഉപഹാരമായി അതിഥിക്ക് കൈമാറി.
ആർ എസ്‌ സി അബുദാബി സിറ്റി ചെയർമാൻ ഇബ്രാഹിം സഅദി അധ്യക്ഷത വഹിച്ചു. കലാലയം സമിതി അംഗം ഹിജാസ് മൊയ്തീൻ വിഷയാവതരണം നടത്തി. ആർ എസ്‌ സി നാഷണൽ എക്സിക്യൂട്ടീവ് യാസിർ വേങ്ങര, യുവ സാഹിത്യകാരൻ സ്വാദിഖ് മൻസൂർ, ഹംസ നിസാമി തേഞ്ഞിപ്പലം, മാജിദ്, അലി അക്ബർ സഖാഫി, ശാഫി കോട്ടക്കൽ, ജാസിർ കൽപകഞ്ചേരി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
ജനറൽ കൺവീനർ ഇസ്മായിൽ വൈലത്തൂർ സ്വാഗതവും കലാലയം സമിതി അംഗം ഇഖ്ബാൽ പന്നൂർ നന്ദിയും പറഞ്ഞു.