റിയാദ്: പൗരവിഭജനത്തിനെതിരെ ഇന്ത്യന്‍ ക്യാംപസുകളിലും തെരുവുകളിലും നടക്കുന്ന ജനാധിപത്യ സമരങ്ങളെ കൈകരുത്തും മുഷ്‌കും ഉപയോഗിച്ച് നേരിട്ട രീതി നിയമപാലകരുടെയും സര്‍ക്കാരിന്റെയും ഒളിയജണ്ടകള്‍ ഒരിക്കല്‍ കൂടി പുറത്ത് കാണിക്കുന്നതാണെന്നും രാജ്യത്തെ അരക്ഷിതാവസ്ഥയിലേക്ക് നയിക്കുന്ന ഭരണകൂട ഭീകരതക്കെതിരെ പ്രക്ഷോഭങ്ങളുടെ ശക്തികൂട്ടി ഇന്ത്യയെ വീണ്ടെടുക്കാന്‍ സകലരും ഒന്നിക്കണമെന്നും ആര്‍ എസ് സി ആവശ്യപ്പെട്ടു. ഇന്ത്യയെന്ന വികാരത്തെ ജനിപ്പിക്കുന്ന പ്രതീകങ്ങള്‍ ഒന്നിനെയും ആര്‍ എസ് എസ് അംഗീകരിക്കുന്നില്ല. ദേശീയ പതാകയും ഭരണഘടനയും ഉള്‍പ്പെടെ രാജ്യത്തെ രാജ്യമായി നിലനിര്‍ത്തുന്നതിനോടുള്ള എന്നത്തേയും പുച്ഛം അധികാര ദുര്‍വിനിയോഗ ങ്ങളിലൂടെ നടപ്പാക്കുകയാണ് മോദി സര്‍ക്കാര്‍. നിയമാനുസൃതമായി നിലനില്‍ക്കുന്ന സംവിധാനങ്ങളില്‍ ഛിദ്രത പടര്‍ത്തി കുടിലമായ ദേശീയതയിലേക്ക് രാജ്യത്തെ നയിക്കാന്‍ ആഭ്യന്തര മന്ത്രി അമിത്ഷാ കിണഞ്ഞു ശ്രമിക്കുകയാണ്. ഇത് അനുവദിക്കരുതെന്നും ക്യാംപസിനകത്ത് കയറി എല്ലാ സീമകളും കീഴ്വഴക്കങ്ങളും കാറ്റില്‍ പറത്തി നടത്തുന്ന പൊലീസ് നരനായാട്ട്, നിശ്ചയദാര്‍ഢ്യമുള്ള രാജ്യത്തെ പൗരന്മാരുടെയും വിദ്യാര്‍ഥികളുടെയും മുന്നില്‍ വിലപ്പോകില്ലെന്നും ആര്‍ എസ് സി ഗള്‍ഫ് കൗണ്‍സില്‍ കണ്‍വീനറേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. സമരം അവസാനിപ്പിച്ചാല്‍ മാത്രമേ ഇടപെടൂ എന്ന ഉന്നത നീതിപീഠത്തിന്റെ പ്രസ്താവനയും ആശങ്കയുളവാക്കുന്നതാണ്. സമര രംഗത്തെ വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം അറിയിക്കുന്നു. അധികാരികളുടെ ധിക്കാരത്തിനും പൗരാവകാശ നിഷേധത്തിനുമെതിരെ കൂട്ടമായ സമര പരിപാടികളില്‍ പങ്കുചേര്‍ന്ന് ഈ പ്രക്ഷോഭം വിജയിക്കുന്നത് വരെ പിന്മാറരുതെന്നും വിഷയത്തില്‍ കേരള സര്‍ക്കാരും പ്രതിപക്ഷവും ഒന്നിച്ച് നിന്ന് പ്രതിഷേധിച്ചത് സ്വാഗതാര്‍ഹമാണെന്നും ആര്‍ എസ് സി അഭിപ്രായപ്പെട്ടു.
പൗരവിഭജനത്തിനെതിരെയുള്ള സമരങ്ങളെ തല്ലിയൊതുക്കാമെന്നത് വ്യാമോഹം – ആര്‍ എസ് സി
