പി.എസ്.സി, യു.പി.എസ്.സി പരീക്ഷ സാധ്യയതകൾ; ആർ.എസ്.സി സെമിനാർ സംഘടിപ്പിച്ചു

ജിദ്ദ: പി.എസ്.സി, യു.പി.എസ്.സി പരീക്ഷ സാധ്യതകൾ എന്ന വിഷയത്തിൽ ആർ.എസ്.സി ഓൺലൈൻ സെമിനാർ സംഘടിപ്പിച്ചു. പ്രവാസി മലയാളികളുടെ വിദ്യാഭ്യാസ കരിയർ വളർച്ച ലക്ഷ്യം വെച്ച് രിസാല സ്റ്റഡി സർക്കിൾ സൗദി വെസ്റ്റ് നാഷനൽ കമ്മറ്റി മാസാന്തം നടത്തി വരുന്ന ‘ടോക്ക് വിത്ത് ദി എക്സ്പേർട്ട്’ എന്ന സെമിനാർ പരമ്പരയിൽ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന വിസ്‌ഡം എഡ്യുക്കേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ (വെഫി) യുമായി ചേർന്നാണ് സെമിനാർ സംഘടിപ്പിച്ചത്.
പ്രവാസ ലോകം തൊഴിൽ സുരക്ഷ ഇല്ലാത്ത ഒരിടം കൂടിയാണ്, നാട്ടിലെ തൊഴിലിനേക്കാൾ സാമ്പത്തിക നേട്ടം ലഭിക്കുമെങ്കിലും ആഗോള സാമ്പത്തിക രംഗത്തെ മാറ്റങ്ങൾ പ്രവാസലോകത്തെ തൊഴിൽ പലപ്പോഴും നഷ്ടപ്പെടുത്താറുണ്ട്. സർക്കാർ തലങ്ങളിൽ ഒരുപാട് തൊഴിൽ മേഖലകൾ തുറന്നു കിടപ്പുണ്ട്, അൽപ്പം ശ്രദ്ധയും അടിസ്ഥാന പൊതു വിജ്ഞാനവും സമകാലിക വാർത്ത അവബോധവും ഉണ്ടെങ്കിൽ കുറഞ്ഞ കാലത്തെ പരിശീലനം കൊണ്ട് കേന്ദ്ര സംസ്ഥാന വകുപ്പുകളിൽ തൊഴിൽ നേടാനാകും. എന്നാൽ പ്രവാസികൾ ഇതിനു വേണ്ടി ശ്രമിക്കുന്നത് വളരെ കുറവാണെന്നും വിഷയമവതരിപ്പിച്ചു സംസാരിച്ച സി.കെ.എം റഫീഖ് അഭിപ്രായപ്പെട്ടു.
ലക്ഷ്യം നിശ്ചയിച്ച്‌ പ്രവാസലോകത്തെ ഒഴിവു സമയം നന്നായി ഉപയോഗപ്പെടുത്തിയാൽ സർക്കാർ തലങ്ങളിൽ സുരക്ഷിതമായ തൊഴിൽ നേടാനാകും. UPSC, PSC പരീക്ഷകൾക്ക് എങ്ങിനെ അപേക്ഷിക്കാം, പരീക്ഷക്ക് എങ്ങിനെ തയ്യാറാവാം, സിലബസ് എന്തൊക്കെയാണ്, പരീക്ഷ കാലം എപ്പോഴൊക്കെയാണ്, സ്മാർട്ട്‌ ആയി എങ്ങിനെ പരീക്ഷ എഴുതാം എന്നീ വിഷയങ്ങൾ സെമിനാറിൽ ചർച്ച ചെയ്തു. ആർ.എസ്.സി ഗൾഫ് കൗൺസിൽ അംഗം ഹബീബ് മാട്ടൂൽ ഉദ്‌ഘാടനം ചെയ്തു. മൻസൂർ ചുണ്ടമ്പറ്റ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഉസ്മാൻ മറ്റത്തൂർ, ശരീഫ് കൊടുവള്ളി എന്നിവർ പ്രസംഗിച്ചു.