കലാലയം റീഡിംഗ് ചലഞ്ച്; പതിനായിരം ഭവനങ്ങളില്‍ ‘റീഡ് ഷെല്‍ഫ്’ ഒരുക്കുന്നു

ദുബൈ: കലാലയം സാംസ്‌കാരിക വേദി ഗള്‍ഫിലെ പതിനായിരം ഭവനങ്ങളില്‍ ‘റീഡ് ഷെല്‍ഫ്’ ഒരുക്കും. ‘വായനയുടെ വസന്തം’ എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിക്കുന്ന കലാലയം റീഡിംഗ് ചലഞ്ചിന്റെ ഭാഗമായാണ് ‘റീഡ് ഷെല്‍ഫ്’ ഒരുക്കുന്നത്. വായനയുടെ മാസമായ റമളാന്‍ ഏറ്റവും വലിയ സാഹിത്യ ഗ്രന്ഥമായ ഖുര്‍ആന്‍ അവതീര്‍ണമായ മാസം കൂടിയാണ്. വായനാ മാസവും, ലോക് ഡൗണില്‍ റൂമുകളില്‍ അടഞ്ഞിരിക്കുന്നവരുടേയും സാധ്യതകള്‍ ഉപയോഗപ്പെടുത്തിയാണ് പ്രസ്തുത പദ്ധതി തുടക്കമിടുന്നത്. മനുഷ്യ മനസ്സുകള്‍ക്കിടയില്‍ വായനയിലൂടെ പുതിയ സംസ്‌കാരം വളര്‍ത്തിയെടുക്കുക, ബൗദ്ധിക വികാസം ഉയര്‍ത്തുക എന്നിവ റീഡിംഗ് ചലഞ്ചിന്റെ ലക്ഷ്യങ്ങളാണ്. ഗള്‍ഫിലെ അന്‍പത്തിനാല് കേന്ദ്രങ്ങളില്‍ വെര്‍ച്വല്‍ സംവിധാനമുപയോഗിച്ച് മാസത്തില്‍ ‘ബുക്ക് റിവ്യൂ’ പങ്കുവെക്കും. സാംസ്‌കാരിക ജീവിതത്തെ വിപ്ലവങ്ങളുടെ ഉശിര് നല്‍കി ഉണര്‍വുള്ള വായന, എഴുത്ത്, സംവാദം തുടങ്ങിയവ പരിശീലിപ്പിച്ച് മുഖ്യധാരയിലെത്തിക്കുകയാണ് കലാലയം ലക്ഷ്യമിടുന്നത്. മാഗസിന്‍ നിര്‍മ്മാണം, സാംസ്‌കാരിക വിചാരം, കലാശാല, വിചാരസഭ, ഇശല്‍ സംഗമം എന്നിവ തുടര്‍വാരങ്ങളില്‍ സംഘടിപ്പിക്കും.