കോവിഡ്- 19 പ്രവാസി സർവ്വേ : ആശങ്കകളും പ്രതീക്ഷകളും എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിച്ചു

ദോഹ: പ്രവാസി രിസാല 6 ജിസിസി രാഷ്ട്രങ്ങളിൽ നടത്തിയ പ്രവാസി കോവിഡ്19 സർവ്വേ അടിസ്ഥാനപ്പെടുത്തി ആർ എസ് സി ഖത്തർ നാഷനൽ കമ്മിറ്റി സൂമിൽ (Zoom) വെബിനാർ സംഘടിപ്പിച്ചു. 24 നു വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് ചെയർമാൻ നൗഫൽ ലത്തീഫിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച സംഗമത്തിൽ പ്രവാസി രിസാല എക്സിക്യൂട്ടീവ് എഡിറ്റർ അലി അക്ബർ വിഷയാവതരണം നടത്തി. കോവിഡ് മഹാമാരി പ്രവാസി മലയാളികളുടെ തൊഴിൽ ജീവിത അവസ്ഥകളിലുണ്ടാക്കിയ പ്രതിസന്ധികളെ ആഴത്തിൽ മനസ്സിലാക്കുന്നതായിരുന്നു സർവ്വേ ഫലം. അടിസ്ഥാന വിഷയങ്ങളായ തൊഴിൽ മറ്റു വരുമാന മാർഗ്ഗങ്ങൾ നാട്ടിലെ സാമ്പത്തിക ഭദ്രത സ്വന്തമായ വീട് വിദ്യാഭ്യാസ യോഗ്യത കോവിഡ് മൂലമുള്ള മാനസിക ആഘാതങ്ങൾ തുടങ്ങിയ പ്രവാസികളുടെ സാമൂഹിക സാമ്പത്തിക വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരുന്നു സർവ്വേ നടന്നത്.

  ദേശീയ ചർച്ചാ വേദിയിൽ വിവിധ മാധ്യമങ്ങളെയും സാംസ്‌കാരിക കൂട്ടായ്മകളെയും പ്രതിനിധീകരിച്ചു ബഷീർ പുത്തൂപ്പാടം (ഐ സി എഫ്), ഒ മുസ്തഫ (ഗൾഫ് മാധ്യമം, ഖത്തർ), സാലിം നാലകത്ത് (കെഎംസിസി), അഡ്വ: ജാഫർ ഖാൻ (ഐ സി സി), കെ എം വർഗ്ഗീസ് (സാമൂഹ്യ പ്രവർത്തകൻ), ജോൺ ഗിൽബെർട് (ഇൻകാസ്), ഐ എം എ റഫീഖ് (കേരള ശബ്ദം) തുടങ്ങിയവർ പങ്കെടുത്തു.

പ്രവാസികളുടെ യഥാർത്ഥ പ്രശ്നങ്ങൾ അനാവരണം ചെയ്യുന്ന ഇത്തരം സർവ്വേകൾ അഭിനന്ദനാർഹമാണെന്നും ബന്ധപ്പെട്ട ഭരണകർത്താക്കളെ ബോധ്യപ്പെടുത്തി പ്രവാസികളുടെ ഉന്നമനത്തിനു ആവശ്യമായ നടപടികൾ സ്വീകരിക്കപ്പെടേണ്ടതുണ്ടെന്നും സംഗമം വിലയിരുത്തി. കക്ഷി രാഷ്ട്രീയ ഭേദമന്യേ മുഴുവനാളുകളുടെയും പ്രാതിനിധ്യത്തോടെ ആവശ്യങ്ങൾ ഉന്നയിക്കപ്പെടുമ്പോളാണ് കാലങ്ങളായുള്ള ഗൾഫ് മലയാളികളുടെ സുസ്ഥിര വരുമാന മാർഗ്ഗങ്ങളും അതിജീവന പാക്കേജുകളും യാഥാർഥ്യമാക്കപ്പെടുന്നതെന്നും സംഗമം വിലയിരുത്തി. ബഷീർ നിസാമി സ്വാഗതവും ഷഫീഖ് കണ്ണപുരം നന്ദിയും പറഞ്ഞു. ശംസുദ്ധീൻ സഖാഫി മോഡറേറ്റർ ആയിരുന്നു.