കോവിഡ് നൽകിയ തിരിച്ചറിവിൽ നിന്ന് പ്രവാസികൾ പാഠമുൾക്കൊള്ളണം: ആർ. എസ്.സി ചർച്ചാ സംഗമം

മനാമ: കോവിഡ് പ്രതിസന്ധി പകർന്ന് നൽകിയ തിരിച്ചറിവുകളിൽ നിന്ന് പ്രവാസികൾ പാഠമുൾക്കൊള്ളണമെന്ന് ആർ.എസ്. സി ബഹ്റൈൻ സംഘടിപ്പിച്ച ദേശീയ ചർച്ചാ സംഗമം അഭിപ്രായപ്പെട്ടു. ഗൾഫ് പ്രവാസത്തിൽ കോവിഡ് സൃഷ്ടിച്ച സ്വാധീനം പഠനവിധേയമാക്കി
പ്രവാസി രിസാല മാസിക ജിസിസി രാഷ്ട്രങ്ങളിൽ നടത്തിയ പ്രവാസി സർവ്വേ അടിസ്ഥാനപ്പെടുത്തിയാണ് ചർച്ചാ സംഗമം സംഘടിപ്പിച്ചത്.

കോവിഡ് മഹാമാരി പ്രവാസി മലയാളികളുടെ തൊഴിൽ ജീവിത അവസ്ഥകളിലുണ്ടാക്കിയ പ്രതിസന്ധികളെ ആഴത്തിൽ മനസ്സിലാക്കുന്നതായിരുന്നു സർവ്വേ ഫലം. അടിസ്ഥാന വിഷയങ്ങളായ തൊഴിൽ മറ്റു വരുമാന മാർഗ്ഗങ്ങൾ നാട്ടിലെ സാമ്പത്തിക ഭദ്രത ,സ്വന്തമായ വീട്, വിദ്യാഭ്യാസ യോഗ്യത, കോവിഡ് മൂലമുള്ള മാനസിക ആഘാതങ്ങൾ തുടങ്ങിയ പ്രവാസികളുടെ സാമൂഹിക സാമ്പത്തിക വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരുന്നു സർവ്വേ നടന്നത്.

ആറു ഗള്‍ഫ് രാജ്യങ്ങളിലായി വ്യത്യസ്ത തൊഴില്‍, ബിസിനസ് സാഹചര്യങ്ങളില്‍ ജീവിക്കുന്നവരിൽ നടത്തിയ സർവേയിൽ പ്രതിസന്ധി രൂക്ഷമായി നില്‍ക്കുമ്പോഴും ഗള്‍ഫില്‍ തന്നെ തുടരുകയോ പ്രതിസന്ധിക്കുശേഷം തിരിച്ചു വരികയോ വേണമെന്ന് അഭിപ്രായപ്പെടുന്നവരാണ് ഭൂരിഭാഗം പ്രവാസികളും . എട്ട് ശതമാനം പേര്‍ മാത്രമാണ് ഇനി ഗള്‍ഫിലേക്കില്ലെന്ന് തീര്‍ത്തു പറയുന്നത്.

പ്രവാസികളുടെ യഥാർത്ഥ പ്രശ്നങ്ങൾ അനാവരണം ചെയ്യുന്ന ഇത്തരം സർവ്വേകൾ അഭിനന്ദനാർഹമാണെന്നും , ബന്ധപ്പെട്ട ഭരണകർത്താക്കളെ ബോധ്യപ്പെടുത്തി പ്രവാസികളുടെ ഉന്നമനത്തിനു ആവശ്യമായ നടപടികൾ സ്വീകരിക്കപ്പെടേണ്ടതുണ്ടെന്നും സംഗമം ആവശ്യപ്പെട്ടു. കക്ഷി രാഷ്ട്രീയ ഭേദമന്യേ മുഴുവനാളുകളുടെയും പ്രാതിനിധ്യത്തോടെ ആവശ്യങ്ങൾ ഉന്നയിക്കപ്പെടുമ്പോളാണ് കാലങ്ങളായുള്ള ഗൾഫ് മലയാളികളുടെ സുസ്ഥിര വരുമാന മാർഗ്ഗങ്ങളും അതിജീവന പാക്കേജുകളും യാഥാർഥ്യമാക്കപ്പെടുന്നതെന്നും സംഗമം വിലയിരുത്തി.

ആർ.എസ്.സി നാഷനൽ ചെയർമാൻ അബ്ദുള്ള രണ്ടത്താണിയുടെ അദ്ധ്യക്ഷതയിൽ നടന്ന സംഗമം കലാലയം സാംസ്കാരിക വേദി ദേശീയ സമിതി അംഗം ഫൈസൽ ചെറുവണ്ണൂർ ഉദ്ഘാടനം ചെയ്തു. പ്രവാസി രിസാല സബ് എഡിറ്റർ ലുഖ്മാൻ വിളത്തൂർ, ബഹ്റൈൻ കേരളീയ സമാജം പ്രസിഡണ്ട് പി.വി. രാധാകൃഷ്ണപ്പിള്ള , മാധ്യമ പ്രവർത്തകൻ പ്രദീപ് പുറവങ്കര, ഇ.എ സലിം , വി.പി.കെ. അബൂബക്കർ ഹാജി, ബിനു കുന്നന്താനം, റഫീക്ക് അബ്ദുള്ള എന്നിവർ സംസാരിച്ചു.
ജനറൽ കൺവീനർ അഡ്വ: ഷബീറലി സ്വാഗതവും ഷഹീൻ അഴിയൂർ നന്ദിയും പറഞ്ഞു. വി.പി.കെ. മുഹമ്മദ് മോഡറേറ്റർ ആയിരുന്നു.