ദോഹ: വിദ്യാഭ്യാസം പോലോത്ത അടിസ്ഥാന മേഖലകൾ സാധാരണക്കാരന് അപ്രാപ്യമായിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ് ഇന്ന് രാജ്യത്തു ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് പ്രമുഖ ചരിത്രകാരൻ ഡോ. കെ കെ എൻ കുറുപ്പ് അഭിപ്രായപ്പെട്ടു. സ്വാതന്ത്ര്യ സമര ചരിത്രത്തിൽ മലബാർ സമരത്തിന് അദ്വിതീയ സ്ഥാനമാണെന്നും സമരത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുമ്പോൾ പുതുതലമുറയ്ക്ക് അതിന്റെ സന്ദേശം കൈമാറാൻ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കലാലയം സാംസ്‌കാരിക വേദി ഖത്തർ നാഷനൽ കമ്മിറ്റി സംഘടിപ്പിച്ച ‘ഹിന്ദുസ്ഥാൻ ഹമാരാ’ ഓൺലൈൻ സംഗമത്തിൽ ‘മലബാർ സമരത്തിന്റെ മതേതരത്വം’ എന്നാ വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയിൽ ഇന്ത്യാ വിഭജനത്തിന്റെ അടിവേരുകൾ എന്ന വിഷയത്തിൽ ചരിത്രകാരൻ ഡോ. ഹുസൈൻ രണ്ടത്താണി പ്രഭാഷണം നടത്തി. ബ്രിട്ടീഷുകാർ ഇന്ത്യയിൽ നടപ്പിലാക്കിയ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന തന്ത്രത്തോടൊപ്പം രാഷ്ട്രീയ നേതൃത്വത്തിന്റെ വാശിയും വ്യക്തി താത്പര്യങ്ങളുമായിരുന്നു ഇൻഡ്യാ വിഭജനത്തിന് വഴി തെളിച്ചതെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. എസ് വൈ എസ് സ്റ്റേറ്റ് സെക്രട്ടറി മജീദ് മാസ്റ്റർ കക്കാട് സംഗമം ഉദ്ഘാടനം ചെയ്തു. ഐ സി എഫ് മിഡിൽ ഈസ്റ്റ് ട്രഷറർ കരീം ഹാജി മേമുണ്ട, ഐ സി സി വൈസ് ചെയർമാൻ വിനോദ് വി നായർ എന്നിവർ സംസാരിച്ചു. ആർ എസ് സി ചെയർമാൻ നൗഫൽ ലത്തീഫിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച സംഗമത്തിൽ കലാലയം കൺവീനർ ശംസുദ്ധീൻ സഖാഫി സ്വാഗതവും സജ്ജാദ് മീഞ്ചന്ത നന്ദിയും പറഞ്ഞു.
“വർത്തമാന വിദ്യാഭ്യാസ നയങ്ങൾ, സാധാരണക്കാരന് അപ്രാപ്യം” ഡോ. കെ കെ എൻ കുറുപ്പ്
