“സാംസ്കാരിക ഫാഷിസത്തിന്റെ സാമൂഹിക കുടിയേറ്റം”-ടോക്ക് അപ്പ് സമാപിച്ചു.

ദുബൈ: രിസാല സ്റ്റഡി സർക്കിൾ ഗൾഫിലെ 916 കേന്ദ്രങ്ങളിൽ “ന്യൂനോർമൽ യുവത്വം മാരികൾക്ക് ലോക്കിടും” എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന യൂനിറ്റ് സമ്മേളനങ്ങളുടെ ഭാഗമായി കലാലയം സാംസ്കാരിക വേദി ദുബൈ സൗത്ത് ടോക്ക് അപ്പ് സംഘടിപ്പിച്ചു. “സാംസ്കാരിക ഫാഷിസത്തിന്റെ സാമൂഹിക കുടിയേറ്റം” എന്ന വിഷയത്തിൽ നടന്ന പരിപാടി പ്രമുഖ സാഹിത്യകാരൻ മുരളി മംഗലത്ത് ഉദ്ഘാടനം ചെയ്തു.

ഫാസിസത്തിന്റെ വേരുകൾക്ക് വലിയ കാലപ്പഴക്കമുണ്ടെന്നും വൈകാരിക കപട ദേശസ്നേഹം, മത വിദ്വേഷം പോലുള്ള ആയുധങ്ങൾ ഉപയോഗിച്ച് ഫാസിസം ശക്തി പ്രാപിക്കുമ്പോഴും പരിഹാരം കാണേണ്ട മത രാഷ്ട്രീയ സാംസ്കാരിക സംഘടനകൾ നിസ്സാര കാര്യങ്ങൾക്ക് മേലിൽ വിഘടിച്ചു നിൽക്കുന്നത് ആശങ്കാജനകമാണെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരുമിച്ചുള്ള ചിന്തകൾക്ക് മാത്രമേ ഇതിൽ പരിഹാരം കാണാൻ സാധ്യമാകുകയുള്ളൂവെന്നും അദ്ദേഹം കൂട്ടി ചേർത്തു.

ഫാസിസം ഒരു തരത്തിലുള്ള വൈറസാണ്. ഫാസിസം ഉദ്ദേശിക്കുന്ന പൊതു ശത്രുക്കളെ രൂപപ്പെടുത്തുകയും മുൻ കാലങ്ങളിൽ മനുഷ്യർ വിഭജിച്ചു നിന്നവരാണെന്ന ബോധം ഉണ്ടാക്കാനുള്ള ശ്രമം നടക്കുന്നുവെന്ന് വിഷയമവതരിപ്പിച്ചു കൊണ്ട് സംസാരിച്ച പ്രമുഖ കവിയും, എഴുത്തുകാരനുമായ മാധവൻ പുറച്ചേരി പറഞ്ഞു. ചരിത്ര പൊതു നിർമിതികളെ ഫാസിസവൽക്കരണം നമ്മുടെ മനസ്സിൽ കൂടി കയറ്റുന്നതിനു ശ്രമം നടക്കുന്നുവെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. ഫാസിസത്തിനെ എതിർക്കുന്ന സാംസ്കാരിക പ്രവർത്തകർക്ക് വരെ വലിയ അക്രമം ഉണ്ടായിട്ടു പോലും പ്രതികരിക്കാൻ പറ്റുന്ന നേതൃത്വത്തിന്റെ അഭാവമുണ്ടെന്നു ഇൻകാസ്‌ യു.എ.ഇ ജനറൽ സെക്രട്ടറി മുഹമ്മദ് അലി പുന്നക്കൻ പ്രതികരിച്ചു.

കോവിഡ് കാലം ചിന്തകളുടെയും വായനയുടെയും പുതിയ വാതായനങ്ങൾ തുറന്നിരിക്കുകയാണെന്നും നന്മ കൊണ്ട് നാളെയെ സമ്പന്നമാക്കണമെന്നും കേരള ന്യുനപക്ഷ ഫിനാൻസ് ചെയർമാൻ പ്രൊഫസർ എ പി അബ്ദുൽ വഹാബ് അദ്ദേഹത്തിന്റെ സന്ദേശത്തിൽ പറഞ്ഞു. സാസ്കാരിക ഫാസിസത്തിനെ എതിർക്കാൻ നന്മക്ക് മാത്രമേ സാധിക്കുകയുള്ളൂ എന്നും രിസാല സ്റ്റഡി സർക്കിൾ യുവ പൊതു സമൂഹത്തിൽ ശക്തമായ സ്വാധീനം ചെലുത്തുന്നുണ്ടെന്നും.അ ദ്ദേഹം അഭിപ്രായപ്പെട്ടു.

രിസാല സ്റ്റഡി സർക്കിൾ ഗൾഫ് കൗൺസിൽ എക്സിക്യൂട്ടീവ് ഡോ: മുഹ്‌സിൻ അബ്ദുൽ ഖാദർ മോഡറേറ്റർ ആയിരുന്നു. റഫീഖ് സഖാഫി വെള്ളില, ആഷിക് നെടുമ്പുര തുടങ്ങിയവർ സംബന്ധിച്ചു. റാസിഖ് മാട്ടൂൽ സ്വാഗതവും സുഹൈൽ മാട്ടൂൽ നന്ദിയും പറഞ്ഞു