ലിബറൽ ഒളിയജണ്ടകളെ ചെറുത്തു തോൽപ്പിക്കണം : ആർ എസ് സി യൂത്ത് കൺവീൻ

ദോഹ: പാഠ്യപദ്ധതി പരിഷ്കരണത്തിലൂടെ ലിബറൽ അജണ്ടകൾ ഒളിച്ചു കടത്താനുള്ള നീക്കത്തിന് സർക്കാർ മുതിരരുതെന്നും സാമൂഹിക ധാർമികതയെ പൊളിച്ചെഴുതുന്നത് ആത്മഹത്യാപരമായിരിക്കുമെന്നും രിസാല സ്റ്റഡി സർക്കിൾ ഖത്വർ നാഷനൽ യൂത്ത് കൺവീൻ ആവശ്യപ്പെട്ടു. ‘നമ്മളാവണം’ എന്ന പ്രമേയത്തിൽ രണ്ട് മാസം നീണ്ടു നിന്ന മെമ്പർഷിപ്പ് ക്യാമ്പയിന്റെ സമാപനമായി മഅ്മൂറ ഓൾഡ് ഐഡിയൽ സ്കൂളിൽ സംഘടിപ്പിക്കപ്പെട്ട യൂത്ത് കൺവീനിൽ ഖത്വർ നാഷനൽ ആർ എസ് സിക്ക് പുതിയ നേതൃത്വത്തെയും തിരഞ്ഞെടുത്തു. സംഗമം നൗഫൽ ലത്തീഫിയുടെ അധ്യക്ഷതയിൽ ഐ സി എഫ് നാഷനൽ സെക്രട്ടറി ബഷീർ പുത്തൂപ്പാടം ഉദ്ഘാടനം ചെയ്തു. ആർ എസ് സി ഗൾഫ് കൗൺസിൽ ചെയർമാൻ അബ്ദുറഹ്മാൻ സഖാഫി ചെമ്പ്രശ്ശേരി, ജനറൽ കൺവീനർ സിറാജ് മാട്ടിൽ, ജമാൽ അസ്ഹരി, നൗഫൽ അബ്ദുൽ കരീം എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. ശകീർ ബുഖാരി ചെയർമാനും ഉബൈദ് വയനാട് ജനറൽ സെക്രട്ടറിയും നംഷാദ് പനമ്പാട് എക്സിക്യൂട്ടീവ് സെക്രട്ടറിയുമായ പുതിയ നാഷനൽ ഭാരവാഹികൾ നിലവിൽ വന്നു. സെക്രട്ടറിമാരായി ബശീർ വടക്കേക്കാട്, ഉനൈസ് അമാനി (സംഘടന), മൻസൂർ തൃപ്രയാർ, അബ്ദുറഊഫ് മാട്ടൂൽ (ഫൈനാൻസ്), ഹാരിസ് പുലാശ്ശേരി, സഫീർ പൊടിയാടി (വിസ്ഡം), ശംസുദ്ദീൻ പുളിക്കൽ, ഹാശിം മാവിലാടം (കലാലയം), റനീബ് ചാവക്കാട്, താജുദ്ദീൻ പുറത്തീൽ (മീഡിയ) എന്നിവരേയും തിരഞ്ഞെടുത്തു. ശഫീഖ് കണ്ണപുരം സ്വാഗതവും ഉബൈദ് വയനാട് നന്ദിയും പറഞ്ഞു.