ഫുജൈറ : പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന പ്രവാസി എഴുത്തുകാരൻ സത്യൻ മാടാക്കരക്ക് കലാലയം സാംസ്കാരിക വേദി യുഎഇ നാഷനൽ കമ്മിറ്റി യാത്രയയപ്പ് നൽകി. സാമൂഹിക സംസ്കരിക കലാ രംഗത്ത് നിറ സാന്നിധ്യമായിരുന്ന സത്യൻ മാടാക്കര ആർ എസ് സി യുടെ സാഹിത്യോത്സവിലും മറ്റു സാംസ്‌കാരിക സാഹിത്യ പരിപാടികളിലും നിരവധി തവണ പങ്കെടുത്തിട്ടുണ്ട്.
അറബ് ലോകത്തെ മലയാളി എഴുത്തുകാരിൽ പ്രശസ്തനാണ് കവി സത്യൻ മാടാക്കര. മുപ്പത് വർഷത്തിലേറെ നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ചാണ് അദ്ധേഹം നാട്ടിലേക്ക് മടങ്ങുന്നത്. പ്രവാസ ജീവിതത്തെ ആഴത്തിൽ തൊട്ടറിഞ്ഞ അദ്ദേഹത്തിന്റെ എഴുത്തുകളിലെല്ലാം പ്രവാസ വിഷയങ്ങൾ കടന്നു വരുന്നതായി കാണാം. കവിത, ലേഖനങ്ങൾ, അനുഭവക്കുറിപ്പുകൾ എന്നിവയിലെല്ലാം പ്രവാസ ലോകത്തിരുന്ന് അദ്ധേഹം കയ്യൊപ്പുകൾ ചാർത്തിയിട്ടുണ്ട്. പത്തോളം പുസ്തകങ്ങൾ അദ്ദേഹത്തിന്റെതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാഹിത്യ–സാംസ്കാരിക പ്രഭാഷണങ്ങളിലൂടെയും അദ്ദേഹം പ്രവാസി മലയാളികൾക്കിടയിൽ പരിചത മുഖമാണ്.
കോഴിക്കോട് വടകര മാടാക്കര സ്വദേശിയാണ്. മരുഭൂമിയിലെ ജീവിതപരിസരത്തെയും കടലിനെക്കുറിച്ചും തുറമുഖത്തെക്കുറിച്ചും മരങ്ങളെയും പക്ഷികളെയും മനുഷ്യരെക്കുറിച്ചുമെല്ലാം അദ്ദേഹം കവിതകളും ലേഖനങ്ങളുമെഴുതി. വിവിധ ആനുകാലികങ്ങളിൽ തന്റെതായ ഒരിടം അദ്ദേഹം ഉണ്ടാക്കിയെടുത്തിരുന്നു.
കടൽ കപ്പൽ മീൻ, ആദർശചിഹ്നം, മലബാർ സ്കെച്ചുകൾ, മഴപെഴ്തില്ല മയിലും വന്നില്ല, മണല്‍, കപ്പലില്ലാത്ത തുറമുഖം, ഒരു മത്സ്യവും ജലാശയം നിര്‍മ്മിക്കുന്നില്ല എന്നിവ അദ്ദേഹത്തിന്റെ പ്രധാനകൃതികളാണ്. യാത്രയയപ്പ് ചടങ്ങിൽ റഷീദ് ഇബ്രാഹീം, സഈദ് സഅദി മാണിയൂർ, ശരീഫ് കോട്ടക്കൽ,
ഫൈസൽ താനൂർ, കോയ സഖാഫി എന്നിവർ സംബന്ധിച്ചു.