വിശുദ്ധ ഖുർആൻ പഠനവും പാരായണവും പ്രോത്സാഹിപ്പിക്കുന്നതിനായി രിസാല സ്റ്റഡി സർക്കിൾ റമളാനിൽ സംഘടിപ്പിച്ചു വരുന്ന ആറാമത് എഡിഷൻ തർതീൽ- ഖുർആൻ മത്സരങ്ങളുടെ ഗ്രാന്റ് ഫിനാലെ ഈ വെള്ളിയാഴ്ച്ച രാവിലെ 9 മണി മുതൽ മനാമ കന്നട ഭവൻ ഓഡിറ്റോറിയത്തിൽ നടക്കും. ജൂനിയർ, സെക്കന്ററി, സീനിയർ, സൂപ്പർ സീനിയർ എന്നീ വിഭാഗങ്ങളിലായി മനാമ, മുഹറഖ്, റിഫ സോണുകളിൽ നിന്നും നിരവധി മത്സരാർത്ഥികൾ പങ്കെടുക്കും. ആർ എസ് സി യുടെ ഘടകങ്ങളായ യൂനിറ്റ്, സെക്ടർ, സോൺ മത്സരങ്ങളിൽ നിന്നും ഒന്നാം സ്ഥാനം നേടിയ പ്രതിഭകൾ തമ്മിലുള്ള മത്സരമാണ് ബഹ്‌റൈൻ നാഷനൽ തർതീൽ ഗ്രാന്റ് ഫിനാലെ. ഖുർആൻ പാരായണം, മനഃപാഠം, ക്വിസ്, രിഹാബുൽ ഖുർആൻ, മുബാഹസ തുടങ്ങിയവയാണ് മത്സര ഇനങ്ങൾ. സന്ദർശകർക്കായി ഖുർആൻ എക്സ്പോയും നഗരിയിൽ ഒരുക്കുന്നുണ്ട് .
ഉച്ചക്ക് ശേഷം നടക്കുന്ന സമാപന സമ്മേളനത്തിൽ ബഹ്‌റൈനിലെ പ്രമുഖ ഇസ്ലാമിക പണ്ഡിതൻ ശൈഖ് മുഹ്‌സിൻ ഇബ്ൻ ഹുസൈൻ മദനി , എസ് എസ് എഫ് കേരള മുൻ സംസ്ഥാന പ്രസിഡന്റ് സി കെ റാഷിദ് ബുഖാരി, ഐ സി എഫ് നാഷനൽ പ്രസിഡന്റ് സൈനുദ്ധീൻ സഖാഫി, അബ്ദു സമദ് അമാനി, അനസ് അമാനി തുടങ്ങിയവർ സംബന്ധിക്കും. മികച്ച പാരായണം നടത്തുന്ന മത്സരാർത്ഥിക്ക് സ്വർണ നാണയവും മറ്റു വിജയികൾക്ക് ആകർഷണീയമായ സമ്മാനങ്ങളും സംവിധാനിച്ചിട്ടുണ്ട്. തർതീലിനോടനുബന്ധിച്ച് ബഹ്‌റൈനിലെ പ്രവാസികൾക്കായി സംഘടിപ്പിച്ച ഖുർആൻ പ്രബന്ധ രചനാ മത്സര വിജയിയെ സമാപന സമ്മേളനത്തിൽ പ്രഖ്യാപിക്കുകയും സമ്മാനം നൽകുകയും ചെയ്യും . ബഹ്‌റൈനിലെ പ്രവാസികളാൽ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ഖുർആൻ ഫെസ്റ്റ് നേരിട്ട് വീക്ഷിക്കാൻ വിപുലമായ സൗകര്യങ്ങളാണ് ഏർപ്പാട് ചെയ്തിട്ടുള്ളത് എന്ന് ആർ എസ് സി ബഹ്റൈൻ നാഷനൽ നേതൃത്വം അറിയിച്ചു.