ഗ്ലോബൽ കലാലയം പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിച്ചു

ദുബൈ : കലാലയം സാംസ്‌കാരിക വേദിയുടെ പ്രവാസി സാഹിത്യോത്സവിന്റെ ഭാഗമായി പ്രവാസി എഴുത്തുകാർക്ക് സംഘടിപ്പിച്ച കഥ, കവിത വിഭാഗങ്ങളിൽ ഗ്ലോബൽ കലാലയ പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിച്ചു. വിവിധ രാജ്യങ്ങളിലെ മലയാളി എഴുത്തുകാരിൽ നിന്നും ലഭിച്ച മികച്ച രചനകളുടെ അടിസ്ഥാനത്തിലാണ് പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്. വാക്കുകൾക്ക് തീക്ഷണതയേറുന്ന കാലത്ത് വരികളിലൂടെ മനുഷ്യനോട് ആകുലതകളില്ലാതെ ആശയ വിനിമയം നടത്തുന്ന രചനകൾക്ക് എന്നും പ്രസക്തിയുണ്ട്. നിർമിത ബുദ്ധിയുടെ നവ ലോകത്ത് എഴുത്തിനും വായനക്കും പ്രോത്സാഹനമായാണ് കലാലയം പുരസ്‌കാരം നൽകുന്നത്. അലി പൊന്നാനി (സൗദി അറേബ്യ) യുടെ “ഒറ്റച്ചിറകുള്ള പക്ഷികൾ” എന്ന കഥ ഗ്ലോബൽ കലാലയം കഥ പുരസ്‌കാരത്തിനും, അജ്മൽ റഹ്മാനിന്റെ (യു എ ഇ) “മണങ്ങള്‍” എന്ന കവിത ഗ്ലോബൽ കലാലയം കവിതാ പുരസ്കാരത്തിനും തിരഞ്ഞെടുത്തു.

ഡോ. കെ വി തോമസ്, ആലങ്കോട് ലീലാകൃഷ്ണന്‍, മൂസ ബുഖാരി ചേലക്കര, സിദ്ധീഖ്‌ ബുഖാരി ബാപ്പുഞ്ഞി എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. കഥ, കവിതാ വിഭാഗങ്ങളില്‍ മികച്ച രചനകളാണ് ലഭിച്ചതെന്ന് ജൂറി അഭിപ്രായപ്പെട്ടു. പുരസ്‌കാര ജേതാക്കള്‍ക്ക് പ്രവാസി സാഹിത്യോത്സവ് വേദിയിൽ ഫലകവും അനുമോദനപത്രവും നൽകും.

അലി പൊന്നാനി
അജ്മൽ റഹ്മാൻ