കിരീട മൊഞ്ചിൽ എയർപോർട്ട് സോണും എം.ഇ.എസ് സ്കൂളും: പ്രവാസി സാഹിത്യോത്സവിന് ഉജ്ജ്വല സമാപനം

ദോഹ: പതിനാലാമത് എഡിഷൻ ആർ.എസ്. സി സാഹിത്യോത്സവിന് വെള്ളിയാഴ്ച മെഷാഫ് പൊഡാർ പേൾ സ്കൂളിൽ കൊടിയിറങ്ങിയപ്പോൾ ജനറൽ വിഭാഗത്തിൽ 345 പോയിൻ്റുകൾ നേടി എയർപോർട്ട് സോണും കാമ്പസ് വിഭാഗത്തിൽ 126 പോയിൻ്റുകൾ നേടി എം.ഇ.എസ് ഇന്ത്യൻ സ്കൂളും ജേതാക്കളായി. 290 പോയിൻ്റോടെ അസീസിയ്യ സോൺ രണ്ടാം സ്ഥാനവും 275 പോയിന്റുകൾ കരസ്ഥമാക്കി നോർത്ത് സോൺ മൂന്നാം സ്ഥാനവും നേടി. കാമ്പസ് വിഭാഗത്തിൽ നോബ്ൾ ഇൻ്റർനാഷനൽ സ്കൂൾ, രാജഗിരി പബ്ലിക് സ്കൂൾ എന്നീ വിദ്യാലയങ്ങൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. എയർപോർട്ട് സോണിലെ അഷ്കർ ബിൻ ഷബീർ കലാപ്രതിഭയും അസീസിയ്യ സോണിലെ അശ്കർ സഖാഫി സർഗപ്രതിഭയുമായി.

രിസാല സ്റ്റഡി സർക്കിളിൻ്റെ സാംസ്കാരിക വിഭാഗമായ കലാലയം സാംസ്കാരിക വേദിയുടെ കീഴിൽ കഴിഞ്ഞ രണ്ടു മാസമായി ഖത്വറിലെ വിവിധ ഘടകങ്ങളിൽ നിന്ന് മത്സരിച്ചെത്തിയ പ്രതിഭകളാണ് ദേശീയ തലത്തിൽ മാറ്റുരച്ചത്. കാമ്പസ് വിഭാഗത്തിൽ ഖത്വറിലെ പ്രമുഖ ഇന്ത്യൻ സ്കൂളുകളുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു.
‘ജീവിതം തേടിച്ചെന്ന വേരുകൾ’ എന്ന പ്രമേയത്തിൽ നടന്ന ദേശീയ സാഹിത്യോത്സവിൻ്റെ വിവിധ ഘട്ടങ്ങളിൽ സാഹിത്യ ചർച്ചകൾ, സാംസ്കാരിക സഭ, രചനാ മത്സരങ്ങൾ, സന്ദേശ പ്രഭാഷണങ്ങൾ, തനത് മാപ്പിള കലാ പ്രകടനങ്ങൾ തുടങ്ങിയവ അരങ്ങേറി.

ഐ.സി.എഫ് ദേശീയ പ്രസിഡൻ്റ് പറവണ്ണ അബ്ദുർറസാഖ് മുസ്‌ലിയാർ പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ആർ എസ് സി ഖത്വർ നാഷനൽ ചെയർമാൻ ഉബൈദ് വയനാട് ആധ്യക്ഷം വഹിച്ചു. സമസ്ത സെക്രട്ടറി പൊൻമള അബ്ദുൽ ഖാദിർ മുസ്‌ലിയാർ ആശീർവാദ പ്രഭാഷണം നടത്തി. ഐ.സി.സി സെക്രട്ടറി അബ്രഹാം കെ ജോസഫ് ആശംസിച്ചു. സ്വാഗത സംഘം ചെയർമാൻ റഹ്മതുല്ല സഖാഫി, കൺവീനർ ഉമർ കുണ്ടുതോട്, ഹബീബ് മാട്ടൂൽ (ആർ.എസ് സി ഗ്ലോബൽ), മൊയ്തീൻ ഇരിങ്ങല്ലൂർ, ശകീറലി ബുഖാരി, ഷംസീർ അരിക്കുളം (സംസ്കൃതി), റഊഫ് കൊണ്ടോട്ടി (ലോക കേരള സഭ) തുടങ്ങിയവർ സംബന്ധിച്ചു. ആർ എസ് സി നാഷനൽ ജനറൽ സെക്രട്ടറി ഹാരിസ് പുലാശ്ശേരി സ്വാഗതവും കലാലയം സെക്രട്ടറി ശംസുദ്ദീൻ മാസ്റ്റർ പുളിക്കൽ നന്ദിയും പറഞ്ഞു.