സീബ് : ഒമാനിലെ പ്രവാസി വിദ്യാര്‍ഥികള്‍ക്കും യുവജനങ്ങള്‍ക്കുമായി കലാലയം സാംസ്കാരിക വേദി സംഘടിപ്പിച്ച പതിനാലമത് എഡിഷൻ പ്രവാസി സാഹിത്യോത്സവ് സമാപിച്ചു. എട്ട് വിഭാഗങ്ങളില്‍ 59 ഇനങ്ങളിലായി ഹൈൽ പ്രിൻസ് പാലസിൽ നടന്ന വാശിയേറിയ മത്സരങ്ങള്‍ക്കൊടുവില്‍ 255 പോയിന്റുകളുമായി ബറക സോണ്‍ ജേതാക്കളായി. ബൗശർ, മസ്കത്ത് സോണുകള്‍ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
ഒമാനിലെ പതിനൊന്ന് സോണുകളെ പ്രതിനിധീകരിച്ചെത്തിയ 350 ൽ അധികം പ്രതിഭകളാണ് രാവിലെ ഒമ്പത് മണി മുതല്‍ രാത്രി 12 മണി വരെ ഒമ്പത് വേദികളിലായി നടന്ന മത്സരങ്ങളില്‍ മാറ്റുരച്ചത്. പ്രധാന വേദിയിൽ മാപ്പിളപ്പാട്ട്, ഖവാലി, പ്രസംഗം, കവിത പാരായണം, ദഫ് തുടങ്ങിയ മത്സര ഇനങ്ങൾ നടന്നു. കലാ പ്രതിഭയായി മുഹമ്മദ് ദാവൂദ് (മസ്കത്ത് സോണ്‍), സര്‍ഗ പ്രതിഭയായി സഹിയ സൈനബ് (ബൗശർ സോണ്‍) എന്നിവരെ തെരഞ്ഞടുത്തു. കലയും സാഹിത്യവും മനുഷ്യന്റെ വികസനത്തിനും ഉന്നമനത്തിനുമാണെന്ന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാര ജേതാവ് കെ പി രാമനുണ്ണി അഭിപ്രായപ്പെട്ടു. സാംസ്കാരിക സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം മതവിശ്വാസം മുറുകെ പിടിക്കുമ്പോഴും മറ്റു മതക്കാരെ ഉൾക്കൊള്ളാൻ നമുക്കാവണമെന്നും രാമനുണ്ണി അഭിപ്രായപ്പെട്ടു.
കലാ സാഹിത്യ പ്രവർത്തനങ്ങളും മുസ്ലിമിന് ആത്മീയപ്രവർത്തങ്ങളുടെ ഭാഗമാണെന്ന് സാഹിത്യ പ്രഭാഷണം നടത്തി സംസാരിച്ച ഐ പി ബി ഡയറക്ടർ മജീദ് അരിയല്ലൂർ അഭിപ്രായപ്പെട്ടു. സ്വന്തം സുഖങ്ങൾക്കപ്പുറം അപരന്റെ നന്മയ്ക്ക് വേണ്ടിയാണ് നാം പ്രവാസിയാകുന്നത്. പ്രവാസത്തിനിടയിലെ സാഹിത്യ പ്രവർത്തനങ്ങൾക്ക് കൂടുതൽ തെളിച്ചമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആര് എസ് സി നാഷനൽ എക്സിക്യൂട്ടീവ് സെകട്ടറി വി എം ശരീഫ് സഅദി മഞ്ഞപ്പറ്റ അധ്യക്ഷത വഹിച്ചു. നിസാർ സഖാഫി വയനാട് (ഐ.സി.എഫ് ഇന്റർനാഷനൽ), മുഹമ്മദ് ശാഫി നൂറാനി (ആർ.എസ്.സി ഗ്ലോബൽ), സയ്യിദ് ആബിദ് തങ്ങൾ (കെ.സി.എഫ് ഇന്റർനാഷനൽ), റാസിഖ് ഹാജി (ഐ സി എഫ് ഒമാൻ), സിദ്ദിഖ് ഹസ്സൻ (മലയാളം വിങ് കോ. കൺവീനർ), അഡ്വ. മധുസൂധനൻ (കോളമിസ്റ്റ്), എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ശഫീഖ് ബുഖാരി (ഐസി.എഫ് ഒമാൻ), കോയ കാപ്പാട് (വൈസ് ചെയർമാൻ കേരള ഫോക്ലോർ അക്കാദമി) ഷക്കീർ അരിമ്പ്ര (സെക്രട്ടറി എസ്.വൈ.എസ് മലപ്പുറം ഈസ്റ്റ്), അബ്ദുൽ ജബ്ബാർ ഹാജി (കെ.വി ഗ്രൂപ്പ്), ഹബീബ് അശ്റഫ് (ജനറല്‍ കണ്‍വീനര്‍ സ്വാഗത സംഘം) ഇസ്മാഈൽ സഖാഫി കാളാട് (ഐ സി എഫ് സീബ്), പ്രമുഖര്‍ പങ്കെടുത്തു. ആർ.എസ്.സി നാഷനൽ ജനറൽ സെക്രട്ടറി മുനീബ് ടി കെ കൊയിലാണ്ടി സ്വാഗതവും പ്രോഗ്രാം ജനറൽ കൺവീനർ അബ്ദുൽ ജലീൽ രണ്ടത്താണി നന്ദിയും പറഞ്ഞു.