ആര്‍ എസ് സി ബുക്‌ടെസ്റ്റ്: ലൈറ്റ് ഓണ്‍ ഇന്ന് (ഒക്ടോബര്‍ 29)

കുവൈത്ത് സിറ്റി: ഗള്‍ഫിലുടനീളം ആര്‍ എസ് സി നടത്തുന്ന ബുക്‌ടെസ്റ്റ് കാമ്പയിന് പ്രവാസലോകത്തെ എല്ലാ യൂനിറ്റുകളിലും ‘ലൈറ്റ് ഓണ്‍’ പ്രോഗ്രാമിലൂടെ ഇന്ന് ഔദ്യോഗികമായി തുടക്കം കുറിക്കും. ഇലക്ട്രോണിക് ഉപകരണങ്ങളിലും ഗാഡ്ജറ്റുകളിലും അഭിരമിക്കുന്ന യുവാക്കളേയും വിദ്യാര്‍ഥികളേയും കഴമ്പുള്ള വായനയിലേക്ക് വഴിനടത്തുക എന്നതാണ് ആര്‍ എസ് സി എല്ലാവര്‍ഷവും നടത്തുന്ന ബുക്‌ടെസ്റ്റ് കൊണ്ട് ലക്ഷ്യം വെക്കുന്നത്.
ജനറല്‍ വിഭാഗത്തിനായി ഡോ. സക്കീര്‍ ഹുസൈന്‍ രചിച്ച ‘പ്രവാചകരുടെ മദീന’ എന്ന പുസ്തകവും വിദ്യാര്‍ഥികള്‍ക്കായി ഫിറോസ് കളരിക്കല്‍ രചിച്ച ‘ഷാഡോസ് ഓഫ് ഗ്ലോറി ‘എന്ന പുസ്തകവുമാണ് ഇത്തവണ തയ്യാര്‍ ചെയ്തിട്ടുള്ളത്. രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന ടെസ്റ്റിന്റെ ആദ്യഘട്ട ചോദ്യങ്ങള്‍ പുസ്തകത്തിന്റെ അവസാനം കൊടുത്തിട്ടുണ്ട്. www.rsconline.org എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയാണ് രജിസ്‌ട്രേഷന്‍ നടത്തേണ്ടതും പരീക്ഷ എഴുതേണ്ടതും. ഫൈനല്‍ പരീക്ഷയില്‍ ഗള്‍ഫ് തലത്തില്‍ ഒന്ന്, രണ്ട് സ്ഥാനം നേടുന്നവര്‍ക്ക് യഥാക്രമം അരലക്ഷം, കാല്‍ ലക്ഷം ഇന്ത്യന്‍ രൂപ വീതവും വിദ്യാര്‍ഥികള്‍ക്ക് (ജൂനിയര്‍ & സീനിയര്‍) 10,000, 5,000 ഇന്ത്യന്‍ രൂപ വീതവും സമ്മാനം നല്‍കും. വിശദ വിവരങ്ങള്‍ക്ക് 95583993, 55282752 നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.
ബുക്‌ടെസ്റ്റ് 2019 കുവൈത്ത് തല പോസ്റ്റര്‍ പ്രകാശനം ഐ സി എഫ് നാഷനല്‍ പബ്ലിക്കേഷന്‍ പ്രസിഡന്റ് ബഹു:സയ്യിദ് സൈദലവി സഖാഫി നാഷനല്‍ പ്രസിഡന്റ് അബ്ദുല്‍ ഹക്കീം ദാരിമിക്ക് നല്‍കി നിര്‍വഹിച്ചു. എസ് വൈ എസ് സംസ്ഥാന ജന. സെക്രട്ടറി മജീദ് കക്കാട്, ഐ സി എഫ് ഗള്‍ഫ് കൗണ്‍സില്‍ ജന. സെക്രട്ടറി അബ്ദുല്‍ അസീസ് സഖാഫി മമ്പാട്, ഐ സി എഫ് കുവൈത്ത് ജന.സെക്രട്ടറി അഡ്വ. തന്‍വീര്‍ ഉമര്‍, ആര്‍ എസ് സി നാഷനല്‍ ചെയര്‍മാന്‍ അബ്ദുല്‍ റഷീദ് മോങ്ങം, ജന. കണ്‍വീനര്‍ ശിഹാബ് വാണിയന്നൂര്‍, കണ്‍വീനറേറ്റ് അംഗം എഞ്ചിനീയര്‍ അബൂബക്കര്‍ സിദ്ദീഖ് തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply