ഫുജൈറ : രിസാല സ്റ്റഡി സർക്കിൾ (ആർ എസ് സി ) പതിനൊന്നാമത് എഡിഷൻ സാഹിത്യോത്സവ് സെക്ടർ മത്സരങ്ങൾക്ക് തുടക്കമായി. യൂനിറ്റ് സാഹിത്യോത്സവുകൾക്ക് ശേഷമാണ് സെക്ടർ മത്സരങ്ങൾ നടക്കുന്നത് .
ബഡ്‌സ്, കിഡ്സ്, പ്രൈമറി, ജൂനിയർ, സെക്കന്ററി, സീനിയർ വിഭാഗങ്ങളിലായി മാപ്പിളപ്പാട്ട്, മദ്ഹ് ഗാനം, പ്രസംഗം, മാലപ്പാട്ട്, രചനകൾ, കളറിംഗ്, സോഷ്യൽ ട്വീറ്റ്, അടിക്കുറിപ്പ്, ഖവാലി, സീറാ പാരായണം, ബുർദ, അറബിക് കാലിഗ്രഫി, ആംഗ്യപ്പാട്ട്, ദഫ് , കൊളാഷ്, സ്പോട് മാഗസിൻ തുടങ്ങി 106 ഇനങ്ങളിലാണ് ഈ വർഷം മത്സരങ്ങൾ നടക്കുന്നത്. പുരുഷന്മാർക്കും സ്ത്രീകൾക്കും വെവ്വേറെ വിഭാഗങ്ങളിലാണ് മത്സരം ഒരുക്കിയിരിക്കുന്നത് .
ഈ മാസം പതിനേഴിനകം യു എ ഇ യിലെ 55 കേന്ദ്രങ്ങളിൽ സെക്ടർ സാഹിത്യോത്സവുകൾ പൂർത്തിയാവും. 17, 24, 31 തിയ്യതികളിലായി 11 സെൻട്രൽ സാഹിത്യോത്സവുകളും, ഫെബ്രുവരി ഏഴിന് ഫുജൈറയിൽ നാഷനൽ സാഹിത്യോത്സവും അരങ്ങേറും. സാഹിത്യോത്സവ് പ്രചാരണ ഭാഗമായി വ്യത്യസ്തമായ പ്രോഗ്രാമുകൾ വിവിധ ഘടകങ്ങളിൽ നടക്കുന്നു.