മനാമ: പൗരത്വത്തിന്റെ പേരിൽ പൗരൻമാരെ വിഭജിച്ച് നാടുകടത്താനുള്ള ഫാസിസ്റ്റ് ഭരണകൂടത്തിനെതിരായ പോരാട്ടങ്ങളിൽ സാംസ്കാരിക രംഗത്ത് കൂടുതൽ പ്രതിരോധങ്ങൾ ഉയർന്ന് വരേണ്ടതുണ്ടെന്ന് ബഹ് റൈൻ കലാലയം സാംസ്കാരിക വേദി സംഘടിപ്പിച്ച സെമിനാർ അഭിപ്രായപ്പെട്ടു. രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി.) പതിനൊന്നാമത് എഡിഷൻ സാഹിത്യോത്സവ് ന്റെ ഭാഗമായി ‘ഫാസിസ്റ്റ് കാലത്തെ സാംസ്കാരിക പ്രതിരോധങ്ങൾ ‘എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച സെമിനാർ മികച്ച സംഘാടനംകൊണ്ടും നിറഞ്ഞ പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.
ഫാസിസത്തിനെതിരായ പ്രതിരോധങ്ങൾ എല്ലാ കാലത്തും ഉയർന്ന് വന്നിട്ടുണ്ടെങ്കിലും അത്തരം പ്രതിരോധങ്ങൾ പോരാട്ടങ്ങളായി പരിവർത്തിപ്പിച്ചെടുത്ത് വിജയിപ്പിച്ചെടുക്കുന്നതിൽ മുഖ്യധാര പലപ്പോഴും പരാജയപ്പെടുകയാണ് ചെയ്യുന്നതെന്ന് സെമിനാറിൽ സംസാരിച്ച ഇ.എ. സലിം അഭിപ്രായപ്പെട്ടു.
ചരിത്രത്തിലുടനീളം ഫാസിസം സ്വീകരിച്ച ശൈലിയും നയങ്ങളുമാണ് നിലവിലെ ഇന്ത്യൻ ഭരണകൂടം തുടർച്ചയായി പുറത്തെടുത്തു കൊണ്ടിരിക്കുന്നതെന്നും പൗരത്വ ഭേദഗതി നിയമത്തിനെതിരായ പോരാട്ടങ്ങളിൽ പുതുതലമുറയുടെ നിറഞ്ഞ സാന്നിധ്യവും’ സർഗാത്മകതയും പ്രതീക്ഷക്ക് വക നൽകുന്നതാണെന്നും മീഡിയ വൺ പ്രതിനിധി സിറാജ് പളളിക്കര പ്രത്യാശ പ്രകടിപ്പിച്ചു.
സിനു കക്കട്ടിൽ, അബ്ദുറഹീം സഖാഫി വരവൂർ വി.പി.കെ. മുഹമ്മദ് , ബഷീർ മാസ്റ്റർ ക്ലാരി എന്നിവർ സംബന്ധിച്ചു. അഡ്വ: ഷബീറലി സ്വാഗതവും ഫൈസൽ ചെറുവണ്ണൂർ നന്ദിയും പറഞ്ഞു.