കുവൈത്ത് സിറ്റി : ഫെബ്രുവരി 7 വെള്ളി സാൽമിയ നജാത്ത് ബോയ്സ് സ്കൂളിൽ വച്ച് നടക്കുന്ന രിസാല സ്റ്റഡി സർക്കിൾ കുവൈത്ത് നാഷനൽ സാഹിത്യോൽസവിൽ പ്രമുഖ സാഹിത്യകാരനും ചിന്തകനും പ്രഭാഷകനുമായ കെ.ഇ.എൻ കുഞ്ഞഹമ്മദ് മുഖ്യാതിഥിയി പങ്കെടുക്കുമെന്ന് നേതാക്കൾ പത്ര സമ്മേളനത്തിൽ അറിയിച്ചു. മത തീവ്രവാദം, വർഗീയത, ഫാസിസം, ന്യൂനപക്ഷ വിവേചനം എന്നിവക്കെതിരെ തന്റെ സ്വതസിദ്ധമായ പ്രഭാഷണത്തിലൂടെയും എഴുത്തിലൂടെയും നിരന്തരം പ്രതികരിക്കുന്ന അദ്ദേഹം, ഇന്ത്യൻ ഫാസിസത്തിന്റെ സവിശേഷതകളും സാംസ്കാരിക പ്രശ്നങ്ങളും മൂലധന സർവ്വാധിപത്യത്തിന്റെ പശ്ചാത്തലത്തിൽ നിർവചിച്ചാണ് കേരളീയ സാംസ്കാരിക മണ്ഡലത്തിൽ ശ്രദ്ധേയനായത്. മതത്തെ ഭീകരതയുടെ ഉപകരണവും ഉപാധിയുമാക്കുന്നത് സാമ്രാജ്യത്വമാണെന്ന അദ്ദേഹത്തിന്റെ നിരീക്ഷണം വളരെ പ്രസക്തമാണ്.
യൂനിറ്റ്, സെക്ടർ, സെൻട്രൽ തല മൽസരങ്ങളിലൂടെ പ്രതിഭാത്വം
തെളിയിച്ച 500 ലധികം മൽസരാർത്ഥികൾ മാറ്റുരക്കുന്ന കുവൈത്ത് നാഷനൽ
സാഹിത്യോൽസവിൽ വൈകീട്ട് 7 മണിക്ക് നടക്കുന്ന സംസ്കാരിക സമ്മേളനത്തിൽ കെ.ഇ.എൻ കുഞ്ഞഹമ്മദ് മുഖ്യ പ്രഭാഷണം നിർവഹിക്കും.
സാഹിത്യോത്സവിന്റെ ഭാഗമായി പ്രവാസി മലയാളി എഴുത്തുകാർക്കായി പ്രഖ്യാപിച്ച പ്രഥമ ‘കലാലയം പുരസ്‌കാരം’ സമർപ്പണവും സാഹിത്യോത്സവ് സമാപന വേദിയിൽ നടക്കും.
അബ്ദുൽ ഹകീം ദാരിമി, അബ്ദുല്ല വടകര, അബൂ മുഹമ്മദ്, അബൂബക്കർ സിദ്ദീഖ് കൂട്ടായി, അബ്ദുൽ റഷീദ് മോങ്ങം, ശിഹാബ് വാണിയന്നൂർ, ശിഹാബ് വാരം, ഹാരിസ് പുറത്തീൽ, നവാഫ് അഹ്മദ് തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.