ആര്‍ എസ് സി സാഹിത്യോത്സവ് ഗള്‍ഫ് ഫിനാലെ സമാപിച്ചു; യു എ ഇ ജേതാക്കള്‍

രിസാല സ്റ്റഡി സര്‍ക്കിള്‍ കഴിഞ്ഞ മൂന്നു മാസമായി നടത്തിവന്ന സാഹിത്യോത്സവുകള്‍ക്ക് ഗള്‍ഫ് മത്സരങ്ങളോടെ പരിസമാപ്തിയായി. ആറ് ജിസിസി രാഷ്ട്രങ്ങളില്‍ നിന്ന് യുഎഇ രണ്ടാം തവണയും ഗള്‍ഫ് സാഹിത്യോത്സവ് കലാകിരീടം ചൂടി. വെര്‍ച്വല്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി നടത്തിയ സാഹിത്യോത്സവ് ഗള്‍ഫ് ഫിനാലെയില്‍ സൗദി ഈസ്റ്റ്, യുഎഇ, സൗദി വെസ്റ്റ്, ഖത്വര്‍, കുവൈത്ത്, ബഹ്റൈന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള 408 പ്രതിഭകളാണ് പങ്കെടുത്തത്. പ്രാദേശിക ഘടകമായ യൂനിറ്റ് തലം തൊട്ട് സെക്ടര്‍, സെന്‍ട്രല്‍, നാഷനല്‍ തുടങ്ങിയ നാല് ഘട്ടങ്ങളിലൂടെ മത്സരിച്ച് വിജയികളായവരാണ് ഗള്‍ഫ് മത്സരത്തില്‍ മാറ്റുരച്ചത്. യഥാക്രമം സൗദി ഈസ്റ്റ്, ഖത്വര്‍ എന്നീ രാജ്യങ്ങള്‍ക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍. സൗദി ഈസ്റ്റില്‍ നിന്നുള്ള ഷബീബ.പി, ഖത്വറില്‍ നിന്നുള്ള ബുഷ്റ അഷ്‌കര്‍ എന്നിവര്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടി സാഹിത്യോത്സവ് പ്രതിഭാപട്ടം കരസ്ഥമാക്കി. പ്രവാസികള്‍ക്കിടയിലെ  യുവതീ യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി നടത്തിയ സാഹിത്യോത്സവില്‍ മാപ്പിളപ്പാട്ട്, മദ്ഹ് ഗാനം, കഥ, കവിത, ഭാഷാ പ്രസംഗങ്ങള്‍, ചിത്ര രചനകള്‍, പ്രബന്ധം, കൊളാഷ്, മാഗസിന്‍ ഡിസൈന്‍, സോഷ്യല്‍ ട്വീറ്റ് തുടങ്ങി 106 ഇനങ്ങളിലാണ് വിവിധ തലങ്ങളില്‍ മത്സരങ്ങള്‍ നടന്നത്.

ഗള്‍ഫ് സാഹിത്യോത്സവിന്റെ ഔപചാരിക ഉദ്ഘാടനം കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ നിര്‍വഹിച്ചു. ആര്‍ എസ് സി ഗള്‍ഫ് കൗണ്‍സില്‍ ചെയര്‍മാന്‍ അബൂബക്കര്‍ അസ്ഹരി അധ്യക്ഷത വഹിച്ചു. അലി അക്ബര്‍ സന്ദേശപ്രസംഗം നടത്തി. ‘മാപ്പിളപ്പാട്ട് സ്വത്വവും സത്തയും’ ചര്‍ച്ചക്ക് അഷ്റഫ് സഖാഫി പുന്നത്ത്, എ.പി മുസ്തഫ മുക്കൂട്, സിറാജുദ്ദീന്‍ മാട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഹിറ്റ് എഫ് എം റേഡിയോ അവതാരകന്‍ ഷാബു കിളിത്തട്ടില്‍ പ്രസംഗിച്ചു. അബ്ദുറഹ്മാന്‍ സഖാഫി ചെമ്പ്രശ്ശേരി സാഹിത്യോത്സവ് വ്യക്തിഗത പ്രതിഭകളെയും സിറാജുദ്ദീന്‍ മാട്ടില്‍ സാഹിത്യോത്സവ് ജേതാക്കളെയും പ്രഖ്യാപിച്ചു. അഷ്റഫ് മന്ന, ശമീം കുറ്റൂര്‍, അഹ്മദ് ഷെറിന്‍, നിസാര്‍ പുത്തന്‍പള്ളി, അബ്ദുല്‍ അഹദ്
എന്നിവര്‍ പങ്കെടുത്തു. യു എ ഇയിലാണ് ഗള്‍ഫ് സാഹിത്യോത്സവ് സ്റ്റുഡിയോ സജ്ജീകരിച്ചത്.