ആശങ്ക വേണ്ട, വരും കാലത്തെ കുറിച്ച് ശുഭ പ്രതീക്ഷയുണ്ട് : ശിഹാബ് കൊട്ടുകാട്

ജിദ്ദ | കോവിഡ് കാലത്തെ ആശങ്കകള്‍ അകറ്റി നിര്‍ത്തി വരുന്ന കാലത്തെ പുതിയ സാധ്യതകളില്‍ ശുഭ പ്രതീക്ഷയുണ്ടെന്ന് പ്രമുഖ സാമൂഹ്യ പ്രവര്‍ത്തനും പ്രവാസി ഭാരതി പുരസ്‌കാര ജേതാവുമായ ശിഹാബ് കൊട്ടുകാട് പറഞ്ഞു. രിസാല സ്റ്റഡി സര്‍ക്കിള്‍ സഊദി വെസ്റ്റ് കലാലയം സാംസ്‌കാരിക വേദി സംഘടിപ്പിച്ച ഓണ്‍ലൈന്‍ കലാശാലയില്‍ ‘പ്രവാസി പുനരധിവാസം ആശങ്കയും പ്രതീക്ഷയും’ എന്ന വിഷയത്തില്‍ സംവദിക്കുയായിരുന്നു അദ്ദേഹം.

ലോക്ക്ഡൗണ്‍, കര്‍ഫ്യൂ എല്ലാം സുരക്ഷയുടെ ഭാഗമാണെന്നും അമിത ചിലവില്ലാതെ മനുഷ്യര്‍ പരസ്പരം സഹകരിച്ചു സഹായിച്ചു കഴിയേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് രോഗികളെ പാടെ കൈയൊഴിയുന്ന സംസ്‌കാരം നമുക്ക് യോജിച്ചതല്ല. വേണ്ട സുരക്ഷ ക്രമീകരണങ്ങള്‍ കൈകൊണ്ട് രോഗികളായ സഹജീവികളെ സേവിക്കാന്‍ തയ്യാറാവണം. ജോലിയുള്ളവര്‍ നാട്ടിലേക്ക് പോവുന്നതിന് തിരക്ക് പിടിക്കരുത്. ലോക വ്യാപകമായി പിടിപെട്ട മഹാമാരി നാടിന്റെ സാമ്പത്തിക ഭദ്രതയും തകര്‍ക്കുന്നുണ്ട്. പുനരധിവാസ പാക്കേജുകളെല്ലാം അവശ്യ സേവന ചിലവിലേക്ക് സര്‍ക്കാര്‍ വകയിരുത്തുന്ന കാലമാണിത്. ജോലിയില്ലാത്തവര്‍ നാടണയുകയും തങ്ങള്‍ നേടിയെടുത്ത കഴിവുകള്‍ക്കനുസസൃതമായ സംരഭങ്ങള്‍ ആരംഭിക്കാന്‍ തയ്യാറാവുകയും ചെയ്യണം. നോര്‍ക്ക വഴി ലഭ്യമാവുന്ന സാമ്പത്തിക സഹായങ്ങള്‍ ഉപയോഗപ്പെടുത്തി നാട്ടില്‍ സ്വന്തമായി തൊഴിലിടം സൃഷ്ടിക്കാന്‍ പ്രവാസികള്‍ക്കാവും. സമൂഹത്തില്‍ നിലനിന്നിരുന്ന പല ദുശ്ശീലങ്ങള്‍ വെടിയാനും നല്ല ശീലങ്ങളെ ജീവിത ചര്യയാക്കാനും കോവിഡ് കാലം സമൂഹത്തെ പഠിപ്പിച്ചുവെന്നും അദ്ദേഹം ഉണര്‍ത്തി.

കലാലയം സാംസ്‌കാരിക വേദി നടത്തി വരുന്ന പ്രതിമാസ സാഹിത്യ സാംസ്‌കാരിക ചര്‍ച്ച വേദിയിയായ മൂന്നാമത് കലാശാലയില്‍ ശിഹാബ് കറുകത്താണി സ്വാഗതവും സാദിഖ് ചാലിയാര്‍ നന്ദിയും പറഞ്ഞു. റഷീദ് പന്തല്ലൂര്‍ മോഡറേറ്ററായിരുന്നു.

Leave a Reply