സാംസ്കാരിക പ്രവര്‍ത്തനത്തിന്റെ സ്പെയ്സ് നിര്‍ണയിച്ച് ഷാര്‍ജ ടോക്കപ്പ്

ഷാർജ: “ന്യൂനോർമൽ യുവത്വം മാരികൾക്ക് ലോക്കിടും” എന്ന പ്രമേയത്തിൽ രിസാല സ്റ്റഡി സർക്കിൾ ഗൾഫിലെ 916 യൂനിറ്റുകളിൽ സംഘടിപ്പിക്കുന്ന സമ്മേളനങ്ങളുടെ ഭാഗമായി ഷാർജ കലാലയം സാംസ്കാരിക വേദി സംഘടിപ്പിച്ച ടോക്‌ അപ്പ്‌ സമാപിച്ചു. “സാംസ്കാരിക പ്രവർത്തനത്തിന്റെസോഷ്യൽ സ്പെയ്സ്” എന്ന ശീർഷകത്തിൽ നടന്ന പരിപാടി ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. സോഷ്യൽ മീഡിയ വഴിയുള്ള അഭിപ്രായ പ്രകടനങ്ങൾക്ക് വലിയ ശക്തിയുണ്ട്. സാംസ്കാരിക പ്രവർത്തകരിൽ നിന്നും പൊതുജനങ്ങൾ ആഗ്രഹിച്ചത് കിട്ടാതിരിക്കുമ്പോൾ സോഷ്യൽ മീഡിയയിലൂടെ സാധാരണക്കാർ ആ ദൗത്യം ഏറ്റെടുക്കുന്ന വലിയ കാഴ്ചയാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്. ഭരണകൂടത്തെ പോലും തിരുത്തിക്കാനും ഇരുത്തി ചിന്തിപ്പിക്കാനുള്ള കഴിവ് സോഷ്യൽ മീഡിയ കൊണ്ട്കഴിയുന്നു. ഇത്തരം വിമർശനങ്ങളിലൂടെ ആണ് ജനാധിപത്യം അർത്ഥപൂർണമാകുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ഇന്നലെ കവി സങ്കൽപ്പിച്ചത് ആണ് ഇന്ന് കാലം കൽപ്പിക്കുന്നത് ഇന്ന് കവി സങ്കൽപ്പിച്ചത് ആണ് നാളെ കാലം കൽപ്പിക്കാൻ പോകുന്നത്. അതുകൊണ്ടാണ് സാംസ്കാരിക പ്രവർത്തകർക്കും, എഴുത്തുകാർക്കും, കവികൾക്കും വലിയ പ്രാമുഖ്യം ഉണ്ടെന്ന് പറയുന്നത് എന്ന് വിഷയാവതരണം നടത്തിയ കവി പി. കെ. ഗോപിയും, നമ്മുടെ അത്യാവശ്യങ്ങൾക്ക് അപ്പുറം നമുക്ക് വേണ്ടിയും അപരനു വേണ്ടിയും ചെയ്യാൻ ശ്രമിക്കുന്ന എല്ലാ പ്രവർത്തനങ്ങളെയും സാംസ്കാരിക പ്രവർത്തനങ്ങൾ എന്നു പറയാം എന്ന് വിഷയമവതരിപ്പിച്ച ഡോ.ഉമറുൽ ഫാറൂഖ് സഖാഫി കോട്ടുമലയും പറഞ്ഞു. ആർ എസ്‌ സി ഗൾഫ് കൗൺസിൽ അംഗം സലിം പട്ടുവം മോഡറേറ്റർ ആയിരുന്നു. വാഹിദ് നാട്ടിക ( സാംസ്കാരിക പ്രവർത്തകൻ), അബ്ദുൽ വഹാബ് (കെഎം സി സി), യൂനുസ് അതിഞ്ഞാൽ (ഐഎംസിസി) എന്നിവർ പ്രതികരിച്ചു. അർഷാദ് പാനൂർ സ്വാഗതവും, ഹംസത്തുൽ കറാർ നന്ദിയും പറഞ്ഞു.

Leave a Reply