ദോഹ: ഏപ്രിൽ 14ന് ബ്രിട്ടീഷ് മോഡേൺ സ്കൂളിൽ വെച്ച് നടക്കുന്ന രിസാല സ്റ്റഡി സർക്കിൾ ആറാം എഡിഷൻ ദേശീയ തർതീൽ മത്സരങ്ങൾക്ക് സ്വാഗതസംഘം രൂപീകരിച്ചു.
അഹ്മദ് സഖാഫി പേരാമ്പ്ര ചെയർമാനും റഹ്മത്തുല്ലാഹ് സഖാഫി ചീക്കോട് ജനറൽ കൺവീനറും ഉമർ കുണ്ടുതോട് ഫിനാൻസ് കൺവീനറുമായാണ് നാഷനൽ തല സ്വാഗത സംഘം നിലവിൽ വന്നത്. പ്രവാസി വിദ്യാർത്ഥി – യുവ സമൂഹത്തിന് ഖുർആൻ പഠന – പാരായണത്തിന് അവസരം നൽകുന്നതോടൊപ്പം ഈ രംഗത്ത് മികവ് തെളിയിക്കുന്നവർക്കുള്ള അംഗീകാരവും, മാനവ സമൂഹത്തിൽ ഒരുമയുടെ അധ്യാപനങ്ങൾ പകർന്നു നൽകുന്നതിനുമാണ് വാർഷിക പരിപാടിയായി തർതീൽ സംഘടിപ്പിക്കുന്നത്.
യൂനിറ്റ്, സെക്ടർ, സോൺ തലങ്ങളിൽ ഖുർആൻ പാരായണം, ഹിഫ്സ്, സെമിനാർ, രിഹാബുൽ ഖുർആൻ, ഇസ്മുൽ ജലാല തുടങ്ങി വിവിധ ഇനങ്ങളിൽ മത്സരിച്ചു വിജയികളായ ഇരുന്നൂറോളം മത്സരാർഥികളാണ് പരിപാടിയുടെ മുഖ്യ ആകർഷണം.
ഇതുമായി ബന്ധപ്പെട്ട് ക്രിസ്റ്റൽ പാലസ് ഹാളിൽ ചേർന്ന യോഗത്തിൽ ഐ.സി.എഫ് നാഷനൽ ജനറൽ സെക്രട്ടറി ഡോ: ബഷീർ പുത്തൂപ്പാടം, കരീം ഹാജി കാലടി, എസ് എസ് എഫ് കേരളാ സ്റ്റേറ്റ് സെക്രട്ടറി സ്വാബിർ സഖാഫി നാദാപുരം, ആർ.എസ്.സി നാഷനൽ ചെയർമാൻ ശകീർ ബുഖാരി, ജനറൽ സെക്രട്ടറി ഉബൈദ് വയനാട്, പ്രോഗ്രാം കൺവീനർ ശംസുദ്ധീൻ മാസ്റ്റർ, നംഷാദ് പനമ്പാട് തുടങ്ങി ഐ.സി.എഫ്, ആർ.എസ്.സി സംഘനകളുടെ വിവിധ നേതാക്കൾ പങ്കെടുത്തു.