ദോഹ: വിശുദ്ധ ഖുർആനിന്റേയും പ്രവാചകന്റേയും അദ്ധ്യാപനങ്ങൾ മതദർശനത്തിനപ്പുറം വിശാലമായ മാനവികദർശനത്തിന്റേതു കൂടിയാണെന്ന് ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐ.സി.സി) പ്രസിഡന്റ് എ.പി മണികണ്ഠൻ. മെസീല ബ്രിട്ടീഷ് മോഡേൺ സ്കൂളിൽ വെച്ച് രിസാല സ്റ്റഡി സർക്കിൾ (ആർ. എസ്. സി) ഖത്വർ നാഷനൽ സംഘടിപ്പിച്ച തർതീൽ 2023 ലെ ഖുർആൻ എക്സ്പോ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്നേഹമാണ് മാനവികതയുടെ കാതലെന്നും മാനവികത ഇല്ലാതാകുന്ന ഇക്കാലത്ത് സ്നേഹത്തേയും സൗഹൃദത്തേയും വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടിരിക്കൽ വലിയ ധർമമാണെന്നും അതിനു വേണ്ടി ആർ.എസ്.സി നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഐ.സി.എഫ് ജനറൽ സെക്രട്ടറി ബഷീർ പുത്തൂപ്പാടം, ജമാൽ അസ്ഹരി, സലാം ഹാജി പാപ്പിനിശ്ശേരി, യൂസുഫ് സഖാഫി, മൊയ്തീൻ ഇരിങ്ങല്ലൂർ, സജ്ജാദ് മീഞ്ചന്ത, ശകീർ ബുഖാരി, ഉബൈദ് വയനാട് തുടങ്ങിയവർ സന്നിഹിതരായി.