ആര്‍ എസ് സി മുപ്പതാം വാര്‍ഷികാഘോഷങ്ങള്‍ക്ക് ഖത്വറില്‍ പ്രൗഢ തുടക്കം

ദോഹ: വിവിധ വന്‍കരകളിലെ പതിമൂന്ന് രാജ്യങ്ങളിലായി വികസിച്ചു കിടക്കുന്ന പ്രവാസി മലയാളികളുടെ സാംസ്‌കാരിക കൂട്ടായ്മയായ രിസാല സ്റ്റഡി സര്‍ക്കിളിന്റെ (ആര്‍.എസ്. സി) മുപ്പതാം വാര്‍ഷികാഘോഷങ്ങള്‍ക്ക് ഖത്വറില്‍ തുടക്കമായി. വെള്ളിയാഴ്ച വൈകിട്ട് സനാഇയ്യ ഏഷ്യന്‍ ടൗണ്‍ ഹാളില്‍ വെച്ചു നടന്ന ആര്‍.എസ്.സിയുടെ ആറു മാസത്തോളം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികളുടെ പ്രഖ്യാപന സംഗമം ‘ത്രൈവ് ഇന്‍’ ശ്രദ്ധേയമായി.

   ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി സുല്‍ത്വാനുല്‍ ഉലമ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഓണ്‍ലൈനിലൂടെ സമ്മേളന പ്രഖ്യാപനം നടത്തി. ശേഷം ഐ.പി.ബി ഡയറക്ടര്‍ അബ്ദുല്‍ മജീദ് അരിയല്ലൂര്‍ സന്ദേശ പ്രഭാഷണം നിര്‍വഹിച്ചു. 

ചുറ്റിലുമുള്ള ഓരോ ഹതാശയരിലും നോട്ടമെത്തുമ്പഴേ സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തനം പൂര്‍ണമാവുന്നുള്ളൂ എന്നും അതാണ് ആര്‍.എസ്.സി നിര്‍വഹിക്കുന്ന പ്രവര്‍ത്തനമെന്നും അദ്ദേഹം പറഞ്ഞു. യുക്തിവാദവും ലിബറലിസവും സ്വാര്‍ത്ഥതയുടെ പര്യായമാകയാല്‍ തികച്ചും അരാഷ്ട്രീയതയാണെന്നും സാമൂഹ്യപ്രവര്‍ത്തനത്തിന്റെ ചലനാത്മകതയെ അവ റദ്ദ് ചെയ്യുമെന്നും, ഇരുലോകത്തേയും സമഗ്ര സുഖദായക ജീവിതമാണ് ഇസ്‌ലാമിക ദര്‍ശനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  ചടങ്ങ് ഐ സി എഫ് പ്രസിഡന്റ് പറവണ്ണ അബ്ദുറസാഖ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഐ സി എഫ് ജനറല്‍ സെക്രട്ടറി ഡോ: ബഷീര്‍ പുത്തൂപ്പാടം അഭിവാദ്യ പ്രഭാഷണം നിര്‍വഹിച്ചു. ആര്‍ എസ് സി ഗ്ലോബല്‍ ഫിനാന്‍സ് സെക്രട്ടറി സജ്ജാദ് മീഞ്ചന്ത പദ്ധതി ഹൈലൈറ്റ് സദസ്സിന് വിവരിച്ചു. ഉമര്‍ കുണ്ടുതോട് രിസാല ഓര്‍ബിറ്റ് സെഷന് നേതൃത്വം നല്‍കി. ഐ സി എഫ് ഇന്റര്‍നാഷണല്‍ പ്ലാനിംഗ് മെമ്പര്‍ കരീം ഹാജി മേമുണ്ട, കെ സി എഫ് പ്രസിഡന്റ് ഹനീഫ് പാത്തൂര്‍, ഹാഫിള് ഉമറുല്‍ ഫാറൂഖ് സഖാഫി, ആര്‍ എസ് സി ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ഹബീബ് മാട്ടൂല്‍, ഗ്ലോബല്‍ എക്‌സിക്യൂട്ടീവ് സെക്രട്ടറി മൊയ്തീന്‍ ഇരിങ്ങല്ലൂര്‍, ജമാലുദ്ദീന്‍ അസ്ഹരി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ആര്‍ എസ് സി, ഐ സി എഫ്, കെ സി എഫ് പ്രവര്‍ത്തകരും പ്രഖ്യാപന സംഗമത്തില്‍ സംബന്ധിച്ചു. വരുന്ന നവംബര്‍ 26 ന് ഖത്വറിലെ നാലു സോണുകളില്‍ നടക്കുന്ന പൊതുസമ്മേളനത്തോടെ മുപ്പതാം വാര്‍ഷികാഘോഷങ്ങള്‍ക്ക് സമാപനമാവും. 

സംഗമത്തില്‍ ഉബൈദ് വയനാട് സ്വാഗതവും നംശാദ് പനമ്പാട് നന്ദിയും പറഞ്ഞു.

Leave a Reply