ആർ എസ്.സി മുപ്പതാം വാർഷികം ആഘോഷിക്കുന്നു

കുവൈത്ത് സിറ്റി: കേരള മുസ്ലിം ജമാഅത്തിന്റെ പ്രവാസി ഉപഘടകമായ രിസാല സ്റ്റഡി സർക്കിൾ സംഘടനയുടെ മുപ്പതാം വാർഷികം ആഘോഷിക്കുന്നു. 1993 ൽ ഗൾഫ് രാഷ്ട്രങ്ങളിൽ നിന്ന് പ്രവർത്തനങ്ങൾ തുടങ്ങിയ സംഘടന തെക്കനേഷ്യ, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലേക്ക് കൂടി പ്രവർത്തനം വ്യാപിപ്പിച്ചു കൊണ്ടാണ് മുപ്പതാം വാർഷികത്തിലേക്ക് കടക്കുന്നത്. പ്രവാസി മലയാളികളുടെ സാംസ്കാരികവും വൈജ്ഞാനികവുമായ ഉന്നതി സാധ്യമാക്കുന്നതിൽ സംഘടന ശ്രദ്ധ പതിപ്പിക്കുന്നു. മുപ്പതാം വാർഷികത്തിന്റെ ഭാഗമായി ആറു മാസം നീണ്ടു നിൽക്കുന്ന പ്രത്യേക പദ്ധതി പ്രവർത്തനങ്ങൾ നടക്കും.

ആർ എസ് സി മുപ്പതാം വാർഷിക സമ്മേളന പ്രഖ്യാപനം ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ഒൺലൈനായി നിർവഹിച്ചു. ത്രൈവ് ഇൻ എന്ന ശീർഷകത്തിൽ മംഗഫ് മെമ്മറീസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന കുവൈത്ത് നാഷനൽ തല പ്രഖ്യാപന സംഗമം ഐ സി എഫ് കുവൈത്ത് പ്രസിഡന്റ് അബ്ദുൽ ഹകീം ദാരിമി ഉദ്ഘാടനം ചെയ്തു.
സംഘടനയുടെ മുഖപത്രമായ പ്രവാസി രിസാലയുടെ നാൾ വഴികളും സമൂഹത്തിൽ നിർവഹിക്കുന്ന ദൗത്യവും ഉൾക്കൊള്ളിച്ച ‘രിസാല ഓർബിറ്റ് ‘ സെഷന് രിസാല ബുക്സ് ഡയരക്ടറേറ്റ് അംഗം അബൂബക്കർ സിദ്ധീഖ് കൂട്ടായി നേതൃത്വം നൽകി. രിസാല അപ്ഡേറ്റ് ക്യാമ്പയിൻ പ്രഖ്യാപനവും അദ്ധേഹം നിർവഹിച്ചു. നവലോകത്ത് നന്മ വാഹകസംഘത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തി ഐ സി എഫ് കുവൈത്ത് ജനറൽ സെക്രട്ടറി അബ്ദുല്ല വടകര സന്ദേശ പ്രഭാഷണം നടത്തി. ശിഹാബ് വാരം കാമ്പയിൻ പദ്ധതി ഹൈലൈറ്റ്സ് അവതരിപ്പിച്ചു. സയ്യിദ് സൈതലവി തങ്ങൾ, അഹ്മദ് കെ മാണിയൂർ, അഡ്വക്കറ്റ് തൻവീർ, അബു മുഹമ്മദ്, സക്കരിയ്യ ആനക്കൽ, ഹാരിസ് പുറത്തീൽ എന്നിവർ അഭിവാദ്യമർപ്പിച്ചു. ആർ.എസ്.സി കുവൈത്ത് ജനറൽ സെക്രട്ടറി അൻവർ കാസറഗോഡ് ആമുഖവും അബുതാഹിർ നന്ദിയും പറഞ്ഞു.

risala_study_circle #ThriveIN

Leave a Reply