അബുദാബി: കലാലയം സാംസ്‌കാരിക വേദിയുടെ പതിനാലാമത് പ്രവാസി സാഹിത്യോത്സവിന്റെ ഭാഗമായി കഥ, കവിത വിഭാഗങ്ങളിൽ ഏർപ്പെടുത്തിയ ഗ്ലോബൽ കലാലയം പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചു. വിവിധ രാജ്യങ്ങളിലെ പ്രവാസി മലയാളി എഴുത്തുകാരിൽ നിന്നും ലഭിച്ച രചനയിൽ നിന്നാണ് പുരസ്കാരത്തിനർഹമായത് തിരഞ്ഞെടുത്തത്. വാക്കുകൾക്ക് തീക്ഷ്ണതയേറുന്ന കാലത്ത് വരികളിലൂടെ മനുഷ്യരോട് ആശയ വിനിമയം നടത്തുന്ന രചനകൾക്ക് എന്നും പ്രസക്തിയുണ്ട്. പ്രവാസി മലയാളിയുടെ എഴുത്തിനും വായനക്കും പ്രോത്സാഹനമായാണ് ഗ്ലോബൽ കലാലയം സാംസ്കാരിക വേദി പുരസ്‌കാരം നൽകുന്നത്. യുഎഇ യിൽ നിന്നുള്ള ഹുസ്ന റാഫിയുടെ ‘ആൻഫ്രാങ്ക്’ കഥ പുരസ്‌കാരത്തിനും അഡ്വ. അജ്മൽ റഹ്മാന്റെ ‘ആശുപത്രിയിലെ കുട്ടി’ കവിത പുരസ്‌കാരത്തിനും അർഹത നേടി.
സോമൻ കടലൂർ, നജീബ് മൂടാടി, അഹ്‌മദ് കെ മാണിയൂർ, കട്ടയാട് മുഹമ്മദ് സഖാഫി, മുഹമ്മദ് ജൗഹരി കടക്കൽ, തസ്‌ലീം കൂടരഞ്ഞി എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാരത്തിനർഹമായ രചനകൾ തിരഞ്ഞെടുത്തത്. പുരസ്‌കാര ജേതാക്കള്‍ക്ക് പ്രവാസി സാഹിത്യോത്സവ് വേദിയിൽ ഫലകവും അനുമോദനപത്രവും നൽകും.