കുവൈത്ത് സിറ്റി: ഭാരതീയ സംസ്‌കൃതിയുടെ ബഹുസ്വരതക്കും സ്വത്വത്തിനും വിഘാതം സൃഷ്ടിക്കുകയും ആവിഷ്‌കാരങ്ങള്‍ക്ക് കൂച്ചുവിലങ്ങിടുകയും ചെയ്യുന്ന ഇക്കാലത്ത്, സംവാദാത്മകവും മാനവികമൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമായ ആവിഷ്‌കാരങ്ങള്‍ക്ക് പ്രാധാന്യം വര്‍ദ്ധിച്ചു വരികയാണെന്ന് പ്രമുഖ എഴുത്തുകാരനും കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ കെപി. രാമനുണ്ണി അഭിപ്രായപ്പെട്ടു. കലാലയം സാംസ്‌കാരിക വേദി കുവൈത്ത് സംഘടിപ്പിച്ച സര്‍ഗ്ഗസംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാനസികവും ബുദ്ധിപരവും ആത്മീയവുമായ എല്ലാ സ്വത്വങ്ങളേയും നിരാകരിച്ച്, ശാരീരികമായ ഒരുസ്വത്വത്തിലേക്ക് മനുഷ്യനെ ചുരുക്കുകയും മനുഷ്യഅസ്ഥിത്വത്തിന്റെ സകലഭാവങ്ങളേയും കൊലചെയ്യപ്പെടുകയും ചെയ്യുക എന്നതാണ് ഫാസിസത്തിന്റെ രീതി ശാസ്ത്രം. ഇന്ത്യയുടെ ബഹുസ്വരതയേയും എല്ലാം സ്വാംശീകരിക്കുന്ന സ്വത്വഭാവത്തേയും ഉയര്‍ത്തിക്കാണിച്ചു കൊണ്ട് മാത്രമേ ഈവിപത്തിന് തടയിടാനാകൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സജീവ് കെ. പീറ്റര്‍, ഹംസ പയ്യന്നൂര്‍, തോമസ് മാത്യു കടവില്‍, അബ്ദുല്‍ ഫത്താഹ് തയ്യില്‍, ശരീഫ് താമരശ്ശേരി, പ്രേമന്‍ ഇല്ലത്ത്, റിയാസ് അയനം, രാജീവ് ചുണ്ടമ്പറ്റ, നിസാര്‍ കല തുടങ്ങി സാമൂഹിക സാംസ്‌കാരിക മാധ്യമരംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ സംവാദത്തില്‍ പങ്കെടുത്തു. ഐസിഎഫ് കുവൈത്ത് പ്രസിഡന്റ് അബ്ദുല്‍ ഹക്കീം ദാരിമിയുടെ അധ്യക്ഷതയില്‍ അബ്ദുല്ല വടകര കീനോട്ട് അവതരിപ്പിച്ചു. എഞ്ചിനീയര്‍ അബൂബക്കര്‍ സിദ്ദീഖ് കൂട്ടായി സ്വാഗതവും സലീം മാസ്റ്റര്‍ കൊച്ചനൂര്‍ നന്ദിയും പറഞ്ഞു.