അബുദാബി: ഇന്ത്യയുടെ ഗ്രാന്റ് മുഫ്തിയായി തെരഞ്ഞെടുക്കപ്പെട്ട സുല്‍ത്താനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ക്ക് യു എ ഇയിലെ പ്രവാസി സമൂഹം നല്‍കുന്ന പൗര സ്വീകരണം ഏപ്രില്‍ 19ന് അബുദാബി സിറ്റി ഗോള്‍ഫ് ക്ലബ് മൈതാനിയില്‍ നടക്കും. സ്വീകരണ സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സ്വാഗതസംഘം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഗ്രാന്റ് മുഫ്തിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം യു എ ഇയില്‍ എത്തുന്ന അദ്ദേഹത്തിനു യു എ ഇയില്‍ നല്‍കുന്ന ഏറ്റവും വലിയ സ്വീകരണ പരിപാടിയായിരിക്കും ഇത്. കാന്തപുരത്തിന്റെ വിദ്യാഭ്യാസ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ പ്രധാന തട്ടകമായി വര്‍ത്തിച്ച പ്രദേശം എന്ന നിലയിലാണ് യുഎഇയില്‍ പൗരസ്വീകരണം ഒരുക്കുന്നത്. പൊതുസമ്മേളനത്തില്‍ ആയിരങ്ങള്‍ പങ്കെടുക്കും.
ഇന്ത്യയില്‍ പതിറ്റാണ്ടുകളായി കാന്തപുരത്തിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന മത, വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവര്‍ത്തങ്ങളുടെ വലിപ്പവും ആഴവും അടുത്തറിഞ്ഞ രാജ്യത്തെ പ്രധാനപ്പെട്ട സുന്നീ സംഘടന നേതാക്കളാണ് ഗ്രാന്‍ഡ് മുഫ്തിയായി അദ്ദേഹത്തെ തിരഞ്ഞെടുത്തത്. ഉത്തരേന്ത്യയില്‍ സുന്നി നവജാഗരണത്തിനു നേതൃത്വം നല്‍കിയ അല്ലാമാ അഖ്തര്‍ റസാഖാന്‍ അസ്ഹരി വിടപറഞ്ഞ ഒഴിവിലേക്കാണ് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ തിരഞ്ഞെടുക്കപ്പെടുന്നത്. ഉത്തരേന്ത്യന്‍ മുസ്ലിംകളുടെ സര്‍വതോന്മുഖമായ ഉന്നമനത്തിനു പ്രയത്‌നിച്ച കാന്തപുരത്തിന് ലഭിച്ച അംഗീകാരം തെളിയിക്കുന്നതായിരുന്നു ഈ പദവി.
ഇന്ത്യന്‍ മുസ്ലിംകളുടെ മുന്നേറ്റത്തിനായി നിരവധി പദ്ധതികളും പ്രവര്‍ത്തനങ്ങളും ഡല്‍ഹി കേന്ദ്രീകരിച്ച് ഇന്ത്യയിലുടനീളം കാന്തപുരത്തിന്‍റെ നേതൃത്വത്തില്‍ നടന്നിട്ടുണ്ട്. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ, സുന്നി വിദ്യാഭ്യാസ ബോര്‍ഡ്, മര്‍കസ് തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങളിലൂടെ ഉത്തരേന്ത്യന്‍ മുസ്ലിംകളുടെ നവജാഗരണത്തിന്നാണു കാന്തപുരം തിരികൊളുത്തിയത്.
ഇസ്ലാമിക വിജ്ഞാനത്തിലുള്ള ആഴത്തിലുള്ള അറിവ്, ഹനഫീ മദ്ഹബ് അടക്കമുള്ള എല്ലാ മദ്ഹബുകളിലുള്ള കര്‍മശാസ്ത്രപരമായ ജ്ഞാനം, ഉത്തരേന്ത്യന്‍ മുസ്ലിംകളുടെ വ്യവഹാര ഭാഷയായ ഉര്‍ദുവില്‍ കാന്തപുരത്തിനുള്ള പ്രാഗത്ഭ്യം, സംഘാടന ശേഷി, 23 സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ജീവകാരുണ്യ സംരംഭങ്ങള്‍, ലോക ഇസ്ലാമിക പണ്ഡിതരും ഭരണാധികാരികളുമായുള്ള അടുത്ത ബന്ധം തുടങ്ങി മറ്റ് പണ്ഡിതന്മാരില്‍ നിന്ന് കാന്തപുരത്തെ വേര്‍തിരിക്കുന്ന വിവിധ ഘടകങ്ങളാണ് ഗ്രാന്‍ഡ് മുഫ്തി പദവിയിലേക്ക് അദ്ദേഹത്തെ തെരഞ്ഞെടുക്കുന്നതിനു നിമിത്തമായത്.
2019 ഫെബ്രുവരി 24ന് ഡല്‍ഹി രാംലീല മൈതാനിയില്‍ നടന്ന ഗരീബ് നവാസ് പീസ് കോണ്‍ഫറന്‍സില്‍ വെച്ചാണ് കാന്തപുരത്തെ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയായി പ്രഖ്യാപിച്ചത്. ഇന്ത്യയിലെ മഹാഭൂരിപക്ഷം വരുന്ന ഇസ്ലാമിക വിശ്വാസികളെ പ്രതിനിധാനം ചെയ്യുന്ന സംഘടനകളുടെയും ധൈഷണിക കൂട്ടായ്മയുടെയും സ്ഥാപന നേതൃത്വങ്ങളുടെയും സംഗമമായിരുന്നു അത്. വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു നൂറില്‍ പരം നേതാക്കള്‍ കാന്തപുരത്തെ ഗ്രാന്‍ഡ് മുഫ്തിയാക്കുന്ന ചടങ്ങിനെത്തിയിരുന്നു. ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ സജീവമായ ബറേല്‍വി പണ്ഡിതര്‍, ലക്നോയിലെ പണ്ഡിതര്‍, അശ്റഫിയ പണ്ഡിതര്‍, അജ്മീര്‍ ശരീഫ്, ഡല്‍ഹി നിസാമുദ്ദീന്‍ ദര്‍ഗ, ഗുജറാത്ത്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രധാന ഉലമാക്കള്‍ എല്ലാം ചേര്‍ന്ന സമ്മേളനമായിരുന്നു അത്.
അബുദാബി എമിഗ്രേഷന് സമീപത്തെ സിറ്റി ഗോള്‍ഫ് ക്ലബ്ബില്‍ നടക്കുന്ന പരിപാടിയില്‍ യു എ ഇ ഭരണരംഗത്തെ പ്രമുഖര്‍, വാണിജ്യ സാംസ്‌കാരിക വ്യക്തിത്വങ്ങള്‍ പൗര പ്രമുഖര്‍, നേതാക്കള്‍ സംബന്ധിക്കും. പരിപാടി വിജയിപ്പിക്കുന്നതിനു വിപുലമായ സ്വാഗതസംഘം രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. ഐ സി എഫ് നാഷനല്‍ കമ്മിറ്റിക്ക് കീഴില്‍ ആര്‍ എസ് സി, കെ സി എഫ്, മര്‍കസ്, വിവിധ സ്ഥാപന കമ്മിറ്റികള്‍ തുടങ്ങിയവയുടെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്.
വിവിധ എമിറേറ്റുകളില്‍ പ്രാദേശിക സ്വാഗതസംഘവും വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു പ്രവര്‍ത്തനം ആരംഭിച്ചു. പരിപാടിയില്‍ പങ്കെടുക്കുന്നതിന് ദുബൈ, ഷാര്‍ജ, അജ്മാന്‍, റാസല്‍ഖൈമ, ഫുജൈറ, അല്‍ ഐന്‍, ഈസ്റ്റ് കോസ്റ്റ്, ഉമ്മുല്‍ ഖുവൈന്‍, മുസഫ്ഫ, ബനിയാസ്, അബുദാബിയുടെ പടിഞ്ഞാറന്‍ മേഖല തുടങ്ങി യുഎഇയുടെ എല്ലാ ഭാഗങ്ങളില്‍ നിന്നും വാഹന സൗകര്യവും ഒരുക്കിയിട്ടുണ്ട്. വാര്‍ത്താ സമ്മേളനത്തില്‍ ഡോ. മുഹമ്മദ് ഖാസിം, അബ്ദുറഹ്മാന്‍ അബ്ദുല്ല ഹാജി, ശരീഫ് കാരശ്ശേരി, ഉസ്മാന്‍ സഖാഫി തിരുവത്ര പങ്കെടുത്തു.