സാംസ്കാരിക ഉണർവുകളേകി ഓൺലൈൻ കലാശാല മുന്നേറുന്നു

ദുബൈ: അറിവ് കരസ്ഥമാക്കുകയും അവ പകർന്നു നൽകുകയും ഒരു സംവാദാത്മക സാംസ്കാരിക ബോധം സൃഷ്ടിക്കുകയും ചെയ്തുകൊണ്ട് കലാലയം സാംസ്കാരിക വേദി യു.എ.ഇ യുടെ ഓൺലൈൻ കലാശാല മുപ്പത്തിയഞ്ച് അധ്യായങ്ങൾ പൂർത്തിയാക്കി മുന്നേറുന്നു. സാമൂഹ്യമാധ്യമങ്ങൾ ജീവിതത്തിന്റെ ഒഴിച്ചുകൂടാനാകാത്ത ഘടകമായി മാറിയ ഇക്കാലത്ത് എല്ലാ ബുധനാഴ്ചകളിലും വ്യവസ്ഥാപിതമായി വാട്സ്ആപ്പിൽ സംഘടിപ്പിച്ച കലാശാല പുത്തനുണർവും നവ്യാനുഭവവുമാണ് അംഗങ്ങൾക്ക് സമ്മാനിച്ചത്.

 

സമകാലികം, കലാ-സാഹിത്യം, സാമൂഹികം, സാംസ്കാരികം തുടങ്ങി വ്യത്യസ്ത തലങ്ങളെ അധികരിച്ച് നടത്തിയ ചർച്ചകളിൽ പ്രവാസത്തിലെയും കേരളത്തിലെയും പ്രമുഖ വ്യക്തിത്വങ്ങളാണ് അംഗങ്ങളുമായി സംവദിച്ചത്. ഇ.കെ.ദിനേശൻ, മുരളി മംഗലത്ത്, സത്യൻ മാടാക്കര, ടി എ അലി അക്ബർ, ലുഖ്മാൻ വിളത്തൂർ, ഫൈസൽ ബാവ, ഉണ്ണി കുലുക്കല്ലൂർ, റഹീം മേച്ചേരി, അസ്ഹർ പത്തനംതിട്ട, മുഹമ്മദലി കിനാലൂർ, പവിത്രൻ തീക്കുനി, ഡോ:കെ.വി.തോമസ് തുടങ്ങിയവർ ഇതിനകം ഓൺലൈൻ കലാശാലയുടെ ഭാഗമായി.

മാപ്പിളപ്പാട്ട് പഠനം, പുസ്തകചർച്ച, ഭാഷാപഠനം, ബജറ്റും പ്രവാസികളും, വിദ്യാർത്ഥി വിചാരം, ജനാധിപത്യം, നവോത്ഥാനം, സ്വാതന്ത്ര്യസമരചരിത്രം, കോടതിവിധികൾ, കഥാ – കവിത ചർച്ച തുടങ്ങി വൈവിധ്യ വിഷയങ്ങളിൽ നടന്ന ചർച്ചകളും പരിശീലനങ്ങളും അംഗങ്ങളുടെ അറിവിനെയും കഴിവിനെയും പരിപോഷിപ്പിച്ചു. വായനക്ക് പ്രോത്സാഹനം നൽകിയും എഴുത്തിന്റെ വഴികളിലേക്ക് കൈപിടിച്ചു നടത്തിയും സംവാദാത്മക ചിന്തകൾക്ക് ചൂടുപിടിപ്പിച്ചും റമളാനിനുശേഷം ഏറെ പുതുമകളോടെ കലാശാല തുടരുമെന്ന് അഡ്മിൻ പാനൽ അറിയിച്ചു.

Leave a Reply